കോ‍ഴിക്കോട് ജില്ലയില്‍ കൊവിഡ് സാഹചര്യം രൂക്ഷം; വെള്ളിയാ‍ഴ്ച സ്ഥിരീകരിച്ചത് 1560 കേസുകള്‍

കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 1560 കേസുകൾ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ മുകളിൽ.

കണ്ടെയ്ൻമെൻ്റ് സോണുകളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. മാസ് ടെസ്റ്റിംഗിന് പുറമെ 134 കേന്ദ്രങ്ങളിൽ ഇന്ന് വാക്സിനേഷൻ നൽകും.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ 5 ദിവസങ്ങളിലായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1000 ന് മുകളിലാണ്. വെള്ളിയാഴ്ച 1560 ആയി ഉയർന്നു. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണിത്. ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബര്‍ ഏഴിനായിരുന്നു. 1576 പേര്‍ക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 15.04 ശതമാനമായിരുന്നു അന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൊവിഡ് പ്രതിരോധ പ്രവർത്തനവും ജില്ലയിൽ ഊർജിതമായി പുരോഗമിക്കുന്നു. മാസ് ടെസ്റ്റിംഗിൻ്റെ ഭാഗമായി വെള്ളിയാഴ്ച 19300 ടെസ്റ്റുകൾ നടത്തി. വെളളി, ശനി ദിവസങ്ങളിലായി 31,400 ടെസ്റ്റുകൾ നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിർദേശം. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണ് ജില്ലയിലേത്. രണ്ട് ദിവസം കൊണ്ട് 40000 ടെസ്റ്റുകള്‍ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ജില്ലയിലെ കൺടെയ്ൻമെന്റ് സോണുകളിൽ കളക്ടർ 144 പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാൻ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കൺടെയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ ഇതുപ്രകാരം പൂർണമായി നിരോധിച്ചു.

തൊഴിൽ, അവശ്യ സേവനാവശ്യങ്ങൾക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന ശിക്ഷാനടപടികൾ സ്വീകരിക്കാൻ പോലീസ് മേധാവികൾക്ക് കലക്ടർ നിർദേശം നൽകി. രോഗവ്യാപനം അതി തീവ്രമായി തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here