കടകളില്‍ ക്യു സമ്പ്രദായം ഏര്‍പ്പെടുത്തും;പ്രായമായവര്‍ ജനത്തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം:കേരള പോലീസ്

കൊവിഡ് പ്രതിരോധത്തിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂന്നിയ നടപടികള്‍ക്കായിരിക്കും അടുത്ത ഏതാനും ദിവസം പോലീസ് പ്രാധാന്യം നല്‍കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ക്രമസമാധാന വിഭാഗം സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ സേവനം വിനിയോഗിക്കും.

സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ശരിയായവിധം ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് ബോധവത്ക്കരണം നടത്തുക.

സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുളള പോലീസ് സംഘം പൊതുസ്ഥലങ്ങളില്‍ എത്തുന്ന ജനങ്ങളെ ഇക്കാര്യം പറഞ്ഞ് മനസിലാക്കും.

പ്രായമായവര്‍ ജനത്തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് അവരെ മടക്കി അയയ്ക്കും.

നിയന്ത്രണം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാരും ഡിവൈ.എസ്.പിമാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും. വ്യാപാരികളുടെയും കച്ചവടക്കാരുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കും.

നേരത്തെ നടപ്പിലാക്കിയതുപോലെ കടകളില്‍ ക്യു സമ്പ്രദായം ഏര്‍പ്പെടുത്തും. കടകള്‍ക്കുളളില്‍ ഏറ്റവും കുറച്ച് പേരെ മാത്രമേ അനുവദിക്കൂ.

ബസുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും നിന്നുകൊണ്ടുളള യാത്ര അനുവദിക്കില്ല.

രണ്ട് ദിവസമായി നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് ശേഷം തുടര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.

കോവിഡിനെതിരായ ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പോലീസ് മുന്‍ഗണന നല്‍കും.

കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാരും പോലീസും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News