എറണാകുളം ജില്ലയിൽ ഒരാഴ്ച 8251 രോഗികൾ

ജില്ലയിൽ ഒരാഴ്ചയ്‌ക്കിടെ 8251 കോവിഡ് ബാധിതർ. ഏപ്രിൽ ഒന്നുമുതൽ എട്ടുവരെ 3317 പേർക്കാണ് രോഗം ബാധിച്ചത്. ഇതിന്റെ ഇരട്ടിയിലധികം പേർക്കാണ്‌ ഈ ആഴ്ച രോ​ഗം. എറണാകുളത്ത് പരിശോധന കൂടുതൽ നടക്കുന്നതിനാൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് ആരോ​ഗ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യുവാക്കളിലുൾപ്പെടെ കോവിഡിന്റെ തീവ്രലക്ഷണങ്ങൾ പ്രകടമാകുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ സൗകര്യങ്ങൾ എന്നിവ കൂട്ടേണ്ടതുണ്ട്. എറണാകുളം മെഡിക്കൽ കോളേജ്, ആലുവ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്കുപുറമേ കലൂർ പിവിഎസ് ആശുപത്രിയും ചികിത്സയ്ക്കായി ഒരുക്കിയിട്ടുണ്ട്. രോഗബാധ കുറഞ്ഞ സാഹചര്യത്തിൽ പിവിഎസ് ആശുപത്രി മാനേജ്‌മെന്റിന് തിരികെ നൽകിയിരുന്നു. അടുത്ത മൂന്നാഴ്ചത്തേക്കുക്കൂടി ആരോഗ്യവകുപ്പ് പിവിഎസ് ആശുപത്രിയെ പ്രയോജനപ്പെടുത്തും.

യുവാക്കളിലെ തീവ്രലക്ഷണം ​ഗൗരവമായി എടുക്കണം
കോവിഡ് ബാധിതരായ യുവാക്കൾ തീവ്രലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് ​ഗൗരവമായി കാണണമെന്ന് ഐഎംഎ സയന്റിഫിക് അഡ്വൈസർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. തീവ്രമായ ന്യുമോണിയ, ശ്വാസതടസ്സം എന്നിവയാണ് പ്രകടിപ്പിക്കുന്നത്. വാക്‌സിനേഷൻ നടത്തിയ പ്രായമായവരിൽ ഇത്‌ പ്രകടമല്ല. കൂടുതൽ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമ്പോൾ ടിപിആർ നിരക്ക് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കും
ആലുവ താലൂക്ക് ആശുപത്രി, കലൂർ പിവിഎസ് ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഐസിയു കിടക്കകളും വെന്റിലേറ്റർ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ജില്ല ആശുപത്രിയിലെ പഴയ ശസ്ത്രക്രിയ ബ്ലോക്ക് രണ്ടുകോടി രൂപ ചെലവിൽ നവീകരിച്ച് കോവിഡ് ചികിത്സയ്‌ക്കായി ഒരുക്കി.

ജില്ലയിലെ കോവിഡ് പോസിറ്റീവായ ഗർഭിണികൾക്ക് ഉൾപ്പെടെ ഇവിടെ തുടർചികിത്സ ലഭിക്കും. കോവിഡ് കേസുകൾ കുറഞ്ഞപ്പോൾ സ്വകാര്യ ആശുപത്രികൾ കോവിഡ് വാർഡുകൾ കോവിഡിതര ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത് തിരിച്ച് കോവിഡ് വാർഡുകളാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ അഞ്ഞൂറിലധികം കോവിഡ് രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ല കോ–ഓർഡിനേറ്റർ ഡോ. മാത്യു നുമ്പേലി പറഞ്ഞു.

തൃപ്പൂണിത്തുറ, പള്ളുരുത്തി, ഫോർട്ടുകൊച്ചി, സിയാൽ, മൂവാറ്റുപുഴ, വെങ്ങോല, രാമമംഗലം എന്നിവിടങ്ങളിൽ കിടത്തിചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ആരംഭിച്ചു. ഇതിനുപുറമേ മുളന്തുരുത്തി, തിരുമാറാടി, പള്ളുരുത്തി, കിഴക്കമ്പലം എന്നിവിടങ്ങളിൽ 75 മുതൽ 100 രോഗികളെവരെ ചികിത്സിക്കുന്ന കേന്ദ്രങ്ങൾ ശനിയാഴ്ച ആരംഭിക്കും.

‘ഐവർമെക്ടിൻ’ 
അം​ഗീകൃത ചികിത്സയല്ല
സോഷ്യൽ മീഡിയ താരമാക്കിയ ‘ഐവർമെക്ടിൻ’ ഒരു അംഗീകൃത കോവിഡ് ചികിത്സയല്ല. അത് വിരയ്ക്കുള്ള ഗുളികയാണ്. സാമൂഹ്യമാധ്യമങ്ങളിൽ കാണുന്ന ചികിത്സകളെല്ലാം വിശ്വസിക്കരുതെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here