സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്‍ രാജ്യസഭയിലേക്ക്

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്‍ രാജ്യസഭയിലേക്ക്. ഇന്ദ്രപ്രസ്ഥത്തില്‍ ഉയര്‍ന്നുകേള്‍ക്കാന്‍ പോകുന്ന ഈ ഇടതുപക്ഷശബ്ദത്തിന് പോരാട്ടഭൂമികകളെ ത്രസിപ്പിച്ച ഗാംഭീര്യവും ഭരണകൂട മര്‍ദ്ദനമുറകളെ ഏറ്റുവാങ്ങിയ കാഠിന്യവുമുണ്ട്.

സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറി സ്ഥാനം മുതല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷചുമതല വരെ വഹിച്ച സംഘാടകന്‍. രാജ്യത്തിന്റെ സമരഭൂമികകളെ ത്രസിപ്പിച്ച പോരാളി. ജീവിതം തന്നെ സമരമാക്കേണ്ടി വരുന്ന എല്ലാ മനുഷ്യര്‍ക്കും ആവേശമാണ് വി ശിവദാസന്‍.

അതിദരിദ്രമായ ജീവിതപശ്ചാത്തലത്തില്‍ നിന്നായിരുന്നു ശിവദാസന്റെ കടന്നുവരവ്. വിദ്യാര്‍ഥിയായും സംഘടനാപ്രവര്‍ത്തകനായും നിറയുമ്പോഴും ജോലി ചെയ്ത് കുടുംബം പോറ്റിയ പ്രീഡിഗ്രിക്കാലം. വിദ്യാര്‍ത്ഥിയായിരിക്കെ അച്ഛന്റെ മരണവും ദിവസക്കൂലിക്ക് പണിക്ക് പോയിക്കൊണ്ടിരുന്ന അമ്മയുടെ ത്യാഗവുമായിരുന്നു ഹൃദയത്തില്‍ കരുപ്പിടിപ്പിച്ച സ്വന്തം പ്രസ്ഥാനവുമാണ് ശിവദാസന്റെ കൈമുതല്‍.

ശിവദാസന്‍ കടന്നുവന്ന വഴികളില്‍ രക്തത്തോളം കട്ടിയുള്ള കണ്ണുനീര്‍ തളം കെട്ടി നില്‍ക്കുന്നുണ്ട്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ ആദ്യ അറസ്റ്റ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുതല്‍ ഡല്‍ഹി തീഹാര്‍ ജയിലിലും ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ജയിലിലും ശിവദാസന്‍ രാഷ്ട്രീയത്തടവുകാരനായിട്ടുണ്ട്. ഒരു പക്ഷേ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ തടവിലിടപ്പെട്ട ഒരേയൊരു വിദ്യാര്‍ത്ഥി നേതാവ്.

എസ് എഫ് ഐ സംസ്ഥാന കമ്മറ്റിയുടെ മുഖമാസിക സ്റ്റുഡന്റ്, എസ് എഫ് ഐ കേന്ദ്രകമ്മറ്റിയുടെ ഇംഗ്ലീഷ് മാസിക സ്റ്റുഡന്റ് സ്ട്രഗിള്‍, ഹിന്ദി മാസിക ചാത്ര് സംഘര്‍ഷ്, ഗവേഷക പ്രസിദ്ധീകരണമായ ഇന്ത്യന്‍ റിസേര്‍ച്ചര്‍ എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. വിപുലവും വ്യത്യസ്ത മേഖലകളെ സ്പര്‍ശ്ശിച്ചുകൊണ്ടുള്ളതുമായ സംഘടനാനുഭവങ്ങളിലൂടെ കടന്നുപോയ നിലവില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന വി ശിവദാസന്‍ കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. സമരഭൂമികയില്‍ ഇടതുപക്ഷപ്രസ്ഥാനത്തെ കൈപ്പിടിച്ച് നടത്തിയ വി. ശിവദാസന്റെ ശബ്ദം ഇന്ദ്രപ്രസ്ഥത്തില്‍ ഇനി ഉയര്‍ന്നു കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here