വിഷുപ്പുലരിയില്‍ നല്ല മാമ്പഴപ്പുളിശ്ശേരിയും രുചിയൂറും കായടയും പായസവുമെല്ലാം ഒരുക്കേണ്ടെ….തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം..

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളേക്കായി മലയാളി വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. കണ്ണനെ കണികണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധമായ സദ്യ വിളമ്പിയും വിഷുവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. രൂചിയൂറും സദ്യയ്‌ക്കൊപ്പം വിഷുവിഭവങ്ങളും ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കാറുണ്ട്.

നല്ല മാമ്പഴപ്പുളിശ്ശേരിയും രുചിയൂറും കായടയും പായസവുമെല്ലാം വിഷുവിന് ഒരുക്കേണ്ടെ….ഇതാ വിഷുവിഭവങ്ങള്‍ തയ്യാറാക്കുന്ന വിധം നമുക്ക് പരിചയപ്പടാം….

മാമ്പഴ പുളിശ്ശേരി

മാമ്പഴം നാല്, മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍,

ഉപ്പ് ആവശ്യത്തിന്, ശര്‍ക്കര പാനി രണ്ടുവലിയ സ്പൂണ്‍,

പുളിയുള്ള തൈര് ഒന്നര ലീറ്റര്‍,

അരപ്പിന് – തേങ്ങ ചുരണ്ടിയത് ഒരു കപ്പ്,

ജീരകം രണ്ടു നുള്ള്, പച്ചമുളക് എട്ട് 10 എണ്ണം,

കടുക് വറുക്കാന്‍ – നെയ്യ് ഒരു വലിയ സ്പൂണ്‍,

കടുക് ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില രണ്ടു കതിര്‍പ്പ്,

വറ്റല്‍മുളക് അഞ്ച്, ഉലുവപ്പൊടി ഒരു നുള്ള്

തയാറാക്കുന്ന വിധം

മാമ്പഴത്തിന്റെ തൊലി കൈകൊണ്ടു ചീന്തിക്കളഞ്ഞ് ഒരു കല്‍ച്ചട്ടിയിലാക്കി മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തു നികക്കെ വെള്ളമൊഴിച്ചു വേവിക്കുക. വെള്ളം വറ്റാറായാല്‍ ശര്‍ക്കരപാനി ചേര്‍ത്തു തിളപ്പിച്ചു വറ്റിക്കണം.

അരപ്പിനുള്ളവ നല്ല മയമായി അരച്ചു തൈരില്‍ കലക്കി വറ്റിക്കിടക്കുന്ന കൂട്ടിലേക്ക് ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കി തിളച്ചാലുടന്‍ വാങ്ങുക. ഇറക്കി വച്ചിട്ടും അല്‍പനേരംകൂടി ഇളക്കികൊണ്ടിരിക്കണം. തൈര് പിരിയാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ഇനി കടുകു വറുത്തിടാം. വറ്റല്‍മുളക് മുറിച്ചിടാന്‍ പാടില്ല. ഒരു നുള്ള് ഉലുവപ്പൊടി ചേര്‍ത്ത് ഉപയോഗിക്കാം.

രുചിയൂറും കായട

ഉണക്കലരി ഒരു കിലോ, ഉഴുന്ന് രണ്ടരക്കപ്പ്, തേങ്ങ ഒന്ന്,

ജീരകം രണ്ടു ചെറിയ സ്പൂണ്‍, വറ്റല്‍ മുളക് എട്ട്,

മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍, പഞ്ചസാര രണ്ടു ചെറിയ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്, എള്ള് രണ്ടു വലിയ സ്പൂണ്‍

