നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു

നെന്‍മാറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു.  ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി പണം നല്‍കി വോട്ട് കച്ചവടം നടത്തി. മണ്ഡലത്തില്‍ പണാധിപത്യമാണ് നടന്നതെന്നും എന്നാല്‍ ഇതെല്ലാം മറികടന്ന് എല്‍ഡിഎഫ് വിജയിക്കുമെന്നും കെ ബാബു പറഞ്ഞു.

യുഡിഎഫില്‍ സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണമുയര്‍ന്ന നെന്‍മാറ മണ്ഡലത്തില്‍ വോട്ട് കച്ചവടവും നടന്നുവെന്നാണ് ആരോപണമുയരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഎംപിയിലെ സിഎന്‍ വിജയകൃഷ്ണന്‍ പണം കൊടുത്താണ് സീറ്റ് വാങ്ങിയത്. വിജയകൃഷ്ണന്‍ വോട്ടിനായി നിരവധി പേര്‍ക്ക് പണം നല്‍കി.

വോട്ടര്‍മാര്‍ക്കും പല സ്ഥലങ്ങളിലും പണം നല്‍കിയിട്ടുണ്ട്. അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കി സ്വാധീനിച്ചു. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും പോളിംഗ് ഏജന്‍റുമാര്‍ പോലുമുണ്ടായിരുന്നില്ല പണാധിപത്യമാണ് തിരഞ്ഞെടുപ്പില്‍ നടന്നത്. എന്നാല്‍ എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് കെ ബാബു പറഞ്ഞു.
രണ്ട് മുന്നണികളും സീറ്റ് ഘടകകക്ഷിക്ക് നല്‍കിയതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സീറ്റ് കച്ചവടത്തില്‍ പ്രതിഷേധമുള്ള പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു. കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ട് നല്‍കിയത് പണം വാങ്ങിയാണെന്ന് ആരോപിച്ച് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നെന്‍മാറയില്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
കൈരളി ന്യൂസ്, പാലക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News