തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിച്ചു; ആന്റോ ആന്റണി എംപിക്കെതിരെ അടൂരില്‍ പടയൊരുക്കം

നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആന്റോ ആന്റണി എംപിക്കെതിരെയുള്ള പടയൊരുക്കം ശക്തമായി. അടൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് ആരോപണം ഉന്നയിച്ചത്. അടൂര്‍ മണ്ഡലത്തില്‍ ദേശീയ, -സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്താനുള്ള തീരുമാനം ആന്റോ ആന്റണി അട്ടിമറിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ അടൂരിലെ ഉന്നത നേതാക്കള്‍ ആരോപണം ഉന്നയിച്ചു. മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമെന്നറിയിച്ച നേതാക്കളെ മറ്റ് മണ്ഡലങ്ങളിലേക്ക് കൊണ്ടുപോയതായി ഇവര്‍ ഉന്നയിച്ചു. ശശി തരൂര്‍ പന്തളത്ത് എത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് പൊതുയോഗവും റോഡ് ഷോയും സംഘടിപ്പിച്ചെങ്കിലും അവസാന നിമിഷം എംപി ഇടപെട്ട് പൂഞ്ഞാറിലേക്ക് കൊണ്ടുപോയി. രാഹുല്‍ ഗാന്ധിയുടെ പരിപാടി അടൂരില്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അതും തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടൂരിലെത്തിയപ്പോഴുണ്ടായ ജനസഞ്ചയത്തെ മറികടക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ കഴിയുമെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ അട്ടിമറിച്ചു. തുടങ്ങിയവയാണ് ആരോപണങ്ങള്‍.

പ്രചാരണത്തിന്റെ ചുമതല ഉണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സൈമണ്‍ തോമസിന്റെ സാന്നിധ്യത്തിലായിരുന്നു യുഡിഎഫ് അവലോകന യോഗം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരനാണ് എംപിക്കെതിരെ ആദ്യവിമര്‍ശം ഉന്നയിച്ചത്. പിന്നീട് മറ്റ് നേതാക്കളും ഇത് ഏറ്റുപിടിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടൂരില്‍ മൂന്നാം സ്ഥാനത്ത് പോയത് മുതല്‍ ആന്റോ ആന്റണിയും അടൂരിലെ കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര രസത്തിലായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോയതിന്റെ പൂര്‍ണ ഉത്തരവാദിത്തം അടൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്ന് ആന്റോ ആന്റണി നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here