കാലത്തിനൊപ്പം ചലിക്കുകയും സ്വയം നവീകരിക്കുകയും ചെയ്ത മാധ്യമപ്രവർത്തകനായ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്

“ഇതുവരെയുള്ള  എല്ലാ പടവുകളിലും തിളക്കമാർന്ന സംഭാവന നൽകിയ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. മൂന്നുപതിറ്റാണ്ടിന്റെ ആത്മബന്ധം എന്നിൽ നിക്ഷേപിച്ച ഉറപ്പിൽ നിന്നുള്ള ഗ്യാരന്റിയാണത്”.മാധ്യമപ്രവർത്തനത്തിൽ നിന്നും മറ്റൊരു മേഖലയിലേക്ക് ചുവടുവയ്ക്കുന്ന ജോൺ ബ്രിട്ടാസിനെക്കുറിച്ച് ദീർഘ കാലം കണ്ണൂർ സിപിഐ( എം) ഓഫീസിൽ പ്രവർത്തിച്ച ,ഇപ്പോൾ ക്ലിഫ് ഹൗസിൽ സഹായിയായ എം സുനിൽ(സുനി)എഴുതുന്നു.

എൺപതുകളുടെ അവസാനം വലിയ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് ശേഷം കണ്ണൂർ ശാന്തമായി വരുന്ന കാലഘട്ടമാണ്. സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ആ ഇടയ്ക്കാണ് ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലേക്ക് കൊലുന്നനെയുള്ള ശരീരപ്രകൃതിയുമായി ഒരു ചെറുപ്പക്കാരൻ കടന്നുവരുന്നു. കോളേജിൽ നിന്ന് നേരെയുള്ള വരവാണ്. മീശ മുളച്ച് തുടങ്ങിയിട്ടേയുള്ളൂ. അസ്വാഭാവികമായ പേര് എഴുന്നു നിൽക്കുന്നു. ‘ജോൺബ്രിട്ടാസ്’ എന്ന് പറഞ്ഞ് ഞങ്ങളെയൊക്കെ പരിചയപ്പെട്ടപ്പോൾ ദേശാഭിമാനി കണ്ണൂർ ബ്യൂറോയിൽ പ്രവർത്തിക്കാൻ പറ്റിയ കനം ഇല്ലല്ലോ എന്ന് മനസ്സിൽ കരുതി.  അന്ന് കേരളത്തിലെ ദേശാഭിമാനിയുടെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂറോയാണ് കണ്ണൂരുള്ളത്. സർക്കുലേഷൻ നോക്കിയാൽ മനോരമക്കും മാതൃഭൂമിക്കുമൊപ്പം ദേശാഭിമാനിയും ഉണ്ട്. ആ ഗൗരവം ഉൾക്കൊണ്ടായിരിക്കണം ജില്ലാ കമ്മിറ്റി ഓഫീസിൽ തന്നെയാണ് ദേശാഭിമാനി ബ്യൂറോയും. ആലപ്പുഴക്കാരൻ സി.ഡി.ഷാജിയാണ് മറ്റൊരു ലേഖകൻ. ടെലിപ്രിന്റർ പ്രവർത്തിപ്പിച്ചിരുന്ന ടി.പി.വിജയനേയും കൂടി കൂട്ടിയാൽ ബ്യൂറോ പൂർത്തിയായി.

പുതുതായി വരുന്നവരെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ അന്നും ഇന്നും എനിക്കില്ല. അതുകൊണ്ടുതന്നെ സംശയദൃഷ്ടിയോടെയാണ് പുതിയ കഥാപാത്രത്തെ ഞാൻ നോക്കിക്കൊണ്ടിരുന്നത്. അന്ന് പിണറായി വിജയനാണ് സിപിഐ(എം)ന്റെ ജില്ലാ സെക്രട്ടറി. ആൾക്കാരെ വിലയിരുത്തുന്നതിൽ അന്നും ഇന്നും മുൻപന്തിയിലാണ് അദ്ദേഹം. കാര്യങ്ങൾ ഗ്രഹിച്ച് പ്രവർത്തിക്കാനുള്ള മിടുക്ക് പുതിയ ലേഖകനുണ്ടെന്ന് പിണറായി സഖാവ് പറയുന്നത് കേട്ടാണ് എന്റെ മനോഭാവം ഞാൻ ആദ്യമായി ഭേദഗതി ചെയ്തത്.

