സായാഹ്ന പത്രസമ്മേളനങ്ങളില്‍ ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാക്ചാതുരി:ജോൺ ബ്രിട്ടാസിനെക്കുറിച്ച് ജിജോ തച്ചൻ

‘സായാഹ്ന പത്രസമ്മേളനങ്ങളില്‍ ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാക്ചാതുരി. വികെ മാധവന്‍കുട്ടിക്ക് പോലും വാര്‍ത്തകളുടെ നൂതന ആങ്കിളുകള്‍ കാട്ടിക്കൊടുക്കുന്ന ധിഷണാശാലി, അതായിരുന്നു ബുദ്ധിയും സൗന്ദര്യവും ഒരുമിച്ച് അനുഗ്രഹിച്ച ബ്രിട്ടാസ് എന്ന കണ്ണൂര്‍ക്കാരന്‍.’ രാജ്യസഭയിലേക്ക് പുതിയ ഉത്തരവാദിത്വങ്ങളുമായി യാത്രയാരംഭിക്കുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൈരളി ചാനല്‍ മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിനെ സുഹൃത്തായ ജിജോ തച്ചന്‍ വിശേഷിപ്പിച്ചതിങ്ങനെയാണ്.

ജോണ്‍ ബ്രിട്ടാസിന്റെ പുതിയ കര്‍മദൗത്യത്തിന് ആശംസകള്‍ നേരുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള മാധ്യ ജീവിതത്തെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയുമാണ് ജിജോ തച്ചന്‍.

ജിജോ തച്ചന്റെ കുറിപ്പ് വായിക്കാം

പ്രിയ സ്‌നേഹിതന്‍ ബ്രിട്ടാസിനെ അനുമോദിച്ചുകൊണ്ട് ഇസ്മുവും നാസറും എഴുതിയ കുറിപ്പുകളാണ് ഓര്‍മകളുടെ ചെപ്പു തുറക്കാനുള്ള പ്രചോദനമായത്.

1990ഇല്‍ പത്രപ്രവര്‍ത്തന മോഹവുമായി ഞാന്‍ ദില്ലിയില്‍ കാലുകുത്തുമ്പോള്‍ റാഫി മാര്‍ഗിലെ പുലിയാണ് ബ്രിട്ടാസ്. ഐഎന്‍എസ്സിലെ ഐരാവതങ്ങളെപ്പോലും വിരല്‍ത്തുമ്പില്‍ ചുഴറ്റി മലര്‍ത്തിയടിക്കുന്ന കൂര്‍മ്മബുദ്ധിയായ പത്രപ്രവര്‍ത്തകന്‍. സായാഹ്ന പത്രസമ്മേളനങ്ങളില്‍ ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാക്ചാതുരി. വികെ മാധവന്‍കുട്ടിക്ക് പോലും വാര്‍ത്തകളുടെ നൂതന ആങ്കിളുകള്‍ കാട്ടിക്കൊടുക്കുന്ന ധിഷണാശാലി, അതായിരുന്നു ബുദ്ധിയും സൗന്ദര്യവും ഒരുമിച്ച് അനുഗ്രഹിച്ച ബ്രിട്ടാസ് എന്ന കണ്ണൂര്‍ക്കാരന്‍.

ന്യൂഡല്‍ഹി ഇന്ന്, മംഗളം, മാധ്യമം എന്നീ പത്രങ്ങളിലെ അനുഭവപരിചയവുമായി 1992ഇല്‍ ആണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘ക്ഷണം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയുടെ റിപ്പോര്‍ട്ടറായി ഞാന്‍ ചേരുന്നത്. ‘ദില്ലിക്ക് സംസ്ഥാന പദവി വാളോ വരമോ’ എന്നതായിരുന്നു എന്റെ പ്രഥമ റിപ്പോര്‍ട്ടിന്റെ വിഷയം. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയായത്. ആദ്യ എപ്പിസോഡില്‍ അണിനിരത്തിയത് എന്റെ ബന്ധു കൂടിയായ എം എം ജേക്കബ് (അന്ന് കേന്ദ്ര മന്ത്രി), ബിജെപി നേതാവ് ഒ രാജാഗോപാല്‍, കെ വി തോമസ് എം പി, മനോരമ ലേഖകന്‍ ഡി വിജയമോഹന്‍, ദേശാഭിമാനി ലേഖകന്‍ ബ്രിട്ടാസ് എന്നിവരെ.

