
സംഗീതത്തെ സ്‌നേഹിക്കുന്ന, സംഗീതം ഉപാസിക്കുന്ന, ഒരു പറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന ‘ടീം തിര’ എന്ന പേരില്‍ ഒരു സംഗീത സംരംഭത്തിന് തുടക്കമാകുന്നു. ‘ടീം തിര’ യിലെ സൗഹൃദവലയത്തിനുള്ളിലെ ഓരോരുത്തരുടെയും മനസ്സില്‍ അലയടിക്കുന്ന സംഗീതമാണ് ഈ സംരംഭത്തിന് മുതല്‍കൂട്ടായത്. എല്ലാവരുടെയും ഒത്തുചേരലിലൂടെ ഉടലെടുത്ത ആദ്യഗാനം ഇതാ പ്രേക്ഷകരിലേക്കെത്തുന്നു.
ആദ്യത്തെ ഗാനം ഏപ്രില്‍ 14 ന് പ്രശസ്ത സിനിമാതാരം മഞ്ജുവാര്യരും നിരഞ്ജന അനൂപും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
രചന, സംഗീതം, പ്രോഗ്രാമിംഗ്, എന്നിങ്ങനെ പല പല സംഗീത തലങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച ‘ടീം തിര’യിലെ പ്രതിഭകള്‍ സംഗീതത്തിന് മാത്രമായുള്ള ഈയൊരു സംരംഭത്തിന് വേണ്ടി ഒത്തുചേരുകയാണ്.
ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രീദേവി ആര്‍ കൃഷ്ണയാണ് സംഘത്തിന്‍റെ മുഖ്യധാരയില്‍. 35 ഓളം സിനിമകളില്‍ നായികാ ശബ്ദം നല്‍കിയിട്ടുള്ള ശ്രീദേവി അമൃത ടി വി യിലെ സന്ധ്യാദീപം എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയായത്.
എം ജയചന്ദ്രന്‍, കാവാലം ശ്രീകുമാര്‍, വിശ്വജിത്, രഞ്ജിത്ത് മേലെപ്പാട്ട്, ഷഹബാസ് അമന്‍ തുടങ്ങിയ പ്രഗത്ഭരുടെ സംഗീതത്തിലും ശ്രീദേവി പാടിയിട്ടുണ്ട്.
‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന യൂട്യൂബ് ചാനലുമായി ചേര്‍ന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. ഒരിക്കല്‍ സുഹൃത്ത് ഗോപികൃഷ്ണനുമായുള്ള സൗഹൃദ സംഭാഷണത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണ് ഞങ്ങളുടെ ആദ്യഗാനമായം ‘ആദ്യരാഗം’മെന്നും അതിനെ കുറിച്ചു പറഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്തായ റിജോഷ് വളരെ സന്തോഷത്തോടെ കൂടെ നില്കുകയായിരുന്നുവെന്നും ടീം തിരയുടെ അംഗങ്ങള്‍ പറയുന്നു. ആദ്യരാഗത്തിന്റെ പ്രോഗ്രാമിങ് ചെയ്തത് റിജോഷ് ആണ്. സംഗീതത്തിന് വേണ്ടി എല്ലാവരും ഒരുമിച്ചു ചേര്‍ന്നു എന്ന് വേണം പറയാനെന്നും അംഗങ്ങള്‍ പറയുന്നു.
സ്റ്റുഡിയോയില്‍ പാടുന്ന സമയം വീഡിയോ കൂടി എടുത്തു വച്ചിരുന്നു. തുടര്‍ന്നുവന്ന ചര്‍ച്ചകളില്‍ ഇതൊരു തുടക്കമായും, ഇനിയും പാട്ടുകള്‍ ചെയ്യണമെന്നും, ആ പാട്ടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ‘ടീം തിര’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുവാനും തീരുമാനിച്ചു. ഒരു യൂട്യൂബ് ചാനലില്‍ മാത്രം ഒതുങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. വേദികളിലും സാന്നിധ്യം അറിയിക്കുവാന്‍ ഒരുങ്ങി തുടങ്ങുകയാണ്. അധികം വൈകാതെ അതും സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ‘ടീം തിര’ അംഗങ്ങള്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here