ഇ – സഞ്ജീവനിയില്‍ ചികിത്സ തേടിയത് 1 ലക്ഷം പേര്‍; അടുത്ത ആഴ്‌ച മുതല്‍ 4 പുതിയ സ്‌പെഷ്യാലിറ്റി ഒ.പികള്‍

സംസ്ഥാനത്ത് കോവിഡ്-19 വ്യാപന സമയത്ത് ആരംഭിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര്‍ ചികിത്സ തേടിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാനാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 10ന് ഇ സഞ്ജീവനി ആരംഭിച്ചത്. എല്ലാ ജില്ലകളിലും യുദ്ധകാലാടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഒരുക്കിയാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

പ്രവര്‍ത്തനം ആരംഭിച്ച് കുറച്ചു നാളുകള്‍ക്കകം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞ സമയം ജനങ്ങള്‍ ആശുപത്രിയില്‍ നേരിട്ട് ചികിത്സയ്‌ക്കെത്തിയതോടെ കേരളത്തിന്റെ സ്ഥാനം നാലാമതായി. വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സ്‌പെഷ്യാലിറ്റി ഒ.പികളൊരുക്കി ഇ സഞ്ജീവനി ശക്തിപ്പെടുത്തി വരുന്നു. ഇപ്പോള്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഇരട്ടിയായതായും മന്ത്രി വ്യക്തമാക്കി.

അടുത്ത ആഴ്‌ചമുതല്‍ 4 സ്‌പെഷ്യാലിറ്റി ഒപികള്‍ ഇ സഞ്ജീവനിയില്‍ ആരംഭിക്കും. ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി., റെസ്പിറേറ്ററി മെഡിസിന്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് എന്നീ സ്‌പെഷ്യാലിറ്റി ഒപികളാണ് ആരംഭിക്കുന്നത്.

ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ വീതം സേവനവും ഉറപ്പ് വരുത്തി. ജനറല്‍ മെഡിസിന്‍, സര്‍ജറി, കാര്‍ഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റല്‍, സൈക്യാട്രി, ത്വക്ക് രോഗം തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങളാണ് ഉറപ്പാക്കിയത്. ഇതുകൂടാതെ 33 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങളും ലഭ്യമാക്കി വരുന്നു. കോവിഡ് വ്യാപന കാലത്ത് ആശുപത്രിയില്‍ നേരിട്ടു പോകാതെ ഈ സേവനങ്ങള്‍ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News