പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് കോടതി പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പന്ത്രണ്ട് വര്‍ഷം മുന്പ് മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ മോഷണത്തിനിടെ അമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

2009 ജനുവരി 5നാണ് മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി ഷാപ്പുംകുന്ന് സ്വദേശിയായ 65 വയസ്സുള്ള കല്യാണിയും 35 വയസ്സുകാരിയായ മകള്‍ ലീലയും കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ വീട്ടില്‍ ജോലിക്കു വന്നിരുന്ന കാരാക്കുറിശ്ശി സ്വദേശി സുരേഷ്, അയ്യപ്പന്‍ കുട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അയ്യപ്പന്‍കുട്ടിയുടെ വിവാഹത്തിന് പണം കണ്ടെത്താനായി നടത്തിയ മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിനു ശേഷം സ്വര്‍ണ്ണാഭരണങ്ങളുള്‍പ്പെടെ പ്രതികള്‍ കവര്‍ന്നിരുന്നു. കൊലപാതകം, കവര്‍ച്ച, അതിക്രമിച്ച് കയറല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

പ്രതികള്‍ക്കെതിരെ അമ്മയേയും മകളെയും കൊലപ്പെടുത്തിയതിന് രണ്ട് ജീവപര്യന്തവും ആഭരണം കവർന്നതിന് രണ്ട് ജീവപര്യന്തവും അതിക്രമിച്ച് കയറിയതിന് ഒരു ജീവപര്യന്തവും ഉള്‍പ്പെടെയാണ് അഞ്ച് ജീവപര്യന്തം മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതി ജഡ്ജി മധു കെഎസ് ശിക്ഷ വിധിച്ചത്.

നിലവില്‍ തിരൂര്‍ ഡിവൈഎസ്പിയായ പികെ സുരേഷ് ബാബു അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പി ജയനാണ് ഹാജരായത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട കല്യാണിയുടെയും ലീലയുടെയും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷം രൂപ പി‍ഴയും ചുമത്തിയിട്ടുണ്ട്. പി‍ഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി ശിക്ഷയനുഭവിക്കണം. പാലക്കാട് ജില്ലയില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശിക്ഷാ വിധിയാണ് മണ്ണാര്‍ക്കാട് ജില്ലാ സ്പെഷ്യല്‍ കോടതി ഇരട്ടക്കൊലപാതക്കേസില്‍ കോടതി പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News