മഹാരാജാസിന്‍റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിക്ക് സ്വതന്ത്രമായൊരു ഓഫീസ്.
ഇതായിരുന്നു മലയോരമണ്ണിലെ വിദ്യാർഥികളുടെ സ്വപ്‌നം. അതിനായി അവർ എല്ലുമുറിയെ പണിയെടുത്തു. അഭിമാനമായി അഭിമന്യു സ്‌മാരകം ഉയർന്നു. അടുത്തമാസം ഉദ്‌ഘാടനമാണ്.
കൽപ്പറ്റയിൽ എ കെ ജി ഭവനോട് ചേർന്നാണ് ഇരുനില സ്വപ്‌നമന്ദിരം. വിദ്യാർഥികളുടെ സമാനതകളില്ലാത്ത സന്നദ്ധപ്രവർത്തനങ്ങളുടെ സ്‌മാരകം കൂടിയാണിത്. 30 ലക്ഷത്തോളം രൂപയാണ് ചെലവായത്. വീടുകളിൽനിന്ന് പഴയ പത്രങ്ങൾ ശേഖരിച്ച് വിറ്റായിരുന്നു തുടക്കം.
പായസക്കച്ചവടം, ഉണ്ണിയപ്പം വിൽപ്പന, ബിരിയാണി ചലഞ്ച്, മുണ്ട്, സാനിറ്റൈസർ വിൽപ്പന, മരം കയറൽ, കൂലിപ്പണി, ചുമടെടുപ്പ്… ആരെയും അത്ഭുതപ്പെടുത്തുന്ന അധ്വാനവും ആത്മാർപ്പണവും. ഇങ്ങനെ പണം കണ്ടെത്തിയതിന് പുറമേ കെട്ടിട നിർമാണത്തിന്റെ വിദഗ്ധ തൊഴിൽ ഒഴികെയുള്ളവയും വിദ്യാർഥികൾ തന്നെചെയ്‌തു.
നിർമാണ വസ്‌തുക്കൾ ചുമന്ന് എത്തിക്കൽ, മണൽ അരിക്കൽ, സിമന്റ് കൂട്ടൽ എന്നിവയെല്ലാം പെൺകുട്ടികളുൾപ്പെടെയുള്ളവർ ചെയ്‌തു. പണം കൂടുതൽ ആവശ്യമായി വന്നപ്പോൾ ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങൾ കൂലിപ്പണിക്കിറങ്ങി. ദിവസങ്ങളോളം പണിയെടുത്തു. മുൻകാല എസ്‌എഫ്‌ഐ പ്രവർത്തകരും സഹകരിച്ചു.
മുകൾനിലയിലാണ് സ്‌റ്റുഡന്റ്‌സ് സെന്റർ പ്രവർത്തിക്കുക. താഴത്തെ നില കർഷകപ്രസ്ഥാനത്തെ ജില്ലയിൽ ദീർഘകാലം നയിച്ച എം വേലായുധന്റെ സ്‌മാരകമാകും.
എസ്‌എഫ്‌ഐയുടെ ഒരു ജില്ലാ കമ്മിറ്റി സ്വന്തമായി കെട്ടിടമുണ്ടാക്കി ഓഫീസ് തുറക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസും പ്രസിഡന്റ് അജിനാസ് അഹമ്മദുമാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.