രതീഷിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്; നാലാം പ്രതി കൊലചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ലീഗിനെ സഹായിക്കാന്‍

മൻസൂർ കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. മരണത്തിന് തൊട്ട് മുമ്പ് ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

അതേ സമയം മകന്‍റെ മരണത്തിന് ഉത്തരവാദികൾ ലീഗുകാരാണെന്നും നടപടി വേണമെന്നും അവശ്യപെട്ട് അമ്മ ജാനകി കൂലോത്ത് ഡിജിപി ക്ക് പരാതി നൽകി. നാലാം പ്രതി ശ്രീരാഗ് കൊല ചെയ്യപ്പെട്ടുവെന്ന വ്യാജ വാർത്ത ലീഗിന് വേണ്ടിയുള്ള ഗൂഢാലോചനയാണെന്ന് എം വി ജയരാജൻ പ്രതികരിച്ചു.

രതീഷിന്‍റെ മരണം നടന്ന സ്ഥലത്ത് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ബല പ്രയോഗം നടന്നതിന്‍റെ തെളിവുകളൊന്നും ലഭിച്ചില്ല. രതീഷിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്ന ക്ഷതങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ സംഘർഷത്തിൽ പറ്റിയതാകാം എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

അതേ സമയം രതീഷിന്‍റെ അമ്മ ഡി ജി പി ക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസം ലീഗുകാർ മർദ്ദിച്ചതായി മകൻ പറഞ്ഞിരുന്നു. ഇതിന്‍റെ ശാരീരിക അവശതകൾ ഉണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

കേസിൽ അന്യായമായി പ്രതി ചേർത്തിൽ മനം നൊന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്നും കാരണക്കാരായ ലീഗ് പ്രവർത്തകർക്ക് എതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. പാനൂർ സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും നാലാം പ്രതി ശ്രീരാഗ് കൊല്ലപ്പെട്ടുവെന്ന വാർത്ത ലീഗിനെ സഹായിക്കാനാണെന്നും എം വി ജയരാജൻ പറഞ്ഞു

രതീഷിന്റെ അമ്മയുടെ പരാതിയിൽ ഗൗരവമായ അന്വേഷണം വേണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.ലീഗ് പ്രവർത്തകരുടെ മൊഴി അടിസ്ഥാനമാക്കി സംഭവവുമായി ബന്ധമില്ലാത്തവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യുന്നതിനോട് സി പി ഐ എമ്മിന് എതിർപ്പില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News