കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യത്തിന് ബെഡ്ഡുകളോ കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും. ഏറെ ആശങ്കാ ജനകമാണ് ലക്നൗവിലെയും, സൂറത്തിലെയുമൊക്കെ ശ്മശാനങ്ങളിലെ കാഴ്ചകള്‍.

കൊവിഡ് ആദ്യം പടര്‍ന്ന് പിടിച്ചപ്പോള്‍ അതിഥി തൊഴിലാളികളുടെ പലായനമായിരുന്നു രാജ്യമനസാക്ഷിയെ ഏറെ വേദനിപ്പിച്ചതെങ്കില്‍ രണ്ടാം തരംഗത്തില്‍ അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഉത്തരേന്ത്യ. വ്യാപനം രൂക്ഷമാകുമ്പോള്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും നല്‍കാന്‍ കിടക്കകള്‍ ഇല്ല. ഒരു കിടക്ക രണ്ടുപേര്‍ പങ്കിടേണ്ടി വരുന്നു.

വരാന്തകള്‍ നിറഞ്ഞു കിടക്കുന്ന കൊവിഡ് രോഗികള്‍. അതിലുമേറെ മനസിനെ പിടിച്ചുലയ്ക്കുന്നത് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാഴ്ചയാണ്. മൃതദേഹം സംസ്‌കരിക്കാന്‍ ടോക്കണ്‍ എടുത്തു മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടുകത്തിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി നിലയ്ക്കാത്ത ചിതകളും എരിയുന്ന കനലുകളുമാണ് യുപിയിലും ഗുജറാത്തിലുമെല്ലാം.

ഉത്തര്‍പ്രദേശ്,ഗുജറാത്ത്, ദില്ലി, ഛത്തീസ്ഗഡ് അങ്ങനെ നീളുന്നു കൊവിഡ് രണ്ടാം തരംഗത്തില്‍ എന്തുചെയ്യണെന്നറിയാതെ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക. ലക്നൗവിലെയും, സുറത്തിലെയും ശ്മശാനനകളില്‍ നിന്ന് നിലക്കാത്ത വിലാപങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് അധികൃതരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here