ഓക്‌സിജന്‍ കിട്ടാതെ ഒരു ജീവനും നമുക്ക് നഷ്ടമാകരുത്; ഇനിയൊരു അപായ സൂചനക്ക് സമയം ഉണ്ടാകില്ല; ഡോ. ഷമീര്‍ എഴുതുന്നു

കൊവിഡിന്റെ രണ്ടാം തരംഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാമെന്ന് ഡോക്ടര്‍ ഷമീര്‍. നമുക്ക് പഴയ പോലെ കൈ കോര്‍ത്തേ മതിയാകൂ. ഇനിയും രോഗികളുടെ എണ്ണം കൂടരുത്.

ആശുപത്രിയില്‍ കട്ടിലും ഓക്‌സിജനും കിട്ടാതെ ഒരു ജീവനും നമുക്ക് നഷ്ടമാവരുത്. ഇനി ഒരു അപായ സൂചനക്ക് സമയം ഉണ്ടാവില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതു വരെ നമുക്ക് പല പ്രയോറിറ്റികള്‍ ഉണ്ടായിരുന്നു. നമ്മള്‍ മത്സരിച്ചു. പരസ്പരം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ മലയാളികള്‍ ഒരു ആപത്ത് വന്നാല്‍ ഒറ്റക്കെട്ടാണെന്നല്ലേ? ആപത്ത് ഇതാ വാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ഇനി ഒരു അപായ സൂചനക്ക് സമയം ഉണ്ടാവില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓരോ ദിവസവും രണ്ടു വാര്‍ഡുകള്‍ വീതമാണ് കോവിഡിന് വേണ്ടി തുറക്കേണ്ടി വരുന്നത്. അത് ഓക്‌സിജന്‍ കുറവുള്ള കോവിഡ് രോഗികള്‍ക്ക് മാത്രം. ഓരോ ദിവസം തുറക്കുന്നത് അന്ന് രാത്രി ആകുമ്പോഴേക്കും നിറയുകയാണ്.

ജൂനിയര്‍ ഡോക്ടര്‍മാരും മറ്റു സ്റ്റാഫും നന്നായി വിയര്‍ക്കുന്നുണ്ട്. ഐസിയു വേണ്ടവര്‍ക്ക് ബെഡ്ഡ് കിട്ടാന്‍ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കോവിഡിനെതിരെ എന്തൊക്കെ ചെയ്യാമെന്ന് നമ്മള്‍ നന്നായി മനസ്സിലാക്കി. അതെല്ലാം ചെയ്‌തേ പറ്റൂ. കൂടെ വാക്‌സിനും. ഒറ്റപ്പെട്ട വാര്‍ത്തകള്‍ കേട്ട് ഭയന്ന് വാക്‌സിനില്‍ നിന്ന് പിന്മാറരുത്.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്താല്‍ അണുബാധ ഉണ്ടായാലും ഗുരുതരമായ രോഗത്തില്‍ നിന്നും രക്ഷപ്പെടും എന്ന് തന്നെയാണ് നമ്മുടെ വിശ്വാസം. നല്ല ശതമാനം വാക്‌സിന്‍ എടുത്ത ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ആണ് കേള്‍ക്കുന്നത്. അത് ഒരു പ്രതീക്ഷയാണ്.

അതിനിടെ വാട്ട്‌സ് ആപ്പ് മെസ്സേജുകളും പൊടിപൊടിക്കുന്നുണ്ട്. ഇത് പുതിയ തരം വൈറസാണെന്നും ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ പെട്ടെന്ന് ശ്വാസം മുട്ടി മരിക്കുമെന്നുമുള്ള ഒരു ശബ്ദ സന്ദേശം പല തവണ കേട്ടു.

വൈറസില്‍ മാറ്റങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഈ പറഞ്ഞ പ്രകാരം ലക്ഷണങ്ങളിലോ സങ്കീര്‍ണ്ണതകളിലോ കാര്യമായ മാറ്റം കണ്ടിട്ടില്ല. തെറ്റായ സന്ദേശങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുകയും ചെയ്യാം.

നമുക്ക് പഴയ പോലെ കൈ കോര്‍ത്തേ മതിയാകൂ. ഇനിയും രോഗികളുടെ എണ്ണം കൂടരുത്. ആശുപത്രിയില്‍ കട്ടിലും ഓക്‌സിജനും കിട്ടാതെ ഒരു ജീവനും നമുക്ക് നഷ്ടമാവരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News