കൊവിഡ് വ്യാപനം: കേരളത്തിന് ഇനി നിര്‍ണായക ദിനങ്ങള്‍; ജാഗ്രത കൈവിടരുത്; ഒപ്പമുണ്ട് സര്‍ക്കാര്‍

കേരളത്തില്‍ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. ആദ്യ ഘട്ടം പോലെയല്ല ഇത്. സൂക്ഷിച്ചില്ലെങ്കില്‍ നാം ബലിനല്‍കേണ്ടത് നമ്മുടെ ജീവന്‍ തന്നെയാണ്. മരണം നമ്മുടെ അടുത്ത് പതുങ്ങി ഇരിക്കുകയാണ്.

ചെറിയ ഒരു വിട്ടുവീഴ്ച പോലും നമ്മുടെ ജീവന് ആപത്താണ്. എന്നാല്‍ പലരും കൊവിഡിനെ അത്ര പ്രാധാന്യത്തോടെ കാണുന്നില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ഇനിയും ഇതുപോലെ നിസാരമായി കൊവിഡിനെ കണ്ടാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ ഇവിടെയും മൃതശരീരങ്ങള്‍ കുന്നുകൂടി കിടക്കും.

കോവിഡ് രണ്ടാംതരംഗം പിടിമുറുക്കിയ ചത്തീസ്ഗഢിലെ സര്‍ക്കാര്‍ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുകയാണ്. സംസ്ഥാനത്തെ വലിയആശുപത്രി കൂടിയായ റായ്പുരിലെ ഭീംറാവു അംബേദ്കര്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല.

ഫ്രീസറുകള്‍ നിറഞ്ഞതിനാല്‍ ആശുപത്രി വരാന്തയിലും നിലത്തും നിരവധി മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു. നിലവിലുള്ള മൃതദേഹങ്ങള്‍ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പുതിയ മരണങ്ങള്‍ സംഭവിക്കുന്നതിനാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സ്ഥലമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കോവിഡ് കാരണം മരിച്ചവരുടെ മൃതദേഹങ്ങള്‍ അര്‍ഹിച്ച ആദരവോടെ സംസ്‌കരിക്കണമെന്ന് സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവുകള്‍ നിലവിലുണ്ട്. എന്നാല്‍, കോവിഡ് കേസുകളും മരണങ്ങളും ഒരോദിവസവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഒറ്റയടിക്ക് ഇത്രയും മരണങ്ങള്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ലല്ലോ?. സാധാരണ ഗതിയിലുണ്ടാകുന്ന മരണങ്ങളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ട ഫ്രീസറുകള്‍ ഇവിടെയുണ്ട്.

എന്നാല്‍, ഒന്നും രണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോള്‍ 10-20 മരണങ്ങള്‍ വരെ സംഭവിക്കുന്നു. 10-20 മൃതദേഹങ്ങള്‍ക്കുള്ള സ്ഥലം കഷ്ടിച്ച് ഉണ്ടാക്കിയാല്‍ അടുത്ത ദിവസം 50-60 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവര്‍ക്കെല്ലാം വേണ്ട സംവിധാനം ഇവിടെയില്ലെന്നത് വസ്തുതയാണെന്നാണ് റായ്പുര്‍ ചീഫ്മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ മീരാഭാഗേല്‍ പറയുന്നത്. കോവിഡ് ഒന്നാം തരംഗം വിജയകരമായി മറികടന്നെന്ന ആശ്വാസത്തില്‍ കഴിയുമ്പോഴാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നത്.

രോഗികളുടെ നില ചുരുങ്ങിയ സമയത്തില്‍ വഷളാകുന്നു. ഹൃദയാഘാതവും മറ്റുമുണ്ടായി അവര്‍ മരണത്തിന് കീഴടങ്ങുന്നുവെന്നും അവര്‍ പറയുന്നു. കേള്‍ക്കുമ്പോള്‍ നമുക്ക് ഇത് നിസാരമായി തോന്നാം.

എന്നാല്‍ ഇനിയും ഇതുപോലെ അശ്രദ്ധ കാണിച്ചാല്‍ നമുക്ക് മുന്നിലും ഇതുപോലെ മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കും. നമുക്ക് പ്രിയപ്പെട്ട പലരും, ചിലപ്പോള്‍ നമ്മള്‍ തന്നെ മരണത്തിന് കീഴടങ്ങേണ്ടി വരും എന്ന വസ്തുത ഇനിയും നമ്മള്‍ മനസിലാക്കാതിരിക്കരുത്.

ഇത് വ്യക്തമാക്കുന്നതാണ് സംസ്ഥാന സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോ നമ്മോട് പറയുന്നത്.

നമ്മുടെ സര്‍ക്കാരിനാല്‍ കഴിയുന്ന സഹായങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്ത് തരുന്നുണ്ട്. അവര്‍ നമുക്ക് ഒപ്പമുണ്ട്. മറ്റൊന്നും വേണ്ട അവര്‍ പറയുന്നത് നമ്മള്‍ ഒന്ന് അനുസരിച്ചാല്‍ മാത്രം മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News