
പാര്‍ലമെന്റിന്റെ പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുകയാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസ്. രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരവധിയാളുകളാണ് ആശംസയുമായെത്തിയത്.
ഡല്‍ഹി മാധ്യമ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ജോണ്‍ ബ്രിട്ടാസ് കടക്കുന്ന പുതിയ ഉത്തരവാദിത്വത്തിന് ആശംസകളറിയിക്കുകയുമാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മിഡില്‍ ഈസ്റ്റ് ചീഫ് റിപ്പോര്‍ട്ടറുമായ പി പി ശശീന്ദ്രന്‍.
സുഹൃത്തിന്റെ നേട്ടത്തില്‍ ഏറെ സന്തോഷം, അഭിമാനവുമുണ്ടെന്നും പി പി ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളകളിലെല്ലാം ബ്രിട്ടാസിന്റെ ആസൂത്രണവും പബ്ലിക് റിലേഷന്‍ വൈദഗ്ദ്യവും നേരിട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബ്രിട്ടാസ് രാജ്യസഭയിലേക്കുള്ള ഒരുക്കത്തിലാണ്. സുഹൃത്തിന്റെ നേട്ടത്തില്‍ ഏറെ സന്തോഷം, അഭിമാനം. പി പി ശശീന്ദ്രന്‍ കുറിച്ചു.
പി പി ശശീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എണ്‍പത്തിയേഴിലാണ് ആ ചെറുപ്പക്കാരന്‍ ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോയില്‍ ജര്‍ണലിസ്റ്റ് ട്രെയിനി ആയി എത്തുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലാണ് ദേശാഭിമാനി ബ്യൂറോ. ലേഖകന്റെ താമസവും അവിടെ തന്നെ. ജോണ്‍ ബ്രിട്ടാസ് എന്ന പേര് തന്നെ പുതുമയായിരുന്നു അന്ന് ഞങ്ങള്‍ക്ക്. സാക്ഷാല്‍ പിണറായി വിജയനാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി. ബ്രിട്ടാസ് പെട്ടെന്ന് തന്നെ ഞങ്ങളുടെ സൗഹൃദവലയത്തിലെത്തി.
അക്കാലത്ത് ദൂരദര്‍ശന്‍ ചാനലില്‍ ഞായറാഴ്ച കാലത്ത് രാമായണം ( മഹാഭാരതമാണോ???) സീരിയല്‍ സംപ്രേഷണം ചെയ്യുന്ന കാലമാണ്. മറ്റ് ചാനലുകളൊന്നും ഇല്ലാത്ത ആ കാലത്ത് ഈ സീരിയല്‍ കാണാന്‍ ജനം ഞായറാഴ്ചക്കായി കാത്തിരിക്കുമായിരുന്നു. ജില്ലാ ആസ്പത്രിയില്‍ ചികില്‍സ തേടിയെത്തിയ നിരവധി സാധാരണക്കാരായ രോഗികളെ പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ ടി.വി കാണുന്നത് ബ്രിട്ടാസ് ഫോട്ടോയെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. വാര്‍ത്ത ഗംഭീരമായി തന്നെ പ്രസിദ്ധീകരിച്ചു. ഡോക്ടര്‍മാരുമായുള്ള സംഘര്‍ഷത്തില്‍ അന്ന് എല്ലാവരും ഒറ്റക്കെട്ടായി ബ്രിട്ടാസിനൊപ്പം നിന്നു.
വൈകാതെ ബ്രിട്ടാസ് ഡല്‍ഹി ബ്യൂറോയിലേക്ക് പോയി. അവിടെ ആ പത്രപ്രവര്‍ത്തകന്‍ പുതിയ ലോകങ്ങള്‍ കണ്ടു. പിന്നീട് കൈരളിയുടെ മേധാവിയായി. ഇടക്ക് ഏഷ്യാനെറ്റിലേക്ക് പോയെങ്കിലും വീണ്ടും കൈരളിയില്‍. അവിടെ മേധാവിയായും മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തനായും ഉപദേഷ്ടാവുമായുമൊക്കെയുള്ള വളര്‍ച്ച സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളകളിലെല്ലാം ബ്രിട്ടാസിന്റെ ആസൂത്രണവും പബ്ലിക് റിലേഷന്‍ വൈദഗ്ദ്യവും നേരിട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബ്രിട്ടാസ് രാജ്യസഭയിലേക്കുള്ള ഒരുക്കത്തിലാണ്. സുഹൃത്തിന്റെ നേട്ടത്തില്‍ ഏറെ സന്തോഷം, അഭിമാനം.
ഡോ.വി.ശിവദാസിന്റെ നേട്ടവും സന്തോഷം നല്‍കുന്നു. എസ്.എഫ്.ഐ നേതാവ് എന്ന നിലയില്‍ നിരവധി തവണ ബ്യൂറോയില്‍ എത്തി സംസാരിക്കാറുണ്ടായിരുന്ന ശിവദാസന്‍ മികച്ച സംഘാടകനാണെന്ന് അന്ന് തന്നെ ബോധ്യപ്പെട്ടിരുന്നു. ക്ലേശം നിറഞ്ഞ ജീവിത സാഹചര്യങ്ങളെ ഇച്ഛാശക്തിയോടെ പൊരുതി തോല്‍പ്പിച്ചാണ് ശിവദാസന്‍ മുന്നേറുന്നത്. പ്രിയ സുഹൃത്തിനും ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here