അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മത്സ്യബന്ധനബോട്ടില്‍ 3000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂവായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പോവുകയായിരുന്ന മത്സ്യബന്ധനബോട്ട് നാവിക സേനയാണ് പിടികൂടിയത്. ബോട്ടിനെയും ജീവനക്കാരെയും കൊച്ചി തുറമുഖത്തെത്തിച്ചു. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ വിശദമായ അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ നാവിക സേന കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു മത്സ്യബന്ധന ബോട്ട് ശ്രദ്ധയില്‍പ്പെട്ടത്.ബോട്ടിനടുത്തെത്തി വിശദമായ പരിശോധന നടത്തവെയാണ് മുന്നൂറ് കിലോഗ്രാം മയക്കുമരുന്ന് ബോട്ടില്‍ നിന്ന് കണ്ടെടുത്തത്.

അന്താരാഷ്ട്രമാര്‍ക്കറ്റില്‍ മൂവായിരം കോടി രൂപ വിലവരുന്നതാണ് ഈ മയക്കുമരുന്നെന്ന് നാവിക സേന അറിയിച്ചു.ശ്രീലങ്കന്‍ സ്വദേശികളായ അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്.ബോട്ടിനെയും ജീവനക്കാരെയും നാവിക സേന പിന്നീട് കൊച്ചി തുറമുഖത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങി.

പ്രാഥമിക വിവരമനുസരിച്ച് പാക്കിസ്താനിലെ മക്രാന്‍ തീരത്തുനിന്നാണ് മയക്കുമരുന്നുമായി ബോട്ട് പുറപ്പെട്ടതെന്ന് കണ്ടെത്തി. ഇന്ത്യന്‍ തീരം വഴി മാലദ്വീപിലേക്കൊ ശ്രീലങ്കയിലേക്കോ ആയിരിക്കാം മയക്കുമരുന്ന് കടത്തിയതെന്നാണ് സംശയിക്കുന്നത്. ഇന്ത്യന്‍ തീരം വഴി കള്ളക്കടത്ത് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാവിക സേന കടലില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു.

തീവ്രവാദ പ്രവര്‍ത്തനവുമായി ലഹരിക്കടത്തിന് ബന്ധമുണ്ടോ എന്നതടക്കം നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറൊ അന്വേഷിക്കുന്നുണ്ട്.ബോട്ടില്‍ നിന്ന് പിടികൂടിയ ശ്രീലങ്കന്‍ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News