കള്ളപ്പണക്കേസ്: കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയുടെ രേഖ ഷാജിക്ക് ഇതുവരെ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല

വീട്ടിൽനിന്ന്‌ കള്ളപ്പണം പിടിച്ച കേസിൽ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ വിജിലൻസിന്‌ മുന്നിൽ ചോദ്യം ചെയ്യലിന്‌ ഹാജരായി. രാവിലെ പത്തിന്‌ കോഴിക്കോട്‌ ഓഫീസിലാണ്‌ ഹാജരായത്‌.

12ന്‌‌ വിജിലൻസ് സംഘം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അരക്കോടിയുടെ കള്ളപ്പണം പിടികൂടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ചോദ്യം ചെയ്യുന്നത്‌.

പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ എപ്പോൾ വേണമെങ്കിലും ഹാജരാക്കാം എന്നായിരുന്നു റെയ്ഡിനുശേഷം ഷാജിയുടെ പ്രതികരണം. എന്നാൽ കള്ളപ്പണം പിടിച്ച്‌ നാലുദിവസം കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാൻ ഷാജിക്കായില്ല. പിടിച്ചെടുത്ത പണം തിരിച്ചുനൽകേണ്ടിവരുമെന്നും ഏത്‌ അന്വേഷണ ഏജൻസിക്കുമുമ്പിലും ഹാജരാക്കുമെന്നും പറഞ്ഞ ഷാജി ഇപ്പോൾ മൗനത്തിലാണ്‌.

ഒളിപ്പിച്ച നിലയിലായിരുന്നു പണം. കോഴിക്കോട്ടെ വീട്ടിൽനിന്നും 491 ഗ്രാം സ്വർണവും കണ്ണൂരിലെ വീട്ടിൽനിന്ന്‌ 60 ഗ്രാം സ്വർണവും വിദേശ രാജ്യങ്ങളിലെ കറൻസി ശേഖരവും വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട 77 രേഖകളും പിടിച്ചെടുത്തു.

കോഴിക്കോട്ടുനിന്ന്‌ പിടിച്ച 491 ഗ്രാം സ്വർണത്തിൽ 331 ഗ്രാം അനധികൃതമാണെന്നാണ്‌ കണ്ടെത്തൽ. ഈ സ്വർണത്തിന്റെ രേഖകൾ ഹാജരാക്കാനും ഷാജിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം കേസന്വേഷണത്തിന്റെ ചുമതല വിജിലൻസ് ഡിവൈഎസ്‌പി ജോൺസന് കൈമാറി.

പിടികൂടിയ അരക്കോടിയോളം രൂപ ആരിൽനിന്നാണ്​ ലഭിച്ചത്​, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ ​സ്രോതസ്സ്‌, 28 തവണ വിദേശയാത്ര നടത്തിയത്​ എന്തിന്​ എന്നതടക്കമുള്ള ചോദ്യങ്ങൾക്കാണ്​ ഷാജിയിൽനിന്ന്​ ഉത്തരം ലഭിക്കാനുള്ളത്​. ഇത്​ മുൻനിർത്തി പ്രത്യേക ചോദ്യാവലി തയാറാക്കി. ചോദ്യം ചെയ്യലിന്‌ ഹാജരാകാനുള്ള നോട്ടീസും നൽകി.

റെയ്‌ഡ്‌ റിപ്പോർട്ട്‌ കോടതിയിൽ

റെയ്ഡുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് വിജിലൻസ്‌ പ്രത്യേക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. കണ്ണൂരിലെ വീട്ടിൽ കണ്ടെത്തിയ രേഖകളില്ലാത്ത 47,35,500​ രൂപയും 60 ഗ്രാം സ്വർണാഭരണങ്ങളും കോഴിക്കോ​ട്ടെ വീട്ടിൽനിന്ന്​ പിടിച്ച 491 ഗ്രാം സ്വർണാഭരണവും 30,000 രൂപയും രണ്ട്​ വീട്ടിൽ നിന്നുമായി പിടിച്ച 77 രേഖകളും അടങ്ങിയ റിപ്പോർട്ടാണ്​ സമർപ്പിച്ചത്​.

ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകൾ, വീട്ടിലെ ആഡംബര ഫർണിച്ചറുകൾ, ഗൃഹോപകരണങ്ങൾ എന്നിവയടക്കമുള്ളവയുടെ മൂല്യം കണക്കാക്കിയാണ്​ വിജിലൻസ്​ റിപ്പോർട്ട്​ തയാറാക്കിയത്​.

ഇരുവരുടെയും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ, നിക്ഷേപങ്ങൾ, ബിസിനസ്​ പങ്കാളിത്തം എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി​. രേഖകൾ കേസന്വേഷണത്തിനായി വിട്ടുകിട്ടാൻ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News