സംസ്ഥാന സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിക്കുകയല്ലാതെ കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസഹമന്ത്രി ചെയ്തതെന്ത് ?

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളം വ്യാപൃതമായിരിക്കുമ്പോള്‍ കേന്ദ്രമന്ത്രി വി മരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാനുളള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ ‘കോവിഡിയറ്റ്’ എന്ന് വിശേഷിപ്പിച്ച വി മുരളീധരന്‍ കേരളത്തിനാവശ്യമായ വാക്സിന്‍ ലഭ്യമാക്കാന്‍ പോലും ഇടപെടുന്നില്ല. ബി ജെ പി ഭരിക്കുന്ന യു പിയിലും ഗുജറാത്തിലും കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ, തെരുവില്‍ കിടന്ന് മനുഷ്യര്‍ മരിച്ച് വീഴുകയാണ്.

മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നതാണ് ഇവിടെ നിന്നെല്ലാം ലോകം കാണുന്ന ദുരന്ത കാഴ്ച്ചകള്‍. എന്നാല്‍ കൊവിഡ് മറണനിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ ലോകത്തിന് അഭിമാനമായ ഒരു പ്രദേശമുണ്ട് -കേരളം. ഈ സംസ്ഥാനത്തെ വീണ്ടും പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത് കേന്ദ്ര ആരോഗ്യവകുപ്പാണ്.

രാജ്യത്ത് കൊവിഡ് വാക്സിനുകളില്‍ ഒന്നുപോലും വെറുതെ കളയാത്ത സംസ്ഥാനം. കേരളത്തിന് ഒരു കോടി വാക്സിനെങ്കിലും അടിയന്തരമായി ആവശ്യമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ കേരളത്തില്‍ നിന്നുളള കേന്ദ്രമന്ത്രി വി മുരളീധരന്‍ തയ്യാറല്ല. മുരളീധരന്‍റെ ആവശ്യം കേരള മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം എന്നതാണ്.

ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുരളീധരന്‍ വിശേഷിപ്പിച്ചത് കൊവിഡിയറ്റ് എന്നാണ്. കേന്ദ്ര ആരോഗ്യ
വകുപ്പില്‍ വിവരങ്ങള്‍ ആരാഞ്ഞാല്‍ മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് മുരളീധരന് തന്നെ ബോധ്യപ്പെടും.
എങ്കിലും ഏപ്രില്‍ 8-ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രി കൊവിഡ് പോസിറ്റീവ് ആയത്. അപ്പോള്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ നടത്തി. ആറു ദിവസത്തിനു ശേഷം ഏപ്രില്‍ 14-ന് അദ്ദേഹത്തിന് വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയി. തുടര്‍ന്ന് ആശുപത്രിയില്‍ വിട്ടു. ഇപ്പോള്‍ കൊവിഡാനന്തര നിരീക്ഷണത്തിലാണ് ഇതില്‍ എവിടെയാണ് പ്രോട്ടോക്കോള്‍ ലംഘനം ? കൊവിഡ് സ്ഥീരീകരിച്ചാല്‍ 10 ദിവസത്തിന് ശേഷം മാത്രമേ പരിശോധന നടത്താവൂ എന്നതാണ് മുരളീ ധരന്‍റെ വാദം.

അങ്ങനെയെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് കര്‍ണ്ണാടക മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യെദിയൂരപ്പക്കെതിരെയാണ്. യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരാകരിച്ചത് ആഗസ്റ്റ് 3ന്. പരിശോധന നടത്തി യദിയൂരപ്പ കൊവിഡ് മുക്തനെന്ന് സ്ഥിരാകരിച്ചത് ആഗസ്റ്റ് 10 ന്. അഥവാ രോഗം സ്ഥിരാകരിച്ച് 7 ദിവസങ്ങള്‍ക്ക് ശേഷം പരിശോധന നടത്തി യദിയൂരപ്പ രോഗമുക്തനായി. മുരളീധരന്‍റെ 10 ദിവസത്തിന് ശേഷം മാത്രമേ പരിശോധന നടത്താവൂ എന്ന സിദ്ധാന്തം അദ്ദേഹത്തിന്‍റെ നേതാവ് യദിയൂരപ്പ തന്നെ പൊളിക്കുന്നു. മുന്‍പും കേരളത്തിന് ബി ജെ പിക്കാരായ കേന്ദ്ര മന്ത്രിമാര്‍ ഉണ്ട്.

തങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെതന്നെ ഒ രാജഗോപാലും അല്‍ഫോണ്‍സ് കണ്ണന്താനവും കേരളത്തിന്‍റെ
പുരോഗതിക്കായി നിലകൊണ്ടവരായിരുന്നു. എന്നാല്‍ മുരളീധരന്‍റെ പ്രവൃത്തികള്‍ വിഭിന്നമാണ്. പ്രളയവും ഉരുള്‍പൊട്ടലും കേരളത്തെ തകര്‍ത്തപ്പേള്‍ മുരളീധരന്‍ ഒന്നും ചെയ്തില്ല.

യു എ ഇ സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം തടയാനായാണ് ഈ മന്ത്രി ഇടപെട്ടത്. പി.ആര്‍. ഏജന്‍സിയില്‍ ജോലി ചെയ്യുന്ന വനിതയെ പത്രപ്രവര്‍ത്തകയെന്ന പേരില്‍ പ്രോട്ടോകോള്‍ ലംഘിച്ച് വിദേശത്തു കൊണ്ടുപോയത് എന്തിനെന്ന ചോദ്യത്തിന് മുരളീധരന്‍ ഇതുവരെ തൃപ്തികരമായ മറുപടി പറഞ്ഞിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് ആദ്യം പറഞ്ഞതും ഈ കേന്ദ്രമന്ത്രി തന്നെ. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമായിരിക്കില്ല, ഈ സംസ്ഥാനത്തെ അപമാനിക്കാനായി ഏറ്റവും പണിപ്പെട്ടെ കേന്ദ്രമന്ത്രി എന്ന നിലയിലായിരിക്കും വി മുരളീധരന്‍റെ പേര്‍ ചരിത്രത്തില്‍ ഇടം നേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here