ഏപ്രിലിലെ നീല വസന്തം ; മൂന്നാറിലെ ജക്കറാന്ത കാലം

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവ്വകലാശാല വിദ്യാർഥികൾക്കിടയിൽ ഒരു വിശ്വാസമുണ്ട് … വർഷാന്ത്യ പരീക്ഷയ്ക്കായി സർവകലാശാലാ ഹാളിലേക്കുള്ള നീണ്ട നടത്തത്തിനിടയിൽ ഇരുവശവും പൂത്തുലഞ്ഞ് നിൽക്കുന്ന ജക്കറാന്ത മരങ്ങളിലെ പൂക്കൾ ദേഹത്ത് കൊഴിഞ്ഞ് വീണാൽ ഉയർന്ന മാർക്ക് ഉറപ്പാണത്രേ…

വിശ്വാസത്തിന്റെ യുക്തിയെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ല. എത്രയധികം സംഘർഷഭരിതമായ മനസിനേപ്പോലും അരമിനുട്ട് നേരം കൊണ്ട് ശാന്തമാക്കാൻ കഴിയുന്നൊരു അപാരത ജക്കറാന്തയുടെ വിശാലനീലിമയ്ക്കുണ്ട്.

പ്രിട്ടോറിയ നഗരത്തെ നീലക്കടലാക്കുന്ന ആ ജക്കറാന്ത വസന്തത്തിന്റെ ഒരു ചെറുപതിപ്പ് കടലും കടന്ന് മൈലുകൾക്കിപ്പുറം നമ്മുടെ മൂന്നാറിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്നു, മൂന്നാറിനും മറയൂരിനുമിടയിൽ വാഗവരയിൽ ചിലതൊക്കെ കാണുമ്പോൾ മനുഷ്യൻ സ്വയം മറക്കുമെന്ന് പറയാറില്ലേ, അതുപോലെ… വാഗവരൈയിൽ നാം ഭാരമില്ലാത്തവരാകും…
ആഴങ്ങളിലേക്ക് ഊളിയിട്ട്, പിന്നെ ഉയർന്ന് പൊങ്ങി, അങ്ങനെ നീല പൂങ്കുലകൾക്കിടയിലൂടെ…

ജക്കറാന്തയുടെ മലയാളം നീലവാഗയെന്നാണ്. വരൈ എന്നാൽ തമിഴിൽ പാറക്കൂട്ടങ്ങളെന്നും. വാഗവരെ എന്ന പേര് ആ ഗ്രാമത്തിന് സമ്മാനിച്ചതപ്പോൾ ഈ പൂമരമാണെന്ന് വാമൊഴി…

പേരിനു പിന്നിലെ കഥയെന്തായാലും തേയില നട്ട സായിപ്പിന്റെ സംഭാവനയാണ് ജക്കറാന്തയും… സായിപ്പ് കാലം പോകെ മണ്ണായി മാറി… തോട്ടങ്ങൾക്ക് മോടി കൂട്ടാൻ തൂത്തുക്കുടിയിൽ കപ്പലിറങ്ങിയ ജക്കറാന്ത തൈകൾ പക്ഷേ മൂന്നാറിലെ മണ്ണിലങ്ങനെ വേരാഴ്ത്തി പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്.

ഇലകളില്ല, പൂക്കൾ… നീല പൂക്കൾ…
ഒരു പ്രദേശമാകെ പൂക്കൾ മാത്രം …
ഇത് ഏപ്രിലിന്റെ സമ്മാനമാണ്… മൂന്നാറിന്റെ പ്രണയാർദ്രമായ ചേർത്തുപിടിക്കലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here