സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു ; പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഹാളിനുള്ളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കാവൂ. ഹാളിന് പുറത്ത് 200 പേര്‍ മാത്രമേ പാടുള്ളൂ. വിവാഹങ്ങള്‍ക്കുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്.

പാക്കറ്റ് ഭക്ഷണം മാത്രമേ പാടുള്ളൂ. ഹോട്ടലുകളിലും തീയറ്ററുകളിലും 50 ശതമാനം പേര്‍ മാത്രമെ പാടുള്ളു.മേഗാ മേളകള്‍ക്കും ഷോപ്പിംഗ് ഫെസ്റ്റിവലിനും നിരോധനം ഏര്‍പ്പെടുത്തി. രോഗികള്‍ പരമാവധി ഇ സഞ്ചീവിനി ഉപയോഗിക്കണമെന്നും നിര്‍ദേശം. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണം കൂട്ടും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം, കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News