ലോകം ഇന്ന് കൊവിഡ്ഭീതിയിലാണ്. രാജ്യങ്ങൾ ഒരു ലോക്ക് ഡൗണിന്റെ അവസ്ഥയിലേക്ക് പോകുമ്പോൾ പലരും പരിഭ്രാന്തിയിലാണ്. രോഗം വരാതിരിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുമ്പോഴും ആരോഗ്യകാര്യങ്ങളിൽ പലർക്കും ആശങ്കയുണ്ട്.
കൊവിഡ്കാലത്ത് ശ്രദ്ധിക്കേണ്ട ആഹാരകാര്യങ്ങൾ എന്തെല്ലാമാണ്?
1. പച്ചക്കറികളും മറ്റു ഭക്ഷണപദാർത്ഥങ്ങളും (റോ ഫുഡ്) വേവിക്കാതെ കഴിക്കുന്നത് ഈ സമയം പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികളും മറ്റും എത്രത്തോളം സുരക്ഷിതമാണെന്ന് ഇപ്പോൾ ഉറപ്പുവരുത്താൻ കഴിയില്ല. സലാഡിനും മറ്റുമായി പച്ചക്കറികൾ ഉപയോഗിക്കുമ്പോഴും നന്നായി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തൊലി അടർത്തി കളയാവുന്ന പഴങ്ങൾ തിരഞ്ഞെടുക്കാം.
2. കടുത്ത ഭക്ഷണനിയന്ത്രണം (ഡയറ്റ്) ഈ സമയത്ത് വേണ്ട. പ്രകൃതിദത്തമായ രീതിയിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയ സമീകൃതഭക്ഷണം ശീലിക്കുക.
3. കൊറോണ വൈറസിനെ തടയാൻ നല്ലത് എന്ന രീതിയിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പൊതുവെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ് നാരങ്ങ, വെളുത്തുള്ളി, കറുവപ്പട്ട എന്നിവ. ഇവ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.
4. വളരെ പെട്ടെന്ന് ഫലം ലഭിക്കുമെങ്കിലും ഡയറ്റീഷ്യന്മാരും ആരോഗ്യവിദഗ്ധരും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത ഒന്നാണ് കീറ്റോ ഡയറ്റ്. ഏറെ പാർശ്വഫലങ്ങൾ പലരിലും കീറ്റോ കാരണം ഉണ്ടാവുന്നുവെന്നതാണ് ഇതിനു കാരണം. കീറ്റോ ഡയറ്റ് ഈ സമയത്ത് പൂർണമായും ഒഴിവാക്കുക.
5. ഏറെ കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവയും അനാരോഗ്യകരമാണ്.
6. ജിം, ഹെൽത്ത് ക്ലബ്ബുകൾ എന്നിവ അടച്ചതു വഴി പലരുടെയും നിത്യേനയുള്ള വ്യായാമം മുടങ്ങിയിട്ടുണ്ട്. ഇതൊന്നുമില്ലെങ്കിലും വീട്ടിലും ചെറിയ വ്യായാമങ്ങൾ ചെയ്യാവുന്നതെ ഉള്ളൂ. വീടിനു ചുറ്റും കുറച്ചുനേരം നടത്തമോ, ചെറിയ സ്ട്രെച്ചിംഗ് എക്സർസൈസോ, പടികൾ കയറി ഇറങ്ങുന്നതോ ഒക്കെ ശരീരം ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും.
7.കൊവിഡ്കാലത്തിനൊപ്പം തന്നെ കനത്ത വേനൽക്കാലത്തെ കൂടിയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. നന്നായി വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിർത്തേണ്ടതുണ്ട്. ഒപ്പം തൈര്, മോരുവെള്ളം എന്നിവയൊക്കെ കുടിക്കുന്നത് ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കാനും നല്ലതാണ്.
8. ജ്യൂസുകൾ കഴിവതും വീട്ടിലുണ്ടാക്കി കഴിക്കുക. പുറത്തു നിന്നുള്ള ജ്യൂസുകൾ ഒഴിവാക്കുക. ഒരുപാട് തണുപ്പിച്ച് വെള്ളമോ ജ്യൂസോ കഴിക്കുന്നതും ഒഴിവാക്കാവുന്നതാണ്. കൂടുതൽ തണുപ്പുള്ള ഭക്ഷണങ്ങൾ തൊണ്ടയ്ക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാനും തൊണ്ടവേദനയിലേക്കോ ജലദോഷത്തിലേക്കോ ഒക്കെ നയിക്കാനും സാധ്യതയുണ്ട്.
9. പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതും പരമാവധി ഒഴിവാക്കുക. വീട്ടിൽ പാചകം ചെയ്തു കഴിക്കുന്നതിന് പ്രാധാന്യം കൊടുക്കാം. ബാച്ച്‌ലേഴ്സായി താമസിക്കുന്നവർക്ക് വലിയ രീതിയിൽ പാചകമൊക്കെ പലപ്പോഴും ബുദ്ധിമുട്ടാവും. ലളിതമായി ഉണ്ടാക്കാവുന്ന, എന്നാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ അവർക്കും ശീലമാക്കാവുന്നതെയുള്ളൂ. കോൺഫ്ളെക്സ്, ഓട്സ്, മുട്ട, പഴങ്ങൾ എന്നിവയൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അത്യാവശ്യം ഘട്ടങ്ങളിൽ റെഡി റ്റു കുക്ക് ചപ്പാത്തി പോലുള്ളവയും ഉപകാരപ്രദമാവും.
10. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പലരും ഇന്ന് ‘വർക്ക് ഫ്രം ഹോം’ രീതിയിലാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും തുടർച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന രീതി ഒഴിവാക്കുക. ഇടയ്ക്ക് എണീറ്റ് നടക്കാനും വെള്ളം കുടിക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റയിരിപ്പിൽ ഇരുന്ന് വർക്ക് ചെയ്യാതെ ചെറിയ ചെറിയ ബ്രേക്കുകൾ എടുക്കുന്നത് നല്ലതാണ്. ഇടവേളകളിൽ അലാറാം വെച്ചോ ടൈമർ വെച്ചോ ബ്രേക്ക് ടൈം നിശ്ചയിക്കാം.
Get real time update about this post categories directly on your device, subscribe now.