ADVERTISEMENT
റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ കരാര്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് എം എല്‍ ശര്‍മ്മ അറിയിച്ചു. ഹര്‍ജി വേഗത്തില്‍ പരിഗണിക്കാമെന്ന് ചിഫ് ജസ്റ്റിസ് എസ് എ ബോബഡെയുടെ ഉറപ്പ്.
റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന പുതിയ വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പുതിയ ഹര്‍ജിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസ്സോ കമ്പനിയില്‍ നടന്ന ഓഡിറ്റില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍(എഎഫ്എ) കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
2016-ല്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഫാല്‍ വിമാനങ്ങളുടെ 50 പകര്‍പ്പുകള്‍ നിര്‍മിക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസ്സോയുടെ വിശദീകരണമെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ മറ്റോ ദസ്സോയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Get real time update about this post categories directly on your device, subscribe now.