ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന മാധ്യമ പ്രവർത്തനമാണ് മൂന്നുപതിറ്റാണ്ടായി ബ്രിട്ടാസ് നടത്തിവന്നത്.

പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിൽ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്.ഇരുപത്തിരണ്ടാം വയസ്സിൽ മാധ്യമപ്രവർത്തകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം കവർ ചെയ്തത് രാജ്യസഭയാണ്.പിന്നീട് കൈരളി ടിവി എംഡിയായി 2003ൽ ഡൽഹി വിടുന്നതുവരെ പാർലമെന്റ് ഗ്യാലറിയിലെ സാന്നിധ്യമായിരുന്നു.ദേശീയ-സാർവ്വദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടേറെ വാർത്ത മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ച ജോൺ ബ്രിട്ടാസ് ഇനി രാജ്യസഭാംഗമാകുകയാണ്.

ഡൽഹിയിലെ ദീർഘനാളത്തെ മാധ്യമപ്രവർത്തനവും,വിവിധ വിഷയങ്ങളിലെ ആഴമേറിയ അറിവും, ചെറുപ്പം മുതൽക്കുള്ള ഉറച്ച ഇടതുപക്ഷ നിലപാടും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ ജോൺ ബ്രിട്ടാസിന് കരുത്താവും എന്ന്  കോളേജ് കാലഘട്ടത്തിലെ സുഹൃത്തും സഹപാഠിയുമായ അഡ്വ ജോജു സിറിയക്.

അഡ്വ ജോജു സിറിയക്കിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ബ്രിട്ടാസിനെ പരിചയപ്പെടുന്നത് തൃശൂർ കേരളവർമ്മ കോളേജിലെ പഠനകാലത്താണ്. 1987ലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്.. എസ്എഫ്ഐയും എ ഐ എസ് എഫും മുന്നണി ബന്ധം ഇല്ലാതെ മത്സരിച്ച വർഷം. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം കുര്യൻ തോമസ് നയിച്ച പാനലിൽ ബ്രിട്ടാസും ഞാനും കൗൺസിലർ സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് അന്നത്തെ എസ്എഫ്ഐ ജില്ലാ നേതാവും പിൽക്കാലത്ത് മന്ത്രിയും സ്പീക്കറുമായ സഖാവ് കെ രാധാകൃഷ്ണൻ ആയിരുന്നു.

വാശിയേറിയ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ പാനൽ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. ബ്രിട്ടാസിന് ആയിരുന്നു ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്.ബ്രിട്ടാസിന്റെ പ്രാഗല്ഭ്യത്തിന് ലഭിച്ച അംഗീകാരം ആയിരുന്നു അത്. പഠിക്കുക പോരാടുക എന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തിയ ആളായിരുന്നു അദ്ദേഹം .എം എ ഒന്നാം റാങ്കോടെ പാസ്സായ ബ്രിട്ടാസിന്റെ ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ പ്രസംഗിക്കാനുള്ള പാടവം അന്നേ ശ്രദ്ധേയമായിരുന്നു. സാഹസികത നിറഞ്ഞ മാധ്യമപ്രവർത്തനം പിൽക്കാലത്ത് ദേശീയതലത്തിൽ തന്നെ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മാതാ അമൃതാനന്ദമയിയുടെ വിദേശിയായ ശിഷ്യയെ അമേരിക്കയിലെത്തി ഇന്റർവ്യൂ ചെയ്ത സംഭവത്തിൽ വർഗീയവാദികളി ൽ നിന്നും അദ്ദേഹത്തിന് ഭീഷണികൾ നേരിടേണ്ടി വന്നു.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന മാധ്യമ പ്രവർത്തനമാണ് മൂന്നുപതിറ്റാണ്ടായി ബ്രിട്ടാസ് നടത്തിവന്നത്. രാഷ്ട്രമീമാംസയിൽ എന്നപോലെതന്നെ ഭരണഘടനാ നിയമങ്ങളിലും സാഹിത്യത്തിലും നല്ല അവഗാഹം ഉള്ള അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട നോവലും കഥകളും ശ്രദ്ധേയങ്ങളാണ്. ഡൽഹിയിലെ ദീർഘനാളത്തെ മാധ്യമപ്രവർത്തനവും,വിവിധ വിഷയങ്ങളിലെ ആഴമേറിയ അറിവും, ചെറുപ്പം മുതൽക്കുള്ള ഉറച്ച ഇടതുപക്ഷ നിലപാടും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് കരുത്താവും തീർച്ച..

സഖാക്കൾ ജോൺ ബ്രിട്ടാസും ശിവദാസനും രാജ്യസഭാംഗങ്ങൾ ആവുമ്പോൾ പ്രസ്ഥാനം എടുത്ത തീരുമാനം ദീർഘവീക്ഷണത്തോടെ ഉള്ളതും ഉചിതവും എന്ന് കാലം തെളിയിക്കും, ഉറപ്പ്,സഖാക്കൾ ഡോക്ടർ ശിവദാസനും ജോൺ ബ്രിട്ടാസിനും അഭിവാദ്യങ്ങൾ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News