സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണയെച്ചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം

സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണയെച്ചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. എന്‍ഐഎ കേസിലെ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം. എന്നാല്‍ എന്‍ഐഎ ഇതിനെ ശക്തമായി എതിര്‍ത്തു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണവുമായി നീങ്ങുന്ന ദേശീയ അന്വേഷണ ഏജന്‍സികള്‍ വ്യവഹാരക്കോടതി സംബന്ധിച്ച തര്‍ക്കത്തിലാണിപ്പോള്‍. കേസില്‍ രാജ്യദ്രോഹക്കുറ്റം അന്വേഷിക്കുന്ന എന്‍ഐഎയും കളളപ്പണം അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലാണ് തര്‍ക്കം.

എന്‍ഐഎ കേസിന്റെ വിചാരണ ഇഡിയുടെ അധികാര പരിധിയിലുള്ള കോടതിയിലേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിഎംഎല്‍എ കോടതിയില്‍ നല്‍കിയതായും ഇഡി വ്യക്തമാക്കി. എന്നാല്‍ ഇഡിയുടെ ആവശ്യത്തെ എന്‍ഐഎ ശക്തമായി എതിര്‍ത്തു.

രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ എന്‍ഐഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാനാകില്ലെന്നാണ് എന്‍ഐഎയുടെ വാദം.

ഇത്തരം കേസുകള്‍ മറ്റ് കോടതികള്‍ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും എന്‍ഐഎ അഭിഭാഷകനായ അഡ്വ. അര്‍ജുന്‍ അമ്പലപ്പറ്റ വാദിച്ചു. വിചാരണ കോടതി മാറ്റുന്നതിന്റെ ആവശ്യകതയെന്തെന്ന് കോടതി ഇഡിയോട് ചോദിക്കുകയും ചെയ്തു. പിന്നീട് പരാതി പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന് പിന്നാലെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡിയും കേസെടുത്തിരുന്നു. മൂന്ന് ദേശീയ ഏജന്‍സികളുടെ അന്വേഷണവും ഇപ്പോള്‍ മന്ദഗതിയിലാണ്. പിന്നാലെയാണ് ഇപ്പോള്‍ വ്യവഹാരക്കോടതികളുമായി ബന്ധപ്പെട്ട തര്‍ക്കവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here