വിഷുക്കണി; അറിയേണ്ടതെല്ലാം

പുത്തന്‍ മേടപ്പുലരിയെ വരവേല്‍ക്കാന്‍ മവലയാളി ഒരുങ്ങുകയാണ്. നാളെ പുലര്‍ച്ചെ എല്ലാവരും കണ്ണനെ കണികാണും. വെളുപ്പിന് 4:30 മണി മുതല്‍ 6 മണി വരെയാണ് വിഷുക്കണി. ബ്രാഹ്മമുഹൂര്‍ത്തത്തിലാവണം വിഷു കണി കാണേണ്ടത്.

മേടക്കൂറില്‍ ഭരണി നക്ഷത്രത്തില്‍ സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ഈ സമയം സൗരവര്‍ഷ ആരംഭമായി കണക്കാക്കുന്നു. കാലത്തിന്റെ ദേവനായ വിഷ്ണുവിനും അവതാരമായ കൃഷ്ണനും വിഷുവിന് പ്രാധാന്യം വന്നത് അതിനാലാണ്.

ഏത് പ്രതികൂലാവസ്ഥയേയും നേരിട്ട് മുന്നോട്ട് ജീവിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് വിഷു പോലുള്ള ഐശ്വര്യ പൂര്‍ണമായ ആഘോഷങ്ങള്‍ തന്നെയാണ്. വിഷു ഐശ്വര്യത്തിന്റെ പ്രതീകമാവുമ്പോള്‍ ഏത് സമയത്താണ് കണികാണേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടത്തിലെ ദിനരാത്രം

‘വിഷുവം’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് വിഷുവിന്റെ ഉദ്ഭവം. പകലും രാത്രിയും തുല്യദൈര്‍ഘ്യമുള്ള ദിവസത്തെയാണ്
വിഷു എന്നു പറയുന്നത്. ആണ്ടില്‍ രണ്ടു തവണ സമദൈര്‍ഘ്യമുള്ള ദിനരാത്രങ്ങള്‍ ഉണ്ടാകാറുണ്ട്. മേടത്തിലും തുലാത്തിലും. മേടവിഷുവാണ് നമ്മള്‍ ആഘോഷിക്കുന്നത്.

ആരംഭിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും പൂര്‍ണ്ണഫലപ്രാപ്തിയും വിജയവും ലഭിക്കുന്ന പത്ത് ദിനങ്ങളാണ് മേടം ഒന്നു മുതല്‍ പത്ത് വരെ. വിഷു മുതല്‍ പത്താമുദയം വരെയുള്ള ഈ ദിവസങ്ങള്‍ അതുകൊണ്ട് തന്നെ പൊതുവേ കര്‍മ്മവിജയത്തിനും ഈശ്വരപ്രീതിക്കും കര്‍മ്മാരംഭത്തിനും എല്ലാമുള്ള ദിവസങ്ങളായി കണക്കാക്കുന്നു. ജ്യോതിഷപ്രകാരം രാശിചക്രം കണക്കാക്കുന്നത് മേടം മുതലാണ്. നക്ഷത്രങ്ങള്‍ അശ്വതി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം ചിന്തിച്ചാല്‍ ഒരു പുതിയ വര്‍ഷത്തിന്റെ ആരംഭം പുതുവത്സരപ്പിറവിയാണ് വിഷു. മലയാള വര്‍ഷത്തിനും മുമ്പേ വിഷുവും മേടം തുടങ്ങിയ വര്‍ഷപരിഗണനയും ഉണ്ടായിരുന്നതായി നമ്മുടെ പൂര്‍വ്വികര്‍ പറയുന്നു. ദേവന്മാരുടെ പ്രഭാതം ആരംഭിക്കുന്ന വിഷുദിനമാണെന്നും മറ്റൊരു അഭിപ്രായം ഉണ്ട്.

