ചത്തീസ്‌ഗഢിലെ സർക്കാർ ആശുപത്രിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു

കൊവിഡ്‌‌ രണ്ടാംതരംഗം ഏറ്റവുമധികം ബാധിച്ച 10 സംസ്ഥാനങ്ങളിൽ ഒന്നായ ചത്തീസ്‌ഗഢിൽ ഇതുവരെ 4,43,297 കേസുകളും 4,899 മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.
കൊവിഡ്‌‌ രണ്ടാംതരംഗം പിടിമുറുക്കിയ ചത്തീസ്‌ഗഢിലെ സർക്കാർആശുപത്രിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. സംസ്ഥാനത്തെ വലിയആശുപത്രി കൂടിയായ റായ്‌പുരിലെ ഭീംറാവു അംബേദ്‌കർ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല. ഫ്രീസറുകൾ നിറഞ്ഞതിനാൽ ആശുപത്രി വരാന്തയിലും നിലത്തും നിരവധി മൃതദേഹങ്ങൾ വെള്ളപുതപ്പിച്ച്‌ കിടത്തിയിരിക്കുന്നു.

നിലവിലുള്ള മൃതദേഹങ്ങൾ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കുന്നതിന്‌ മുമ്പ്‌‌ പുതിയ മരണങ്ങൾ സംഭവിക്കുന്നതിനാൽ ആശുപത്രി മോർച്ചറിയിൽ സ്ഥലമില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം. കോവിഡ്‌ കാരണം മരിച്ചവരുടെ മൃതദേഹങ്ങൾ അർഹിച്ച ആദരവോടെ സംസ്‌കരിക്കണമെന്ന്‌ സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവുകൾ നിലവിലുണ്ട്‌. എന്നാൽ, കൊവിഡ്‌ കേസുകളും മരണങ്ങളും ഒരോദിവസവും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഗത്യന്തരമില്ലെന്ന്‌ ആശുപത്രി അധികൃതർ പറയുന്നു.

‘ഒറ്റയടിക്ക്‌ ഇത്രയും മരണങ്ങൾ സംഭവിക്കുമെന്ന്‌ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലല്ലോ?. സാധാരണ ഗതിയിലുണ്ടാകുന്ന മരണങ്ങളിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ വേണ്ട ഫ്രീസറുകൾ ഇവിടെയുണ്ട്‌. എന്നാൽ, ഒന്നും രണ്ടും മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്ന സ്ഥലത്ത്‌ ഇപ്പോൾ 10–-20 മരണങ്ങൾ വരെ സംഭവിക്കുന്നു. 10–-20 മൃതദേഹങ്ങൾക്കുള്ള സ്ഥലം കഷ്ടിച്ച്‌ ഉണ്ടാക്കിയാൽ അടുത്ത ദിവസം 50–-60 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. അവർക്കെല്ലാം വേണ്ട സംവിധാനം ഇവിടെയില്ലെന്നത്‌ വസ്‌തുതയാണ്‌’–- റായ്‌പുർ ചീഫ്‌മെഡിക്കൽ ആൻഡ്‌ ഹെൽത്ത്‌ ഓഫീസർ മീരാഭാഗേൽ പ്രതികരിച്ചു.

കൊവിഡ്‌‌ ഒന്നാം തരംഗം വിജയകരമായി മറികടന്നെന്ന ആശ്വാസത്തിൽ കഴിയുമ്പോഴാണ്‌ രണ്ടാം തരംഗം ആഞ്ഞടിക്കുന്നത്‌. രോഗികളുടെ നില ചുരുങ്ങിയ സമയത്തിൽ വഷളാകുന്നു. ഹൃദയാഘാതവും മറ്റുമുണ്ടായി അവർ മരണത്തിന്‌ കീഴടങ്ങുന്നു–- അവർ കൂട്ടിച്ചേർത്തു.

റായ്‌പുർ നഗരത്തിൽ മാത്രം പ്രതിദിനം 55 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നുണ്ടെന്നാണ്‌ ഔദ്യോഗികകണക്ക്‌. ഇതിൽ ഭൂരിപക്ഷവും കോവിഡ്‌ രോഗികളുടേതാണ്‌. കോവിഡ്‌ രണ്ടാംതരംഗം ഏറ്റവുമധികം ബാധിച്ച 10 സംസ്ഥാനങ്ങളിൽ ഒന്നായ ചത്തീസ്‌ഗഢിൽ ഇതുവരെ 4,43,297 കേസുകളും 4,899 മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. മിക്ക ആശുപത്രികളിലെയും തീവ്രപരിചരണവിഭാഗങ്ങളിൽ നിറയെ രോഗികളാണ്‌. വരുംദിവസങ്ങളിൽ 100 ശതമാനം ആശുപത്രികിടക്കകളും നിറയുമെന്ന ആശങ്കയും ആരോഗ്യവിഭാഗത്തിനുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here