കെപി ജിജേഷ് വധക്കേസ്: ഒ‍ളിവില്‍ ക‍ഴിഞ്ഞിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിദേശത്ത് നിന്നും പിടിയില്‍

സിപിഐ എം പ്രവര്‍ത്തകന്‍ കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ട ആര്‍എസ്എസ്സുകാരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. യുഎഇയില്‍നിന്ന് ഇന്റര്‍പോള്‍ പിടികൂടിയ മാഹി ചെമ്പ്ര പാര്‍വതി നിവാസില്‍ പ്രഭീഷ്‌കുമാറിനെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വര്‍ഷങ്ങളായി വിദേശത്ത് ഒളിവില്‍കഴിയുകയായിരുന്നു. കേസില്‍ ഒമ്പതാം പ്രതിയാണ്.

2008 ജനുവരി 27ന് പുലര്‍ച്ചെയാണ് ജിജേഷിനെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയത്. അന്ന് മാഹി പൊലീസില്‍ ഹോംഗാര്‍ഡായിരുന്നു പ്രഭീഷ്‌കുമാര്‍ എന്ന പുലി പ്രഭീഷ്. മാഹി സ്റ്റേഷനില്‍നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തതും. ജാമ്യത്തിലിറങ്ങി ആര്‍എസ്എസ് സഹായത്തോടെ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു.

മുമ്പ് ജില്ലാ സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ മുഖേന റെഡ്കോര്‍ണര്‍ നോട്ടീസും. പ്രതിയെ തലശേരി സബ് ജയിലില്‍ റിമാന്‍ഡുചെയ്തു. പാസ്‌പോര്‍ട്ട് കോടതി കസ്റ്റഡിയിലെടുത്തു.

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തിലും പ്രഭീഷ്‌കുമാര്‍ പങ്കെടുത്തിട്ടുണ്ടെന്ന് ആര്‍എസ്എസ്സുകാരനായ കുപ്പി സുബീഷ് പൊലീസിനു നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here