മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗണിലേക്ക്; മുംബൈയിൽ സമ്മിശ്ര പ്രതികരണം

കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് എട്ടുമുതൽ 14 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത തെളിയുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഉന്നതോദ്യോഗസ്ഥരുമായി ആലോചിച്ചശേഷം രണ്ട് ദിവസത്തിനുള്ളിൽ ലോക്ക് ഡൌൺ തീരുമാനം പ്രഖ്യാപിക്കാനാണ് തീരുമാനം

പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി. മാത്രമാണ് പൂർണ ലോക്ഡൗണിനെ എതിർത്തത്. എന്നാൽ ഇനി ലോക്ക് ഡൗൺ മാത്രമാണ് മുന്നിലുള്ള പരിഹാര മാർഗമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയത് .

നിയന്ത്രണങ്ങളോടൊപ്പം തന്നെ ഇളവുകളും പ്രഖ്യാപിച്ചാൽ കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ കോൺഗ്രസ്, എൻ.സി.പി. നേതാക്കളും മന്ത്രിമാരും അനുകൂലിക്കുകയും ചെയ്തു.

നഗരത്തിലെ ചേരി പ്രദേശങ്ങളിൽ ആയിരങ്ങൾ ഭക്ഷണമില്ലാതെ വലയുമെന്നും അവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കണമെന്നുമായിരുന്നു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിന്റെ അഭിപ്രായം.

കച്ചവടക്കാർക്കും മറ്റും ഒരുവർഷം നഷ്ടപ്പെട്ട അവസ്ഥയിൽ ലോക്ഡൗൺ അവർക്ക് ചിന്തിക്കാൻ കഴിയാത്തതാണെന്നും ഇതിന്റെ പേരിൽ വലിയ പ്രതിഷേധം തന്നെ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രാ നവനിർമാൺ സേനയും ലോക്ക് ഡൗണിനെ പിന്തുണച്ചില്ല.

ഉപമുഖ്യമന്ത്രി അജിത് പവാർ, മന്ത്രിമാരായ ബാലാസാഹേബ് തോറാട്ട്, അശോക് ചവാൻ എന്നിവരും കൂടാതെ നിരവധി നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

ആരോഗ്യവകുപ്പ് സെക്രട്ടറിയും വകുപ്പ് ഉദ്യോഗസ്ഥരും 14 ദിവസത്തെ ലോക്ഡൗൺ തീരുമാനത്തെ അനുകൂലിക്കുന്നവരാണ്. കോൺഗ്രസും ഇതിനെ അനുകൂലിക്കുന്നതിനാൽ സർക്കാർ ഈ തീരുമാനത്തിലേക്ക് പോകാനാണ് കൂടുതൽ സാധ്യത.

എന്നാൽ ലോക്ക് ഡൌൺ ഒരു പരിഹാരമല്ലെന്ന അഭിപ്രായവും പൊതു സമൂഹത്തിൽ ഉയരുന്നുണ്ട്. പ്രധാനമായും ചെറുകിട കച്ചവടക്കാരാണ് ലോക്ക് ഡൌൺ നടപടിയെ എതിർക്കുന്നത്.

പോയ വർഷത്തെ ലോക്ക് ഡൌൺ മൂലമുണ്ടായ നഷ്ടങ്ങൾ നികത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ഇവരെല്ലാം പറയുന്നു. ഇനിയുമൊരു ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ലെന്നാണ് അശോക് ജാദവ് പറയുന്നത്.

മുംബൈയിൽ ദിവസ വരുമാനത്തിൽ ജീവിക്കുന്ന വലിയൊരു വിഭാഗത്തെ ലോക്ക് ഡൌൺ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമൂഹിക പ്രവർത്തകനായ രമേശ് അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും സർക്കാരിന് മുൻപിൽ മറ്റൊരു പ്രതിവിധിയില്ലെന്നും രമേശ് ന്യായീകരിക്കുന്നു .

ലോക് ഡൗൺപ്രഖ്യാപിക്കും മുമ്പ് ആദ്യം കണ്ടെത്തേണ്ടത് രോഗം ഇത്രവേഗം വ്യാപിക്കാനുള്ള കാരണമെന്തെന്നാണെന്ന് മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ രാജൻ കിണറ്റിങ്കര പറയുന്നു.

നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ പുറത്തിറങ്ങി നടന്നതാണോ? ബോധവൽക്കരണത്തിൽ വന്ന പാളിച്ചയാണോ? വാക്സിൻ സെൻ്ററുകളിൽ ആളുകൾ കൂട്ടമായി എത്തിയതാണോ? അതോ രോഗത്തെ നിസ്സാരമായി ജനം കാണാൻ തുടങ്ങിയതാണോ? ഒട്ടേറെ ചോദ്യങ്ങൾക്കാണ് ആദ്യം ഉത്തരം തേടേണ്ടതെന്നും രാജൻ ഓർമിപ്പിക്കുന്നു.

നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്ത ലോക് ഡൗൺ മറ്റൊരു പ്രഹസനം മാത്രമായിരിക്കുമെന്നും രാജൻ മുന്നറിയിപ്പ് നൽകി. അടിയന്തിരമായി ചെയ്യേണ്ടത് കോവിഡ് ചികിത്സക്കുള്ള സൗകര്യങ്ങൾ കൂടുതൽ ആശുപത്രികളിൽ ലഭ്യമാക്കുകയാണ്.

രോഗിയുമായി ആശുപത്രികൾ കയറിയിറങ്ങി മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നത് ദയനീയമായ അവസ്ഥയാണെന്നും രാജൻ ഓർമിപ്പിച്ചു.

പോയ വർഷം ലോക്ക് ഡൌൺ ഏർപ്പെടുത്തിയത് പോലെയാകില്ല വീണ്ടുമൊരു ലോക്ക് ഡൌൺ എന്നാണ് മുംബൈയിലെ സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ പി കെ ലാലി പറയുന്നത്.

സമ്പൂർണ ലോക്ക് ഡൌൺ നിലവിലെ സ്ഥിതിക്ക് പരിഹാരമാകില്ലെന്നും ലോക്ക് ഡൌൺ ഭീതിയിൽ ഇതിനകം തന്നെ അന്യ സംസ്ഥാന തൊഴിലാളികൾ നഗരം വിട്ടു ജന്മനാടുകളിലേക്ക് മടങ്ങി തുടങ്ങിയെന്നും ലാലി പറഞ്ഞു.

വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയാകും ലോക്ക് ഡൌൺ ഉണ്ടാക്കുകയെന്നും ലാലി ഓർമിപ്പിച്ചു. ഓഫീസുകളിലെ സമയക്രമം പുനഃക്രമീകരിച്ചു തിരക്കൊഴിവാക്കാൻ ശ്രമിക്കുകയും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരികയുമാണ് പ്രയോഗികമായ നടപടിയെന്നും ലാലി കൂട്ടിച്ചേർത്തു.

എത്രനാൾ ജനങ്ങൾക്ക് മേൽ ലോക്ക്ഡൗൺ ചുമത്തുമെന്നാണ് സ്വകാര്യം സ്ഥാപനം നടത്തുന്ന കെ സുധാകരൻ നായർ ചോദിക്കുന്നത്. ഇതിനകം 10 മാസത്തോളം ലോക്കഡൗണിൽ കഴിഞ്ഞിട്ടും കോവിഡ് ഇപ്പോഴും സജീവമാണെന്ന ആശങ്കയാണ് സുധാകരൻ നായർ പങ്കു വയ്ക്കുന്നത്. .

നിയന്ത്രണങ്ങൾ പരിഹാരമാണ്, കാരണം ലോക്ക് ഡൌൺ സർക്കാരിനും സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാധാരണക്കാർക്കും വലിയ സാമ്പത്തിക നഷ്ടമായിരിക്കും.

ശമ്പളം നൽകാൻ പ്രൈവറ്റ് സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാരിനു കഴിയുമോ? ആളുകൾ തൊഴിലില്ലാത്തവരാണെങ്കിൽ അവർ പണം സമ്പാദിക്കാൻ തെറ്റായ വഴിയിലൂടെ പോകുമെന്നാണ് സുധാകരൻ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News