
സംസ്ഥാനത്ത് അടുത്ത രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തുമെന്നതുൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കൊവിഡ് പരിശോധന കൂട്ടുന്നതിന്റെ ഭാഗമായാണ് രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുന്നത്.
നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചു.
വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുൻകൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്കും രാത്രി ഒൻപത് മണിക്കുള്ളിൽ അടക്കണം എന്ന വ്യവസ്ഥ ബാധകമാണ്. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം.
ട്യൂഷൻ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നവർക്ക് പാസ് നിർബന്ധമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പാസ് ലഭിക്കും. വാക്സിൻ എടുത്തവർക്കും പൂരത്തിൽ പങ്കെടുക്കാം.
സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ല. രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ. വ്യാപരസ്ഥാപനങ്ങൾ ഹോം ഡെലിവറി വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here