കണ്ണന്റെ ബാല്യത്തില്‍ ഒരു ഗോപസ്ത്രീ ശ്രീകൃഷ്ണന് ഒരു സ്വര്‍ണ്ണ അരഞ്ഞാണം സമ്മാനമായി കൊടുത്തു. ഉണ്ണിക്കണ്ണന്‍ അത് അരയില്‍ കെട്ടി ഭംഗി ആസ്വദിച്ചത് യശോദയ്ക്ക് അത്ര പിടിച്ചില്ല. മാതൃ സഹജമായ സ്വാര്‍ത്ഥതയാല്‍ തന്റെ കുഞ്ഞിന് ആരുടെയും പാരിതോഷികം വേണ്ടെന്ന് പറയുക മാത്രമല്ല യാശോദാമ്മ ആ സ്വര്‍ണ്ണ അരഞ്ഞാണം അഴിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തു. ഒരു കൊന്ന മരത്തിന്റെ കൊമ്പിലാണ് അത് പോയി വീണത്. അത്ഭുതമെന്നേ പറയേണ്ടൂ അത് അവിടെ പറ്റിപ്പിടിച്ചതും ആ കൊന്നമരം ആയിരക്കണക്കിന് കൊന്നപ്പൂക്കളോടു കൂടി കൗതുകത്തോടെ കാറ്റിലുലയാന്‍ തുടങ്ങി. അന്നു മുതല്‍ കൊന്നപ്പൂ ശ്രീകൃഷ്ണന് ഏറ്റവും പ്രിയങ്കരമായ പുഷ്പമായിത്തീര്‍ന്നു. ശ്രീകൃഷ്ണ പ്രധാനമായ വിഷുവിന് അതിനാലാണ് കൊന്നപ്പൂ ഒഴിവാക്കാനാകാത്തതായത്.

ധരാവണന്റെ ആജ്ഞ ലംഘിക്കാന്‍ ഭയന്ന് സൂര്യഭഗവാന്‍ കിഴക്ക് നേരെ ഉദിക്കാറില്ലായിരുന്നു.”അഹങ്കാരിയായിരുന്ന രാവണനെ പേടിച്ച് ചാഞ്ഞും ചെരിഞ്ഞുമുദിക്കാറുണ്ടായിരുന്ന സൂര്യന്‍ രാവണവധത്തിനുശേഷം നേരെയുദിച്ച ദിവസമാണ് വിഷുവെന്നാണ് പുരാണകഥ. പ
ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ പിറ്റേ ദിവസമായ വിഷു മുതലാണത്രെ സൂര്യന്‍ വീണ്ടും നേരെ കിഴക്ക് ഉദിക്കാന്‍ തുടങ്ങിയത്. മറ്റൊരു ഐതിഹ്യ പ്രകാരം വിഷു ദിവസത്തിന്റെ പ്രധാന്യം ഇതാണ്.

മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് വിഷു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. മേടം ഒന്നാം തീയതിയാണ് വിഷു ദിവസമായി കൊണ്ടാടുന്നത്. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഒരു വര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു.

കൊല്ലവര്‍ഷം തുടങ്ങുന്നതിനു മുമ്പു മേടത്തിലായിരുന്നു.ആണ്ടുപിറപ്പ്. പിന്നീടാണ് ചിങ്ങത്തിലായത്.”

വിഷു ഐതിഹ്യം

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. ആദ്യത്തേത് നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷു എന്നതാണ്. രണ്ടാമത്തെ ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണന്‍ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷു എന്നതാണ് രണ്ടാമത്തെ ഐതിഹ്യം. വിഷുവിന്റെ തലേദിവസം വീടുകളുടെ പരിസരത്തുള്ള ചപ്പുചവറുകള്‍ അടിച്ചുവാരി കത്തിച്ചുകളയുന്ന പതിവും ചിലയിടങ്ങളിലുണ്ട്. രാവണവധത്തിനെ തുടര്‍ന്ന് നടന്ന ലങ്കാദഹനത്തിന്റെ പ്രതീകമാണ് ഇതെന്നും വിശ്വാസമുണ്ട്.

വിഷുക്കണിയൊരുക്കല്‍, വിഷുക്കണി കാണേണ്ടത് എപ്പോള്‍?

കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ പ്രധാന ചടങ്ങുകളില്‍ ഒന്ന്. വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതു കൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ക്കാണ് കണിയില്‍ പ്രാധാന്യം. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഓട്ടുരുളിയില്‍ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവര്‍ഗങ്ങള്‍, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വര്‍ണം, പണം എന്നിവയെല്ലാം ഒരുക്കി വയ്ക്കുന്നു. വിളഞ്ഞു പാകമായ മഞ്ഞ നിറത്തിലുള്ള വെള്ളരിക്കയാണ് കണിയ്ക്ക് ഉപയോഗിക്കുന്നത്, ചിലയിടങ്ങളില്‍ ഇതിന് കണിവെള്ളരി എന്നും പേരുണ്ട്. കണി ഉരുളിയില്‍ വാല്‍ക്കണ്ണാടിയും വയ്ക്കണമെന്നാണ് നിഷ്ഠ. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്. വെള്ളം നിറച്ച കിണ്ടിയും ചിലയിടങ്ങളില്‍ കണിയ്ക്ക് ഒപ്പം വയ്ക്കാറുണ്ട്.

ബ്രാഹ്മമുഹൂര്‍ത്തം

ബ്രാഹ്മമുഹൂര്‍ത്തം കൃത്യമായി എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സൂര്യോദയത്തിനു മുന്‍പുള്ള 48 മിനിറ്റിനു മുന്‍പു 48 മിനിറ്റാണു ബ്രാഹ്മമൂഹൂര്‍ത്തം എന്നാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പകല്‍ 15, രാത്രി 15. ഇതില്‍ രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണു ബ്രാഹ്മമുഹൂര്‍ത്തം.

അതായത്, സൂര്യോദയം ആറു മണിക്കെങ്കില്‍ പുലര്‍ച്ചെ 4.24നു ബ്രാഹ്മമുഹൂര്‍ത്തം തുടങ്ങും. 5.12ന് അവസാനിക്കും. വിഷുക്കണി കാണുന്നതും ഈ ബ്രാഹ്മമുഹൂര്‍ത്തത്തിലായിരിക്കണം.സൂര്യന്‍ ഉദിച്ച് രണ്ട് നാഴിക കഴിയുന്നത് വരെയുള്ള സമയത്ത് വിഷുക്കണി ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഈ സമയത്ത് കണികാണുന്നത് ഐശ്വര്യത്തിനും ക്ഷേമത്തിനും കാരണമാകും എന്നാണ് വിശ്വാസം. മുകളില്‍ പറഞ്ഞ സമയത്ത് കണി കാണുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കേണ്ടതും.

അതിരാവിലെ അതായത് ഉറക്കം ഉണരുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നസങ്കല്‍പ്പത്തെ ആശ്രയിച്ചായിരിക്കും ആ ദിവസം മുഴുവന്‍ നടക്കുന്ന ഫലങ്ങള്‍. ശാസ്ത്രീയമായി ചിന്തിച്ചാല്‍ ദിവസാരംഭത്തില മനസ്സിലുദിക്കുന്ന ആദ്യ ചിന്തയെ ആശ്രയിച്ചാണ് അടുത്ത ചിന്ത വരുന്നത്. ആദ്യ അനുഭവം നമ്മെ വര്‍ഷം മുഴുവന്‍ സ്വാധീനിക്കുന്നു.

വിഷുക്കൈനീട്ടം

വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണല്‍. കണി കണ്ടു കഴിയുമ്പോള്‍ വീട്ടിലെ മുതിര്‍ന്നയാള്‍ മറ്റുള്ളവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നു. വിഷുക്കൈനീട്ടം കൊടുക്കുന്നയാള്‍ കണിക്കൊന്നപ്പൂവും നാണയവും ചേര്‍ത്ത് വലതുകയ്യില്‍ വച്ചുകൊടുക്കണം. ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചു വേണം കൈനീട്ടം നല്‍കാന്‍. നമിച്ചു നന്ദിപൂര്‍വം വേണം കൈനീട്ടം സ്വീകരിക്കാന്‍.

