കൊവിഡ് വ്യാപനം: സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണം; ശക്തമായ പരിശോധന

കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള – തമിഴ്നാട് അതിർത്തികളിൽ കർശനപരിശോധന. രാത്രികാല കർഫ്യൂവിനെത്തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ നാല് വരെ തമിഴ്നാട് അതിർത്തി അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാൻ അനുവദിക്കില്ല. അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും രാത്രികാലകർഫ്യൂവിൽ നിന്ന് ഇളവ് നൽകുകയെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. തമിഴ്നാട്ടിലേക്ക് കടക്കാൻ ഇ – പാസ് നി‍ർബന്ധമാക്കി നേരത്തേ ഉത്തരവിറങ്ങിയിരുന്നതാണ്. ഇത് നിർബന്ധമാക്കും. ഇ- പാസ്സ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങൾക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുന്നത്.

സമാനമായ നിയന്ത്രണങ്ങളുമായി കേരളം

കേരളത്തിലും സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിർത്തിയായ ഇഞ്ചിവിള ചെക്പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ വരെ കേരള അതിർത്തിയിൽ ഒരു തരത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല.

പാലക്കാട്ടെ വാളയാർ അതിർത്തിയിലും കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാഗ്രതാ പോർട്ടലിലെ റജിസ്ട്രേഷൻ പരിശോധിച്ച് ഇ- പാസ്സ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തി, അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. അത് വരെ പതിവ് പോലെ വാഹനങ്ങൾ കടന്ന് പോകുകയായിരുന്നുവെന്നാണ് പാലക്കാട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം മുറിയിൽ ക്വാറന്‍റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വാക്സീൻ എടുത്തവരാണെങ്കിലും 48 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അല്ലാത്തവർ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്‍റൈനിൽ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം. പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ ഇന്ന് മുതൽ രാത്രികാലകർഫ്യൂവും ഞായറാഴ്ചകളിൽ സമ്പൂർണലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നതിൽ, അവശ്യസർവീസുകൾക്കൊഴികെ മറ്റൊന്നിനും ഇളവുണ്ടാവില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News