തയാറാക്കുന്ന വിധം

ഉണക്കലരി രണ്ടു മണിക്കൂര്‍ കുതിര്‍ക്കുക. ഉഴുന്ന് ഇളം പാകത്തില്‍ വറുത്തെടുത്ത് മിനുസത്തില്‍ പൊടിച്ചു വയ്ക്കുക. തേങ്ങയുടെ പാലു പിഴിഞ്ഞെടുക്കുക. ഒന്നാംപാല്‍ ഒരു കപ്പു വേണം. രണ്ടാംപാലും മൂന്നാംപാലും കൂടി ചേര്‍ത്ത് ഒരു കപ്പും. അരി കുതിര്‍ത്തതും ജീരകവും മുളകും മഞ്ഞളും പഞ്ചസാരയും ഉപ്പും കൂടി രണ്ടാംപാലില്‍ അരച്ചെടുക്കുക. അരച്ചെടുത്തതും ഉഴുന്ന് പൊടിച്ചതും എള്ളും കൂടി ഒന്നാംപാലില്‍ കുഴയ്ക്കുക. ചപ്പാത്തിയേക്കാളും ഉറച്ച പാകം. ഈ മാവ് ചെറിയ നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളകളാക്കിയശേഷം അലക്കി വൃത്തിയാക്കിയ തോര്‍ത്തില്‍ വച്ച് കൈകൊണ്ടു പരത്തുക. തിളച്ച എണ്ണയിലേക്കിട്ടു ചുവക്കെ വറുത്തു കോരുക.

ഇടിച്ചുപിഴിഞ്ഞ പായസം

ഉണക്കലരി ഇടങ്ങഴി, ശര്‍ക്കര അരക്കിലോ.

തേങ്ങ രണ്ട്, ചുക്കും ജീരകവും

പൊടിച്ചത് ഒരു ചെറിയ സ്പൂണ്‍

തയാറാക്കുന്ന വിധം

ഉണക്കലരി കഴുകി പാത്രത്തിലാക്കി രണ്ടു കപ്പു വെള്ളമൊഴിച്ചു വേവിക്കാന്‍ വയ്ക്കുക. തേങ്ങ ചുരണ്ടി തലപ്പാലും രണ്ടും മൂന്നും പാലും പിഴിഞ്ഞു വയ്ക്കുക. മൂന്നാമത്തെ പാല്‍ അരിയിലേക്ക് ചേര്‍ക്കുക. അരി വെന്തുവരുമ്പോള്‍ രണ്ടാംപാലും ശര്‍ക്കര പാനിയാക്കിയതും ചേര്‍ക്കുക. കുറുകി വരുമ്പോള്‍ തലപ്പാല്‍ ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ ചുക്കും ജീരകവും പൊടിച്ചതു ചേര്‍ത്തു വിളമ്പാം.

പൊടിത്തൂവല്‍

സാമ്പാര്‍പരിപ്പ് അരക്കപ്പ്,

പടവലങ്ങ ചെറുതായരിഞ്ഞത് രണ്ടു കപ്പ്,

തേങ്ങ ചുരണ്ടിയത് അരക്കപ്പ്, കടുക് ഒരു ചെറിയസ്പൂണ്‍, ഉഴുന്നുപരിപ്പ് രണ്ടു ചെറിയ സ്പൂണ്‍, പച്ചമുളക് രണ്ട്, കറിവേപ്പില രണ്ടു കതിര്‍പ്പ്, എണ്ണ ഒരു വലിയ സ്പൂണ്‍

തയാറാക്കുന്ന വിധം

പരിപ്പ് വേവിച്ചു വെക്കുക. വെന്തു കുഴഞ്ഞു പോകരുത്. അമര്‍ത്തിയാല്‍ ഞെങ്ങുന്ന പാകം. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പു വറുത്തതിലേക്ക് പടവലങ്ങയും പരിപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ക്കരുത്. വേവാകുമ്പോള്‍ തേങ്ങയും പച്ചമുളകും ചെറുതായൊന്നു ചതച്ചതു ചേര്‍ത്ത് കറിവേപ്പിലയുമിട്ട് ഒരു മിനിറ്റ് നന്നായൊന്നിളക്കിയശേഷം ഉപയോഗിക്കാം.

ഉറുമ്പുകള്‍ക്കും കൊടുക്കും വിഷുസദ്യ. ഉച്ചയ്ക്ക് വിളക്കത്ത് വിളമ്പിയ സദ്യയാണ് ഇതിന്നെടുക്കുക. ഒരു പാത്രത്തില്‍ ചോറും പരിപ്പും പപ്പടവും പായസവും കൂട്ടി കുഴച്ചെടുക്കും. നടക്കല്ലിന്റെയും വീടിന്റെയും മൂലകളിലെല്ലാം ഓരോ ഇലക്കീറുകളില്‍ തിരി കത്തിച്ച് നീട്ടി വയ്പ്പിക്കും. ഓരോ ഉരുള ചോറ് ആ ഇലക്കീറില്‍ വയ്ക്കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News