മേടമാസ പുലരിയില്‍ പ്രതീക്ഷകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍; ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാള നാട് വിഷു ആഘോഷിക്കുന്നു

ഒത്തുചേരലിന്‍റെയും, ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാളികള്‍ ഇന്ന് കൊവിഡ് കാലത്തെ രണ്ടാമത്തെ വിഷു ആഘോഷിക്കുകയാണ്. കണിയൊരുക്കിയും കൈനീട്ടം നൽകിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍ വിഷു ആഘോഷത്തിന്‍റെ സന്തോഷത്തിലാണ്. കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനവും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വിഷു ആഘോഷങ്ങളും ഈ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് മലയാളികള്‍ ആഘോഷിക്കുന്നത്.

മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്കും പ്രതീക്ഷകളിലേക്കും കൺതുറന്ന് മലയാളികള്‍ വിഷുവിനെ വരവേറ്റു.
കോടിമുണ്ടും അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, പൂത്തുലഞ്ഞ കണിക്കൊന്നയും, പൊന്നും തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണിയൊരുക്കി മലയാളികള്‍. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം.

പൂത്തിരിയുടെ വർണ്ണപ്പൊലിമയും, പടക്കങ്ങളുടെ ശബ്ദമുഖരിതമായ അന്തരീക്ഷവും പുത്തനുടുപ്പുകളുടെ പകിട്ടും കൂടിയാണ് ഓരോ മലയാളിക്കും വിഷുക്കാലം. വിഭവ സമൃദ്ധമായ വിഷുസദ്യയാണ് മലയാളിയുടെ വിഷുദിനാഘോഷത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായുളള ആഘോഷങ്ങള്‍ കുറയും. ആശങ്കകള്‍ ഒഴിഞ്ഞുളള നല്ലൊരു നാളേക്കായുളള കാത്തിരിപ്പ് കൂടിയാണ് മലയാളിക്ക് ഈ വിഷുദിനവും.

ഗുരുവായൂർ ക്ഷേത്രത്തില്‍ പുലർച്ചെ 2.30 മുതൽ 4 മണി വരെയായിരുന്നു വിഷുക്കണി ദർശനം. ഓട്ടുരുളിയിൽ കണിക്കൊന്ന, പുതുപ്പണം, അരി, ചക്ക, വെള്ളരിക്ക തുടങ്ങിയവയാണ് കണി വച്ചത്. നാലംബലത്തിന് പുറത്തു നിന്നാണ് ഭക്തർക്ക് ദർശനം അനുവദിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.

ശബരിമലയിൽ വിഷുകണി ദർശനത്തിനായി നട തുറന്നു. പുലച്ചെ 5 മണിക്ക് ശ്രീകോവിലിൽ ദീപം തെളിച്ച് അയ്യപ്പനെ കണി കാണിച്ചു. 5.30 മുതൽ 7 വരെയാണ് ഭക്തർക്ക് വിഷു കണി ദർശനത്തിന് അനുമതി. തന്ത്രി കണ്ഠരര് രാജീവരരും, മേൽശാന്തി വികെ ജയരാജ് പോറ്റിയും ഭക്തർക്ക് വിഷുകൈനീട്ടം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here