‘കുംഭമേളയില്‍ നിന്ന് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി വിതരണം ചെയ്യും, വന്നിട്ട് സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി ‘ ; മുംബൈ മേയര്‍

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മേയര്‍ കിഷോരി പെദ്‌നെകറുടെ വിമര്‍ശനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും പെഡ്‌നേക്കര്‍ വ്യക്തമാക്കി.

കുംഭമേള കഴിഞ്ഞ് അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി കൊണ്ടുവരികയാണ്. കുംഭമേള കഴിഞ്ഞെത്തുന്ന ആളുകളെല്ലാം അവരുടെ സ്വന്തം ചെലവില്‍ അതത് സംസ്ഥാനങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. മടങ്ങിവരുമ്പോള്‍ അവരെ ക്വാറന്റീനില്‍ നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. മുംബൈ മേയര്‍ വ്യക്തമാക്കി.

95 ശതമാനം മുംബൈക്കാരും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. ബാക്കി 5 ശതമാനം ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കുന്നു. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ഞാന്‍ കരുതുന്നത്.’ പെഡ്നേക്കര്‍ പറഞ്ഞു.

എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. ഒറ്റ ദിവസത്തിനുള്ളില്‍ 63,729 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 398 മരണങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ 8,803 പുതിയ കേസുകളും 53 മരണങ്ങളും രേഖപ്പെടുത്തി.

കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിനമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ 54 സന്യാസിമാർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്.

അതേ സമയം നിരജ്ഞാനി അഖാരക്ക് പിന്നാലെ തപോനിധി ശ്രി ആനന്ദ് അഖാരയും പിൻമാറ്റം പ്രഖ്യാപിച്ചു. ഈ രണ്ട് അഖാരകളിലെയും സന്യാസിമാർ ഇന്ന് മടങ്ങും.

അതേസമയം പിൻമാറ്റം പ്രഖ്യാപിച്ചതിൽ അഖാരകളിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി. മറ്റ് അഖാരകളോട് ആലോചിക്കാതെ പിൻമാറ്റം പ്രഖ്യാപിച്ചത് തെറ്റെന്നും നിരജ്ഞാനി അഖാര മാപ്പ് പറയണമെന്നും മറ്റ് അഖാരകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കുംഭമേളക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് മുന്നിൽ പൊതുതാൽപര്യ ഹർജി എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News