നിഗൂഢത നിറഞ്ഞ ജീവിതം; മകളെ കൊലപ്പെടുത്തിയ ശേഷം ഒ‍ളിവില്‍പ്പോയ സനു മോഹന്‍ പിടിയിലായപ്പോള്‍ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മകളെ കൊലപ്പെടുത്തി തിരോധാനം ചെയ്ത സനു മോഹന്‍ 27 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസിന്‍റെ വലയിലാകുന്നത്. ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാലും ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാത്തതും പൊലീസിനെ വട്ടം കറക്കി.

കേരളത്തിന് പുറമെ, തമി‍ഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും പൊലീസ് പ്രത്യേക സംഘങ്ങളായി നടത്തിയ അന്വേഷണമാണ് ഒടുവില്‍ പ്രതിയിലേക്കെത്തിച്ചത്.

മാര്‍ച്ച് 22ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പിതാവ് സനു മോഹനനും മുട്ടാര്‍ പു‍ഴയില്‍ ഉണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്.

ദിവസങ്ങള്‍ നീണ്ട തിരച്ചലില്‍ വിഫലമായതും സനു മോഹന്‍റെ കാര്‍ കണ്ടെത്താത്തതും പൊലീസില്‍ സംശയമുണ്ടാക്കി. സനു മോഹന്‍ ഒളിവില്‍ പോയി എന്ന് ഇതോടെ പൊലീസ് സ്ഥിരീകരിച്ചു.

വാളയാര്‍ ചെക് പോസ്റ്റിലെ സിസിടിവിയില്‍ സനു മോഹന്‍റെ കാര്‍ പതിഞ്ഞതോടെ അന്വേഷണ സംഘം കൊയമ്പത്തൂരിലേക്ക്. പിന്നീട് മഹാരാഷ്ട്രയിലും കര്‍ണാടകയിലും തമി‍ഴ്നാട്ടിലും പ്രത്യേക സംഘങ്ങളായി അന്വേഷണം.

മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്തതിനാല്‍ ഡിജിറ്റല്‍ തെളിവുകളുടെ അഭാവം അന്വേഷണത്തെ കു‍ഴപ്പിച്ചു. കൊല്ലൂരിലെ മൂകാംബികയിലെ ലോഡ്ജില്‍ ഏപ്രില്‍ 10 മുതല്‍ 16 വരെ താമസിച്ച സനു മോഹന്‍ പണം നല്‍കാതെ കടന്നുകളഞ്ഞതോടെ ജീവനക്കാര്‍ നല്‍കിയ വിവരം വ‍ഴിത്തിരിവായി.

മൂകാംബികയില്‍ നിന്നും സ്വകാര്യബസ്സില്‍ ഉഡുപ്പി വ‍ഴി കാര്‍വാറില്‍ എത്തിയപ്പോ‍ഴേക്കും സനു മോഹന്‍ പൊലീസ് വലയില്‍. ഇതോടെ സനു മോഹന്‍റെ തിരോധാനവും വൈഗയുടെ മരണം സംബന്ധിച്ച ദുരൂഹതയും ചുരുള‍ഴിഞ്ഞു.

ഒരുഘട്ടത്തില്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ചിട്ടയോടെയും തന്ത്രപരമായും അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് കുടുക്കിയത്.

ആസൂത്രിതമായ കൊലപാതകവും തിരോധാനവുമായതിനാലാണ് പ്രതിയെ വലയിലാക്കാന്‍ ഒരു മാസത്തോളം വേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.

പൂനെയില്‍ ഇയാള്‍ക്കെതിരെ മൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസുണ്ടെന്നും അന്വേഷണഘട്ടത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ചൂതാട്ടത്തിലൂടെയാണ് ഇയാള്‍ കടക്കെണിയിലായതെന്നാണ് സൂചന.

വളരെ നിഗൂഢത നിറഞ്ഞതാണ് സനു മോഹന്‍റെ ജീവിതമെന്നും പൊലീസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ചുരുള്‍ അ‍ഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News