
കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ധര്‍ണ നടത്തി. പതിനാല് ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തില്‍ കാനറ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ക്ക് മുന്‍പില്‍ ആയിരുന്നു പ്രതിഷേധം. ബാങ്കിങ് മേഖലയെ കോര്‍പ്പറേറ്റുവല്‍കരിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയം തിരുത്തണം എന്നാവശ്യപ്പെട്ട് ആണ് ഡിവൈഎഫ്‌ഐ പ്രതിഷേധം.
കഴിഞ്ഞ ഒന്‍പതാം തിയ്യതി ആണ് തൃശൂര്‍ മണ്ണുത്തി സ്വദേശിനിയായ സ്വപ്ന കണ്ണൂരില്‍ ആത്മഹത്യ ചെയ്തത്. ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്ന കനറാ ബാങ്കിന്റെ തൊക്കിലങ്ങാടി ബ്രാഞ്ചിനുള്ളില്‍ ആണ് സ്വപ്നയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനകീയ ബാങ്കിംഗ് എന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തതിന്റെ ഫലമായാണ് ജീവനക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ജീവനൊടുക്കേണ്ടി വന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ ആക്കി ജനങ്ങളെയും ജീവനക്കാരെയും കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എറണാകുളത്ത് ധര്‍ണ ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.
ബാങ്കുകള്‍ ആത്മഹത്യാ മുനമ്പാകുന്നു എന്നും ബാങ്കിങ്ങിലെ കേന്ദ്ര നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് ആണ് ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കനറാ ബാങ്കിന്‍ മുന്നില്‍ ധര്‍ണ നടത്തിയത്. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി അന്‍്ശാദ്, പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here