വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം; രണ്ടാഴ്ച മെഗാ ഓഫറുകള്‍ പാടില്ല

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. സൂപ്പര്‍ മാര്‍ക്കറ്റുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം.

വരുന്ന രണ്ടാഴ്ചത്തേക്ക് മെഗാ സെയിലുകളും ഓഫറുകളും അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ വ്യാപാര മേഖലയിലെ വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനങ്ങള്‍.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളോടു ജില്ലയിലെ വ്യാപാരി സമൂഹം പൂര്‍ണമായി സഹകരിക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്ബതിന് അടയ്ക്കണം.

ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകള്‍ രാത്രി 11 വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ 50% സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ അനുവദിക്കാവൂ. ബാക്കിയുള്ളവ ക്രോസ് ചെയ്യണം. ഓണ്‍ലൈന്‍ ബുക്കിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ട്രയല്‍സ് പാടില്ല.

വ്യാപാര സ്ഥാപനങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടേയും ശരീരോഷ്മാവ് നിര്‍ബന്ധമായും പരിശോധിക്കണം. വരുന്ന ആളുകളുടെ പേരും ഫോണ്‍ നമ്ബറും എഴുതി സൂക്ഷിക്കാനുള്ള രജിസ്റ്റര്‍ സൂക്ഷിക്കണം.

ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കണം. സ്ഥാപനത്തിന്റെ സ്ഥലവിസ്തൃതിയനുസരിച്ച്‌ ശാരീരിക അകലം പാലിക്കത്തക്ക രീതിയില്‍ മാത്രമേ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കാവൂ. ബാക്കിയുള്ളവരെ സാമൂഹിക അകലം പാലിച്ച്‌ ക്യൂവില്‍ നിര്‍ത്തണം.

സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി ലഭിക്കുന്ന കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. സ്ഥാപന ഉടമ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവയ്ക്കണം.

45 വയസിനു താഴെ പ്രായമുള്ള എല്ലാ ജീവനക്കാര്‍ക്കും ഓരോ 15 ദിവസം കൂടുമ്ബോള്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണം. വ്യാപാരികളുടെ സൗകര്യാര്‍ഥം ചാല, പാളയം തുടങ്ങി ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ മൊ ബൈല്‍ ടെസ്റ്റിങിന് സൗകര്യമുണ്ടാക്കും.

ഇതിനായി വ്യാപാരി സംഘടനകള്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായോ മൊബൈല്‍ ടെസ്റ്റിങിനുള്ള മറ്റേതെങ്കിലും സംവിധാനവുമായോ ബന്ധപ്പെടണം. അതതു പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തണമെന്നും കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നോഡല്‍ ഓഫിസര്‍ ബി. അനീഷ് കുമാര്‍, വ്യാപാര മേഖലയിലെ സംഘടനാ നേതാക്കളായ ബി. ജയധരന്‍ നായര്‍, ബി. വിജയകുമാര്‍, വീരഭദ്രന്‍, ബി. മധുസൂധനന്‍ നായര്‍, എന്‍. സുധീന്ദ്രന്‍, എം. ബാബുജന്‍, എ. ശശികുമാര്‍, ഡാനിഷ് ചന്ദ്രന്‍, വൈ. വിജയന്‍, പെരിങ്ങമ്മല രാമചന്ദ്രന്‍, ജെ.കെ. ഖാലിദ്, ടി.വി. അഭയന്‍, പാളയം അശോക്, എം. വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിൽ ഇന്നും നാളെയുമായി (ഏപ്രിൽ 16, 17) ഊർജിത കോവിഡ് പരിശോധന നടത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. 22,600 പേർക്കു പരിശോധന നടത്തുകയാണു ലക്ഷ്യം. സംസ്ഥാനതലത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരെയും പരിശോധനയുടെ ഭാഗമാക്കും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്ാപനം വേഗത്തിൽ നടക്കുന്ന പ്രദേശങ്ങളിലുള്ളവർ, പൊതുഗതാഗത മേഖലയിലുള്ളവർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവർ, ഹോട്ടലുകൾ, കടകൾ, മാർക്കറ്റുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്‌സിക്യൂട്ടിവുകൾ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തി പരിശോധന നടത്തും. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.

30 മൊബൈൽ ടീമുകളെയാണ് പരിശോധനയ്ക്കായി ജില്ലാതലത്തിൽ നിയമിച്ചിരിക്കുന്നത്. ഒരു ടീം ഒരു ദിവസം 100 പേർക്കു പരിശോധന നടത്തും. ഇതിനു പുറമേ ജില്ലയിലെ പി.എച്ച്.സി (പ്രതിദിനം 25 പേർക്കു വീതം) സി.എച്ച്.സി.(പ്രതിദിനം 50 വീതം), താലൂക്ക് ആശുപത്രി(പ്രതിദിനം 100 വീതം), ജില്ലാ, ജനറൽ ആശുപത്രി(പ്രതിദിനം 250 വീതം) എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും. ആയൂർവേദ ആശുപത്രികൾ, ഹോമിയോ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലും പരിശോധനാ സൗകര്യമുണ്ടാകും. ഒരു ദിവസം കോവിഡ് 11,300 പേർക്കു പരിശോധന നടത്തുക എന്ന ലക്ഷ്യത്തിലാണു ക്രമീകരണങ്ങൾ തയാറാക്കിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News