രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം 131 എംഎൽഎമാർക്ക്

‌കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്ക്‌ തെരഞ്ഞെടുപ്പ്‌ 30ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം 131 എംഎൽഎമാർക്ക്‌. 140 പേരിൽ നാല്‌ പേര്‌ മരിക്കുകയും മൂന്ന്‌ പേർ രാജിവെക്കുകയും ചെയ്‌തു. രണ്ട്‌ പേർക്ക്‌ വോട്ടവകാശവുമില്ല. 34 ആദ്യവോട്ട്‌ കിട്ടുന്നവർ തെരഞ്ഞെടുക്കപ്പെടും. നിലവിലെ കക്ഷിനില അനുസരിച്ച്‌ എൽഡിഎഫിന്‌ രണ്ടുപേരെയും യുഡിഎഫിന്‌ ഒരാളെയും വിജയിപ്പിക്കാം. അതോടെ യുഡിഎഫിന്‌ ഒരംഗത്തെ നഷ്‌ടപ്പെടും.

തോമസ്‌ ചാണ്ടി ( കുട്ടനാട്‌) എൻ വിജയൻപിള്ള (ചവറ), സി എഫ്‌ തോമസ്‌ ( ചങ്ങനാശ്ശേരി), കെ വി വിജയദാസ്‌ (കോങ്ങാട്‌) എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ ഒഴിവിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്നിട്ടില്ല. പി സി ജോർജ്‌, പി ജെ ജോസഫ്‌, മോൻസ്‌ ജോസഫ്‌ എന്നിവരാണ്‌ രാജിവെച്ചത്‌. പി സി ജോർജ്‌ തെരഞ്ഞെടുപ്പിന്‌ നാമനിർദേശം നൽകുംമുമ്പാണ്‌ രാജിവെച്ചത്‌. പി ജെ ജോസഫും, മോൻസ്‌ ജോസഫും രാജിവെച്ചത്‌ വിപ്പ്‌ ലംഘിച്ചതിന്‌ അയോഗ്യത ഭയന്നാണ്‌. തെരഞ്ഞെടുപ്പ്‌ കേസുള്ളതിനാൽ കെ എം ഷാജി, കാരാട്ട്‌ റസാഖ്‌ എന്നിവർക്കാണ്‌ വോട്ടവകാശമില്ലാത്തത്‌.

തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച അറിയിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും നൽകി. നാമനിർദേശ പത്രിക 20 വരെ നൽകാം. 21ന് സൂക്ഷ്മപരിശോധന. 23 വരെ പത്രിക പിൻവലിക്കാം. മൂന്നിലേറെ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ 30ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന്‌ വോട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് മൂന്നിനകം പൂർത്തീകരിക്കണമെന്നാണ്‌ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് തെരഞ്ഞെടുപ്പ് നിരീക്ഷകൻ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്.

കെ കെ രാഗേഷ്, പി വി അബ്ദുൽ വഹാബ്, വയലാർ രവി എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി 21ന് പൂർത്തിയാകുന്ന ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നീട്ടിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ നടപടി വിവാദമായിരുന്നു. ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്‌ കമീഷൻ നിലപാട്‌ തിരുത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News