നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.മെഗാ സെയിലുകളും ഓഫറുകളും അനുവദിക്കില്ല:ഓൺലൈൻ ബുക്കിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്ന് തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  1. സൂപ്പർ മാർക്കറ്റുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്ന സാഹര്യങ്ങൾ പൂർണമായി ഒഴിവാക്കണം.വരുന്ന രണ്ടാഴ്ചത്തേക്ക് മെഗാ സെയിലുകളും ഓഫറുകളും അനുവദിക്കില്ല.
  2. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ 50% സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കാവൂ. ബാക്കിയുള്ളവ ക്രോസ് ചെയ്യണം. ഓൺലൈൻ ബുക്കിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ട്രയൽസ് പാടില്ല.
  3. വ്യാപാര സ്ഥാപനങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടേയും ശരീരോഷ്മാവ് നിർബന്ധമായും പരിശോധിക്കണം. വരുന്ന ആളുകളുടെ പേരും ഫോൺ നമ്പറും എഴുതി സൂക്ഷിക്കാനുള്ള രജിസ്റ്റർ സൂക്ഷിക്കണം.
  4. സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി ലഭിക്കുന്ന കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
  5. വാക്സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചു.
  6. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെയും മാത്രമേ ഇനി മാളുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
  7. ഹോം ഡെലിവറി കൂട്ടാന്‍ കടകൾ മുൻകൈ എടുക്കണം.
  8. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് മൂന്‍കൂര്‍ അനുമതി വാങ്ങണം.
  9. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആക്കിയും ഔട്ട്ഡോർ പരിപാടികളിൽ എണ്ണം 150 ആയും പരിമിതപ്പെടുത്തി.
  10. വലിയ തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്താനും നിര്‍ദേശമുണ്ട്.
    ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണം.
  11. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും.
  12. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
  13. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകള്‍ കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മതനേതാക്കള്‍ സഹകരിക്കുന്നുണ്ട്.
  14. അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു.തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മേഖലകളില്‍ ഉള്ളവര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ള ആളുകളെ കണ്ടെത്തിയും ടെസ്റ്റ് ചെയ്യും.
  15. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 30,900 ഓളം പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News