സ്വകാര്യ ആശുപത്രികളിലെ 20% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കും; തിരുവനന്തപുരം കളക്ടര്‍

കൊവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.

കൊവിഡ് ബി, സി വിഭാഗങ്ങളിൽപ്പെട്ട രോഗികൾക്ക് ആശുപത്രികളിൽ മുൻഗണന നൽകകുമെന്നും കളക്ടർ പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.

ജില്ലയിലെ കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന് സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയുടേയും ശക്തമായ പിന്തുണ വേണമെന്നു കളക്ടർ പറഞ്ഞു.

കൊവിഡ് രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുകയെന്നതിനു വലിയ പ്രധാന്യം നൽകണം. ഇതു മുൻനിർത്തി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയാവുന്നത്രയും കിടക്കകളും വെന്റിലേറ്ററുകളും കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം.

സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കുന്നതോടെ ജില്ലയിലെ 24 സ്വകാര്യ ആശുപത്രികളിലായി ആയിരത്തോളം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാത്രമായി ലഭിക്കും.

എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് മാനേജ്‌മെന്റിനായി ഒരു നോഡൽ ഓഫിസറെ നിയോഗിക്കണം. ഇവർ കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി(ഡി.പി.എം.എസ്.യു.) നിരന്തര ബന്ധം പുലർത്തണം.

ഓരോ ആശുപത്രികളിലും കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടേയും മറ്റു സൗകര്യങ്ങളുടേയും ലഭ്യതയെക്കുറിച്ച് നോഡൽ ഓഫിസർക്കു കൃത്യമായ ധാരണയുണ്ടാകണം.

കൊവിഡ് ജാഗ്രതാ പോർട്ടലിൽ ഇതു സംബന്ധിച്ച വിവരങ്ങൾ കൃത്യതയോടെ നൽകുന്നുണ്ടെന്ന ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ഇദ്ദേഹത്തിനായിരിക്കും.

ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഓൺലൈൻ റഫറൽ സംവിധാനം പ്രവർത്തനക്ഷമമായിരിക്കണമെന്നും കളക്ടർ നിർദേശിച്ചു.

ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here