മോഷണക്കേസിലെ പ്രതിയായ പോലീസുകാരൻ പിടിയില്‍

മോഷ്ടാവിന്‍റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പോലീസുകാരന്‍ അരലക്ഷം രൂപ കവര്‍ന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എന്‍ ശ്രീകാന്താണ് മോഷണ കേസിലെ പ്രതിയുടെ അക്കൌണ്ടില്‍ നിന്ന് അര ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

ശ്രീകാന്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തളിപ്പറമ്പ പോലീസ് സ്റ്റേഷനിലെ സി പി ഒ ഇ എൻ ശ്രീകാന്താണ് പ്രതിയുടെ എ ടി എം കൈക്കലാക്കി പണം കവർന്നത്.

ഇക്കഴിഞ്ഞ മൂന്നാം തീയതി ചൊക്ലി ഒളവിലം സ്വദേശി മനോജ് കുമാറിന്‍റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസില്‍ പുളിമ്പറമ്പ് സ്വദേശി ഗോകുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തട്ടിയെടുത്ത പണം സഹോദരിയുടെ അക്കൗണ്ടിലാണ് ഗോകുൽ നിക്ഷേപിച്ചത്. പിടിയിലാകുമ്പോള്‍ സഹോദരിയുടെ എ.ടി.എം കാര്‍ഡും ഗോകുലിന്‍റെ കൈവശം ഉണ്ടായിരുന്നു.

ഈ എ.ടി.എം കാര്‍ഡ്  പോലീസുകാരനായ ശ്രീകാന്ത് കൈവശപ്പെടുത്തി. കേസന്വേഷണത്തിൻ്റെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഗോകുലിൻ്റെ സഹോദരിയിൽ നിന്നും  പിൻനമ്പറും ചോദിച്ചറിഞ്ഞു.

തുടർന്ന് പല തവണകളായി അക്കൗണ്ടിൽ നിന്നും അര ലക്ഷത്തോളം രൂപ കവരുകയായിരുന്നു. ഗോകുലിന്‍റെ പിതാവിന്‍റെ പരാതിയില്‍ തളിപ്പറമ്പ് ഡി.വൈ.എ.എസ്.പി കെ.ഇ പ്രേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തില്‍ പോലീസ് കേസെടുത്തതായും റൂറല്‍ എസ്.പിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഡിവൈ എസ് പി പറഞ്ഞു.നേരത്തെ മുഖ്യമന്ത്രിയെ അപമാനിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് നടപടി നേരിട്ട പോലീസുകാരനാണ് ശ്രീകാന്ത്.

എ ടി എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത് കൂടാതെ ബിവറേജസിൽ നിന്ന് മദ്യം വാങ്ങാനും കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here