വിഷുക്കണി എങ്ങനെ ഒരുക്കാം? കണിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ…

നാളെ വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ക്കായി കണ്ണനെ കണികാണാനൊരുങ്ങുകയാണ് മലയാളികള്‍. ബ്രാഹ്മമുഹൂര്‍ത്തത്തിലാവണം വിഷു കണി കാണേണ്ടത്. വിഷുക്കണി ഒരുക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.

വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍

യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള്‍ കണികാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലും വ്യത്യസ്ത സമയങ്ങളിലായിരിക്കും. തേച്ചു വെടിപ്പാക്കിയ ഓട്ടുരുളിയില്‍ വിവിധ വസ്തുക്കള്‍ വച്ച് നിലവിളക്കും കൃഷ്ണ വിഗ്രഹവുമെല്ലാം വച്ചാണ് കണിയൊരുക്കുക. കണി കാണുന്ന ചടങ്ങ് കൃഷ്ണനുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നേ ദിവസം പുലര്‍ച്ചെയുള്ള കണി കാണല്‍ ചടങ്ങും ഏറെ വിശേഷപ്പെട്ട ഒന്നാണ്

കണിയൊരുക്കാന്‍ എന്തൊക്കെ വേണമെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും പലര്‍ക്കും അറിയുകയില്ല. അതിനായി നിലവിളക്ക്, ഉരുളി, വാല്‍ക്കിണ്ടി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്. കണിയൊരുക്കുന്നതിനായി കൃഷ്ണ വിഗ്രഹം വേണം. കൃഷ്ണവിഗ്രഹത്തിന് മുന്നിലായി വലത് വശത്ത് നിലവിളക്കും ഇടത് വശത്ത് ഉരുളിയും വെക്കണം. ഉരുളിയില്‍ എന്തൊക്കെ വസ്തുക്കള്‍ സൂക്ഷിക്കണം എന്നുള്ളത് നമുക്ക് നോക്കാം.

വിഷുക്കണി വയ്ക്കുമ്പോള്‍

നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും ഒപ്പം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വയ്ക്കും. പച്ചക്കറികളില്‍ തന്നെ വെള്ളരിക്ക, കണിവെള്ളരി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ അലക്കിയ വസ്ത്രം, അഷ്ടമംഗല്യം, കണ്ണാടി, സ്വര്‍ണം, നാണയങ്ങള്‍, അരി, നെല്ല് തുടങ്ങിയ വിവിധങ്ങളായ വസ്തുക്കളും വയ്ക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞ നിറത്തിലെ കണിക്കൊന്ന.

ഉരുളിയില്‍ നിറയ്‌ക്കേണ്ടവ

ഉണക്കലരി, കണി വെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാരങ്ങ,ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ എല്ലാം വെക്കുക. ശ്രീഭഗവതിയുടെ പ്രതീകമായി വാല്‍ക്കണ്ണാടിയും വെക്കുക. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. കണിവെള്ളരിയോടൊപ്പം കണിക്കൊന്നയും വെക്കുക. കണിവെള്ളരി ഭഗവാന്റെ മുഖവും കണിക്കൊന്ന ഭഗവാന്റെ കിരീടമാണ് എന്നും ആണ് വിശ്വാസം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുപാത്രത്തില്‍ അലക്കിയ കസവു പുടവയും, ഗ്രന്ഥം, കുങ്കുമച്ചെപ്പ്, കണ്‍മഷി, വെറ്റില, അതില്‍ നാണയത്തുട്ടുകള്‍ എന്നിവയെല്ലാം ഒരുക്കേണ്ടതാണ്.

വാല്‍ക്കണ്ണാടി ഭഗവതിയെ സങ്കല്‍പ്പിച്ചാണ് ഉരുളിയില്‍ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പ്പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.
ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ഇതോടൊപ്പം ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല.

ദീപം കൊളുത്തുമ്പോള്‍

ദീപം കൊളുത്തുമ്പോള്‍ അത് സര്‍വ്വൈശ്വര്യത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്. അഞ്ച് തിരികള്‍ ഇട്ട് വേണം തിരി കൊളുത്തേണ്ടത്. ഇത് ഭഗവാന്‍ മഹാദേവനെയാണ് സൂചിപ്പിക്കുന്നത്. നിലവിളക്ക് കത്തി, പൂക്കള്‍, കൊടിവിളക്ക് എന്നിവയാണ് കണികാണുമ്പോള്‍ വെക്കേണ്ടത്. കണി കണ്ട് ഐശ്വര്യപൂര്‍ണമായ ഒരു ദിവസത്തിലേക്ക് കണ്‍തുറക്കാന്‍ പ്രാര്‍ത്ഥിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News