ഫഹദിന് ഫിയോക്കിന്‍റെ താക്കീത്; തുടര്‍ച്ചയായി ഒടിടി റിലീസുകളില്‍ അഭിനയിച്ചാല്‍ തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തും

തുടർച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിന് വിലക്കേർപ്പെടുത്തുമെന്ന് സിനിമാ തീയേറ്റര്‍ സംഘടനയായ ഫിയോക്ക്. അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാൻ സഹകരിച്ചാൽ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നൽകിയത്.

ഇനി ഒ.ടി.ടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പെടെയുള്ള സിനിമകളുടെ തീയറ്റർ റിലീസിന് വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിയോക് അറിയിച്ചു.

ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച് സംഘടനയുടെ തീരുമാനം അറിയിക്കുകയായിരുന്നു. ഫിയോക്കിന്റെ പുതിയ സിമിതിയുടെ യോഗത്തിന് ശേഷമാണ് തീരുമാനം.

എന്നാല്‍ ഒ.ടി.ടിയില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാന്‍ ക‍ഴിയില്ലെന്ന് ഫഹദ് മറുപടി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഫഹദ് അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.

ഈ മാസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഫഹദിന്റെ ‘ജോജി’യും നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ‘ഇരുളും’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ലോക്ക്ഡൗണില്‍ ഒ.ടി.ടിയിൽ ഇറങ്ങിയ സീയൂ സൂണ്‍ എന്ന ചിത്രവും മികച്ച വിജയം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here