വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പൊലീസിന് ; കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സൂചന

എറണാകുളം മുട്ടാറില്‍ കണ്ടെത്തിയ വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പോലീസിന് ലഭിച്ചു. കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന സൂചനയാണ് റിപ്പോര്‍ട്ടില്‍ നിന്നും ലഭിക്കുന്നത്. അതേസമയം, പിതാവ് സനു മോഹന് വേണ്ടിയുള്ള പൊലീസ് അന്വേഷണം അവസാന ഘട്ടത്തില്‍ പുരോഗമിക്കുകയാണ്. സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.

പതിനൊന്നു വയസുകാരി വൈഗയെ എറണാകുളത്തെ മുട്ടാര്‍ പുഴയില്‍ നിന്നും ലഭിച്ചിട്ട് മാസം ഒന്ന് ആവാറായി. പിതാവ് സനു മോഹന് വേണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളുടെ വിവിധ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.

മൂന്ന് സംഘങ്ങളായി നടത്തിയ അന്വേഷണത്തിനോടുവില്‍ സനു മോഹനെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള് താമസിച്ചിരുന്ന കൊല്ലൂരിലെ ഹോട്ടലില്‍ നിന്നും സനു മോഹന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

വരും ദിവസങ്ങളില്‍ തന്നെ സനു മോഹനെ കണ്ടെത്താന്‍ കഴിയും എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വൈഗയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം പൊലീസിന് ലഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം കുട്ടിയെ അബോധാവസ്ഥയില്‍ പുഴയില്‍ തള്ളിയത് ആകാമെന്ന നിഗമനത്തില്‍ ആണ് പൊലീസ്.

റിപ്പോര്‍ട്ട് കേന്ദ്രീകരിച്ചും പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പുഴയിലും ഫ്‌ലാറ്റിലും സനു മോഹനായി നേരത്തെ തിരച്ചില്‍ നടത്തിയ പൊലീസ് ഇയാളുടെ കാര്‍ വാളയാര്‍ അതിര്‍ത്തി കടന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിച്ചുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here