ADVERTISEMENT
തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല ആരോഗ്യ സേന ശക്തിപ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോവിഡ്, നോണ്‍ കോവിഡ് ചികിത്സയ്ക്ക് ഒരു പോലെ ഊന്നല്‍ നല്‍കണം. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
മാസ്‌ക്, കൈ കഴുകല്‍, സാമൂഹിക അകലം എന്നിവ അടിസ്ഥാനമാക്കി ബോധവത്ക്കരണം ശക്തിപ്പെടുത്തണം. ഗുരുതര കോവിഡ് രോഗികളെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യം ഒരുക്കണം. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഐ.സി.യു. കിടക്കകളും ഓക്സിജനും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡൊമിസിയിലിയറി കെയര്‍ സെന്ററുകളും (ഡി.സി.സി.) സി.എഫ്.എല്‍.ടി.സി.കളും സി.എസ്.എല്‍.ടി.സി.കളും സജ്ജമാക്കണം. മഴക്കാല പൂര്‍വ ശുചീകരണവും ശ്രദ്ധിക്കണം. വാര്‍ഡുല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.
ജില്ലാതലത്തില്‍ ഏകോപനം ശക്തിപ്പെടുത്തേണ്ടതാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കമ്മൂണിറ്റി കിച്ചണ്‍ ആരംഭിക്കണം. ആദിവാസി ഊരുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കണം. കോവിഡ്, പാലിയേറ്റീവ് രോഗികള്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കണമെന്നും യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കളക്ടര്‍ എസ്. ഷാനവാസ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡി.പി.എം. ഡോ. സതീശന്‍, തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.