അടുത്ത പരിചയം ഉള്ളതുകൊണ്ട് ബ്രിട്ടാസിനെത്തന്നെ ആദ്യം ഇന്റര്‍വ്യൂ ചെയ്യാന്‍ തീരുമാനിച്ചു. പിന്നെ ഷൂട്ടിങ് സംവിധാനങ്ങളുമായി നേരെ വിപി ഹൌസിലെ ദേശാഭിമാനി ഓഫീസിലേക്ക്.
ചെല്ലുമ്പോള്‍ വര്‍മാജി (പ്രഭാ വര്‍മ) മാത്രം.
ഷൂട്ടിങ് ക്രൂ വെള്ളക്കുടകളും പോട്ട ലൈറ്റുകളും നിരത്തിത്തുടങ്ങി.
‘വര്‍മാജി, ബ്രിട്ടാസ് എവിടെപ്പോയി’? ‘ഇവിടെയുണ്ടായിരുന്നല്ലോ,’ അദ്ദേഹം എഴുത്ത് തുടര്‍ന്നു.

ഏതാനും നിമിഷങ്ങള്‍ക്കകം കഥാനായകന്‍ പ്രത്യക്ഷനായി. എന്നെ മുറിക്കു പുറത്തേക്കു കൈകാട്ടി വിളിച്ചു. നന്നേ വിയര്‍ത്തിരുന്നു. ‘ തച്ചാ, ശരിയാവില്ലെടാ, ഇന്ന് വേണ്ടാ, നീ പോ’. ചുട്ടുപഴുത്ത പ്രസംഗങ്ങളിലൂടെ കാമ്പസിനെ ത്രസിപ്പിച്ചവന്‍, മൂര്‍ച്ചയുള്ള വാക്കുകള്‍ക്കൊണ്ട് നെറികേടുകള്‍ക്കെതിരെ കലാപം നയിച്ചവന്‍ — അവന്റെ കണ്ണുകളില്‍ അപ്പോള്‍ മിന്നിമറഞ്ഞത് എന്തായിരുന്നു? കാമറയെ അഭിമുഖീകരിക്കാനുള്ള ഭയമോ?

ആദ്യമായി ഒരു ടെലിവിഷന്‍ പരിപാടി ചെയ്യുന്ന ടെന്‍ഷനിലായിരുന്നു ഞാന്‍. എല്ലാം വാടകക്ക് എടുത്ത ഉപകരണങ്ങള്‍. ഷൂട്ടിംഗ് മുടങ്ങിയാല്‍ പ്രൊഡ്യൂസര്‍ക്കു വലിയ നഷ്ടം വരും. ‘ബ്രിട്ടാസേ ചതിക്കരുത്, രണ്ട് മിനിറ്റ് മതി.’ എന്റെ ഗതികെട്ട മുഖം ബ്രിട്ടാസിന് എന്തോ ധൈര്യം കൊടുത്തു. അഞ്ചുമിനിട്ടില്‍ അഭിമുഖം പൂര്‍ത്തിയായി. റീടേക് ഇല്ലാതെ. ആ റിപ്പോര്‍ട്ടിലെ ഏറ്റവും മികച്ച പ്രകടനം. എന്റെ ആദ്യത്തെ ദൃശ്യമാധ്യമ കാല്‍വെയ്പ്. ഒരുപക്ഷെ ബ്രിട്ടാസിന്റെയും.
മലയാള ദൃശ്യമാധ്യമരംഗത്തെ കുലപതിയെന്നു പേരെടുത്ത പ്രിയ സുഹൃത്തിന്റെ പുതിയ കര്‍മദൗത്യത്തിന് എല്ലാ ആശംസകളും. രാജ്യം ബ്രിട്ടാസില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News