സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര; അന്വേഷണം വേണമെന്ന് സംഘടനകള്‍

ബാങ്കിങ്ങ് മേഖലയിലെ ജോലി സമ്മർദ്ദവും പുത്തൻ ബാങ്കിങ് നയങ്ങളുടെ പ്രത്യാഘാതവും വെളിവാക്കുന്നതാണ് കണ്ണൂർ തൊക്കിലങ്ങാടിയിൽ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്ത സംഭവം. പുതിയ ബാങ്കിങ് നയങ്ങളുടെ ഇരയായ സ്വപ്നയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാകുകയാണ്.സ്വപ്നയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

“ഓരോ ബാങ്ക് ജീവനക്കാരനും ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതവും പേറിയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. വലിയ ദാരുണമായ അപകടങ്ങൾ ഉണ്ടാകാവുന്ന കേന്ദ്രങ്ങളായി ബാങ്ക് ശാഖകൾ മാറുകയാണ്”.

ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയിൽ കാനറ, സിൻഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയനുകൾ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബാങ്കിങ്ങ് ജീവനക്കാർ നേരിടേണ്ടി വരുന്ന കടുത്ത സമ്മർദ്ദം എത്രയെന്ന് വ്യകതമാകുന്ന ഈ വാക്കുകൾ. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും പുത്തൻ പരിഷ്കാരങ്ങളും ബാങ്ക് ജീവനക്കാരുടെ ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമായി ഉയർത്തിയിരിക്കുകയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റി അംഗം അമൽ രവി പറഞ്ഞു.

ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളായി ബാങ്കുകൾ മാറിയതോടെയാണ് ജീവനക്കാരുടെ ജോലി സമർദ്ദം ഇരട്ടിയായത്.ലാഭം മാത്രം ലക്ഷ്യം വച്ച് അടച്ചേല്പിക്കുന്ന ടാർഗറ്റുകൾ ജീവനക്കാർക്ക് താങ്ങാൻ കഴിയാത്തതാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

കാനറ ബാങ്ക് കൂത്തുപറമ്പ തോക്കിലങ്ങാടി ശാഖാ മാനേജർ കെ എസ് സ്വപ്ന ബാങ്കിനകത്ത് തൂങ്ങി മരിച്ചതിൻ്റെ ഞെട്ടലിലാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാർ. ജോലി സമ്മർദ്ദമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ ഭർത്താവ് മരിച്ച സ്വപ്നയുടെ തണലിലായിരുന്നു മക്കളായ രണ്ട് പിഞ്ച് കുട്ടികൾ. സ്വപ്നയുടെ മരണത്തോടെ കുട്ടികൾ അനാഥരായതിൻ്റെ വേദനയിൽ കൂടി കടന്ന് പോവുകയാണ് കുടുംബവും നാട്ടുകാരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here