വിളവിന്റെ വിഷു

കണികണ്ടശേഷം കര്‍ഷകരും തറവാട്ടുകാരണവരും പാടത്തെത്തി അട നിവേദിക്കും, പൂജ നടത്തും. പിന്നെ കലപ്പകൊണ്ട് ചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട് മൂടും. വിഷുച്ചാലെടുത്ത മണ്ണില്‍ വന്‍വിളവുണ്ടാകുമെന്ന് വിശ്വ
സിച്ചു വരുന്നു.

വിഷുപ്പടക്കം

വിഷുവിന്റെ ആചാരങ്ങളില്‍ കണികാണലും കൈനീട്ടവുമൊക്കെ കേരളീയര്‍ക്കെല്ലാം ഒരുപോലെയാണെങ്കിലും വടക്കന്‍ കേരളീയരാണ് പടക്കംപൊട്ടിച്ച് വിഷു ആഘോഷിക്കുന്നവര്‍. തെക്കന്‍ കേരളീയര്‍ ദീപാവലിക്കാണ് പടക്കംപൊട്ടിക്കുന്നത്. കണികണ്ടതിനുശേഷവും ഉച്ചഭക്ഷണത്തിനുശേഷവും സന്ധ്യാദീപം കൊളുത്തിയശേഷവും പടക്കംപൊട്ടിക്കാറുണ്ട്.

വിഷുഫലം

മകരശ്ശനി കുംഭ വ്യാഴക്കാലം കൊല്ലവര്‍ഷം 1196 മേടമാസം ഒന്നാം തീയതി ക്രിസ്തു വര്‍ഷം 2021 ഏപ്രില്‍ മാസം 14-നു ബുധനാഴ്ചയും ഭരണി നക്ഷത്രവും ശുക്ലപക്ഷ ദ്വിതീയയും വരാഹ കരണവും പ്രീതിനാമ നിത്യയോഗവും ചേര്‍ന്ന ദിനം ഉദയാല്‍ പൂര്‍വം 9 നാഴിക 27 വിനാഴികയ്ക്ക് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം പുലര്‍ച്ചെ 2 മണി 32 മിനിട്ടിന് മകരം രാശിയില്‍ ജല ഭൂതോദയം കൊണ്ട് മേട വിഷു സംക്രമം.

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാര്‍വത്രികമായിരുന്നു. പണിക്കര്‍ (കണിയാന്‍) വീടുകളില്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കര്‍ വരുന്നത്. അവര്‍ക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ ‘യാവന’ എന്നാണ് പറയുക.വിഷു ഫലം സൂര്യന്‍ മേട രാശിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വര്‍ഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികള്‍ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതല്‍ നില നിന്നിരുന്നു.

വിഷു എപ്പോഴും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ദിനമാണ്. മേടപ്പുലരിയില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണനെ കണി കണ്ടു കൊണ്ട് ജീവിതത്തില്‍ പുതിയ ഒരു സമയത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു ദിവസം തന്നെയാണ് വിഷു. എന്നാല്‍ ഈ വിഷുവിന് വിഷുഫലം എന്താണ് നിങ്ങള്‍ക്ക് പറയുന്നത് എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കാവുന്നതാണ്. 27 നക്ഷത്രത്തിന്റേയും വിഷുഫലത്തെക്കുറിച്ചും ഇതിലൂടെ ആരൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നും ആരിലൊക്കെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

ഇനി വരുന്ന വിഷുക്കാലത്തെങ്കിലും കൊവിഡ് എന്ന മഹാമാരിയെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടായി ദുരിത മോചനം സംഭവിക്കുന്നതിനും സാധിക്കട്ടെ എന്ന് തന്നെയാണ് ഓരോ പുലരിയിലും നമ്മുടെയെല്ലാം പ്രാര്‍ത്ഥന.

വിഷുക്കണി എങ്ങനെ ഒരുക്കാം

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.

വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍

യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള്‍ കണികാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലും വ്യത്യസ്ത സമയങ്ങളിലായിരിക്കും. തേച്ചു വെടിപ്പാക്കിയ ഓട്ടുരുളിയില്‍ വിവിധ വസ്തുക്കള്‍ വച്ച് നിലവിളക്കും കൃഷ്ണ വിഗ്രഹവുമെല്ലാം വച്ചാണ് കണിയൊരുക്കുക. കണി കാണുന്ന ചടങ്ങ് കൃഷ്ണനുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നേ ദിവസം പുലര്‍ച്ചെയുള്ള കണി കാണല്‍ ചടങ്ങും ഏറെ വിശേഷപ്പെട്ട ഒന്നാണ്

കണിയൊരുക്കാന്‍ എന്തൊക്കെ വേണമെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും പലര്‍ക്കും അറിയുകയില്ല. അതിനായി നിലവിളക്ക്, ഉരുളി, വാല്‍ക്കിണ്ടി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്. കണിയൊരുക്കുന്നതിനായി കൃഷ്ണ വിഗ്രഹം വേണം. കൃഷ്ണവിഗ്രഹത്തിന് മുന്നിലായി വലത് വശത്ത് നിലവിളക്കും ഇടത് വശത്ത് ഉരുളിയും വെക്കണം. ഉരുളിയില്‍ എന്തൊക്കെ വസ്തുക്കള്‍ സൂക്ഷിക്കണം എന്നുള്ളത് നമുക്ക് നോക്കാം.

വിഷുക്കണി വയ്ക്കുമ്പോള്‍

നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും ഒപ്പം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വയ്ക്കും. പച്ചക്കറികളില്‍ തന്നെ വെള്ളരിക്ക, കണിവെള്ളരി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ അലക്കിയ വസ്ത്രം, അഷ്ടമംഗല്യം, കണ്ണാടി, സ്വര്‍ണം, നാണയങ്ങള്‍, അരി, നെല്ല് തുടങ്ങിയ വിവിധങ്ങളായ വസ്തുക്കളും വയ്ക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞ നിറത്തിലെ കണിക്കൊന്ന.

ഉരുളിയില്‍

ഉണക്കലരി, കണി വെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാരങ്ങ,ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ എല്ലാം വെക്കുക. ശ്രീഭഗവതിയുടെ പ്രതീകമായി വാല്‍ക്കണ്ണാടിയും വെക്കുക. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. കണിവെള്ളരിയോടൊപ്പം കണിക്കൊന്നയും വെക്കുക. കണിവെള്ളരി ഭഗവാന്റെ മുഖവും കണിക്കൊന്ന ഭഗവാന്റെ കിരീടമാണ് എന്നും ആണ് വിശ്വാസം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുപാത്രത്തില്‍ അലക്കിയ കസവു പുടവയും, ഗ്രന്ഥം, കുങ്കുമച്ചെപ്പ്, കണ്‍മഷി, വെറ്റില, അതില്‍ നാണയത്തുട്ടുകള്‍ എന്നിവയെല്ലാം ഒരുക്കേണ്ടതാണ്.

വാല്‍ക്കണ്ണാടി ഭഗവതിയെ സങ്കല്‍പ്പിച്ചാണ് ഉരുളിയില്‍ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പ്പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.
ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ഇതോടൊപ്പം ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല.

ദീപം കൊളുത്തുമ്പോള്‍

ദീപം കൊളുത്തുമ്പോള്‍ അത് സര്‍വ്വൈശ്വര്യത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്. അഞ്ച് തിരികള്‍ ഇട്ട് വേണം തിരി കൊളുത്തേണ്ടത്. ഇത് ഭഗവാന്‍ മഹാദേവനെയാണ് സൂചിപ്പിക്കുന്നത്. നിലവിളക്ക് കത്തി, പൂക്കള്‍, കൊടിവിളക്ക് എന്നിവയാണ് കണികാണുമ്പോള്‍ വെക്കേണ്ടത്. കണി കണ്ട് ഐശ്വര്യപൂര്‍ണമായ ഒരു ദിവസത്തിലേക്ക് കണ്‍തുറക്കാന്‍ പ്രാര്‍ത്ഥിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News