മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 ന് രാത്രി 8 മണി മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ കുറഞ്ഞത് 15 ദിവസമെങ്കിലും പ്രാബല്യത്തില്‍ തുടരും.

നാളെ രാത്രി 8 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നത്. നാളെ മുതല്‍ സംസ്ഥാനം മുഴുവന്‍ 144 വകുപ്പ് നടപ്പാക്കുമെന്ന് ഇന്ന് രാത്രി 8 മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

”ഞാന്‍ ഇതിനെ ലോക്ക് ഡൌണ്‍ എന്ന് വിളിക്കില്ല,” താക്കറെ പറഞ്ഞു, എന്നാല്‍ അവശ്യ സേവനങ്ങള്‍ മാത്രമേ രാവിലെ 7 നും രാത്രി 8 നും ഇടയില്‍ അനുവദിക്കുകയുള്ളൂ.

ലോക്കല്‍ ട്രെയിനുകളും ബസുകളും തുടരും, പക്ഷേ അവശ്യ സേവന ദാതാക്കളെ മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാന്‍ അനുവദിക്കൂ. അനാവശ്യ യാത്രകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

പെട്രോള്‍ പമ്പുകള്‍, സെബിയുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ തുടരുമെന്ന് താക്കറെ പറഞ്ഞു.

ഹോട്ടലും റെസ്റ്റോറന്റുകളും അടച്ചിരിക്കും, ടേക്ക്-എവേ, ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കൂ.

കോവിഡ് രണ്ടാം തരംഗം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്നും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആവശ്യമാണെന്നും താക്കറെ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

ആരോഗ്യ മേഖലയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതെന്നും താങ്ങാവുന്നതിലും അപ്പുറമാണ് നിലവിലെ അവസ്ഥയെന്നും താക്കറെ വാദിച്ചു. മെഡിക്കല്‍ ഓക്‌സിജന്റെ കുറവ്, കിടക്കകള്‍, റെംഡെസിവിറിന്റെ ആവശ്യകതയും വലിയ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ടെത്തിയ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സംസ്ഥാനം സുതാര്യമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഞങ്ങള്‍ ഒരൊറ്റ കോവിഡ് കേസോ മരണമോ മറച്ചുവെക്കുന്നില്ല. ഞങ്ങള്‍ പൂര്‍ണ്ണമായും സുതാര്യമാണ്, അദ്ദേഹം പറഞ്ഞു.

വ്യോമസേന ഉപയോഗിച്ച് ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി ഓക്‌സിജന്‍ വിതരണത്തെക്കുറിച്ച് താക്കറെ പറഞ്ഞു. സംസ്ഥാനം ഇതിനകം തന്നെ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കായി മാത്രമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ജിഎസ്ടി ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി കിട്ടണമെന്നും പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചെറുകിട, ഇടത്തരം ബിസിനസ്സ് ഉടമകള്‍ക്കും വ്യാപാരികള്‍ക്കും വൈറസ് പകരുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നും ഉദ്ധവ് പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയും താക്കറെ സൂചിപ്പിച്ചു. യു കെ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ജനസംഖ്യയുടെ ഗണ്യമായ ശതമാനം വാക്‌സിനേഷന്‍ ലഭിച്ചതിന് ശേഷം കേസുകളുടെ എണ്ണം കുറഞ്ഞതിനെ ഉദാഹരണമായി താക്കറെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,212 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും താക്കറെ ചൂണ്ടിക്കാട്ടി. 281 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here