ജോൺ ബ്രിട്ടാസിനൊപ്പം പഴയകാലചിത്രം

കണ്ണൂരിൽ പ്രവർത്തിക്കുന്ന ദേശാഭിമാനി ലേഖകന് അന്ന് പിടിപ്പത് പണിയാണ്. മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ജില്ലാ നേതൃത്വത്തിന്റെ സൂക്ഷ്മമായ പരിശോധനയുണ്ടാകും. അവർ എവിടെ പോകുന്നു എന്ന്പോലും നേതൃത്വത്തിന് അറിയാം. ഒന്നും കാണാതെ ജില്ലാ സെക്രട്ടറി മാർക്ക് കൊടുക്കില്ല എന്ന് അറിയാമായിരുന്ന ഞാൻ അല്പാല്പം ബ്രിട്ടാസുമായി അടുത്തു. എന്റെ സംശയദൃഷ്ടിയൊന്നും മൂപ്പർ കൂസുന്നുണ്ടായിരുന്നില്ല. ഏതൊരു കാര്യത്തെക്കുറിച്ചും തുറന്നു സംസാരിക്കും.

ദേശാഭിമാനി ബ്യൂറോയ്ക്ക് തൊട്ടു മുൻപിലുള്ള വരാന്തയിലെ വിശാലമായ മേശപ്പുറത്താണ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ പത്രവായന സംവിധാനം ഒരുക്കിയിട്ടുള്ളത്. എം.വി.ഗോവിന്ദൻ മാഷിനെ പോലുള്ളവർ ഓരോ പത്രവും അരിച്ചുപെറുക്കി അവിടെ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. ഇവരോടൊക്കെ ബ്രിട്ടാസ് ഇടപഴക്കിയിരുന്നത് ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു. അന്താരാഷ്ട്ര കാര്യമാണെങ്കിലും പ്രാദേശിക കാര്യമാണെങ്കിലും അതേ കുറിച്ച് ഒരു കാഴ്ചപ്പാട് അവതരിപ്പിക്കാൻ അയാൾക്ക് അന്നും കഴിഞ്ഞിരുന്നു.

തൃശൂർ കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നേതാവായിരുന്നു എന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. എന്നാൽ എംഎയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോഴാണ് ഞാനൊന്ന് ഞെട്ടിയത്. പഠിത്തത്തിൽ അമ്പേ മോശമായിരുന്ന എനിക്കത് താങ്ങാൻ കഴിയുമായിരുന്നില്ല. എന്നാൽ പ്രത്യേകിച്ച് ഒരു ജാഡയുമില്ലാതെ എന്നെപ്പോലെയുള്ള ആൾക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ ബ്രിട്ടാസ് ഒരുമ്പെട്ടപ്പോൾ ഞാനൊന്ന് അയഞ്ഞു. ബ്രിട്ടാസിന് റാങ്ക് കിട്ടിയ കാര്യം കോളേജിലെ ഒരു പ്രൊഫസർ വിളിച്ചറിയിച്ചത് സഖാവ് പിണറായി വിജയനെ തന്നെയാണ്. അന്നൊക്കെ ബ്രിട്ടാസും മറ്റും സെക്കൻഡ് ഷോ കാണാൻ സ്ഥിരമായി പോകുമായിരുന്നു. രാത്രി ഏതോ പാർട്ടി പരിപാടി കഴിഞ്ഞ് വൈകിയെത്തിയ വിജയേട്ടൻ തന്നെയാണ് ബ്രിട്ടാസിനെ ഈ വിവരം നേരിട്ട് അറിയിച്ചത്. പുതിയ ലേഖകനെ കുറിച്ച് തനിക്കുള്ള അഭിപ്രായം ശരിയാണെന്ന തരത്തിലുള്ള സൂചനയോടെയാണ് വിജയേട്ടൻ മറ്റുള്ളവരുമായി ഇക്കാര്യം പങ്കുവെച്ചത്.

കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ച് ഏതാനും മാസങ്ങൾകൊണ്ട് അവിടെയുള്ള രാഷ്ട്രീയ മാധ്യമ രംഗത്തുള്ളവർക്ക് ബ്രിട്ടാസ് പ്രിയപ്പെട്ടവനായി. ആയിടയ്ക്കാണ് ബ്രിട്ടാസിന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ വലിയൊരു സംഭവം ഉണ്ടാകുന്നത്. അതിലെ ഔദ്യോഗിക സാക്ഷികളിൽ ഒരാളായിരുന്നു ഞാൻ എന്നതുകൊണ്ട് ആ സംഭവത്തിന്റെ എല്ലാ വശങ്ങളും എനിക്ക് ഇന്നും ഓർമ്മയുണ്ട്. ദൂരദർശൻ മാത്രമാണ് ടെലിവിഷൻ ചാനലായി അന്നുള്ളത്. ടിവി ആകട്ടെ ബ്ലാക്ക് ആൻഡ് വൈറ്റ്. കണ്ണൂർ ജില്ലയിലെ മാത്രമല്ല സമീപ ജില്ലകളിലെ പോലും ആൾക്കാർ ആശ്രയിച്ചിരുന്നത് കണ്ണൂർ ജില്ലാ ആശുപത്രിയെയാണ്. രോഗികളായി ഒരു ജനക്കൂട്ടം തന്നെ എന്നുമുണ്ടാകും. ദൂരദർശനിൽ രാമാനന്ദ സാഗറിന്റെ രാമായണം പൊടിപൊടിക്കുന്ന കാലം. നൂറുകണക്കിന് രോഗികൾ ക്യൂവിൽ നിൽക്കുമ്പോഴും രാമായണം സംപ്രേഷണം ചെയ്യുന്ന ഒരു മണിക്കൂർ അത് കാണാൻ വേണ്ടി ഡോക്ടർമാർ ഒരു മുറിയിൽ കയറി ഇരിക്കും. ഈ വിവരമറിഞ്ഞ ബ്രിട്ടാസ് രഹസ്യമായി ഫോട്ടോഗ്രാഫർ ജയദേവനെയും കൊണ്ട് ജില്ലാ ആശുപത്രിയിലെത്തി. ആരുടെയും ശ്രദ്ധ ആകർഷിക്കാതെ ഡോക്ടർമാരുടെ അനധികൃത ടെലിവിഷൻ മുറിയിൽ ഇരുവരും തള്ളിക്കയറി. ചാരിക്കിടന്ന് ടെലിവിഷൻ ആസ്വദിക്കുന്ന ഡോക്ടർമാരുടെ ചിത്രം പകർത്തി. ഫ്ലാഷ് മിന്നിയപ്പോൾ ഡോക്ടർമാരും സിൽബന്ധികളും അപകടം മണത്തു. ക്യാമറയുമായി ജയദേവനെ രക്ഷപ്പെടുത്താനാണ് ബ്രിട്ടാസ് തുനിഞ്ഞത്.അപ്പോഴേക്കും ഡോക്ടർമാരും സഹായികളും ബ്രിട്ടാസിനെ പിടിച്ച് ഒരു മുറിയിൽ അടച്ചു. ക്യാമറാമാനും ക്യാമറയും തെളിവോടെ പുറത്തേക്ക് പോയി എന്ന സമാധാനത്തിൽ ബ്രിട്ടാസ് ഊറി ചിരിക്കുകയായിരുന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് കണ്ണൂരിലെ മറ്റ് മാധ്യമ പ്രവർത്തകരും ഞാനും ഡിസി ഓഫീസിലുള്ളവരും ജില്ലാ ആശുപത്രിയിലേക്ക് കുതിച്ചെത്തി. അപകടം മണത്ത ആശുപത്രി അധികൃതർ ബ്രിട്ടാസിനെ തുറന്ന് വിട്ട് തടിയൂരി.

പിറ്റേന്നത്തെ ദേശാഭിമാനിയുടെ ഒന്നാം പേജിൽ ഇതായിരുന്നു പ്രധാന വാർത്തയും ചിത്രവും. കോടിയേരി ബാലകൃഷ്ണൻ ഇത് പ്രാധാന്യത്തോടെ സഭയിൽ ഉയർത്തുകയും ആരോഗ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇനിയാണ് രസകരമായ കാര്യം. പ്രധാന സാക്ഷികളായി വിളിപ്പിക്കപ്പെട്ടവരിൽ ഒരാൾ ഞാനായിരുന്നു. വാലും തലയും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു. പ്രതാപികളായ ഡോക്ടർ പ്രഭാകരനും ഡോക്ടർ പി.പി.സി നമ്പ്യാരും ഉൾപ്പെടെയുള്ളവരായിരുന്നു പ്രതികൾ. എന്റെ മൊഴിയിലെ പൊരുത്തക്കേടും അവരുടെ സ്വാധീനവുമൊക്കെ ആയിരിക്കാം വലിയ പരിക്കില്ലാതെ ഡോക്ടർമാർ രക്ഷപ്പെട്ടു. അന്വേഷണ റിപ്പോർട്ട് വരുന്നതിനു മുമ്പ് തന്നെ ബ്രിട്ടാസിന് ഡൽഹിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതുകൊണ്ട് തന്നെ ഈ നടപടിക്രമങ്ങൾക്കൊന്നും അയാൾ പ്രാധാന്യം കല്പിച്ചില്ല. പക്ഷേ എന്റെ മൊഴിയും അതിലെ പഴുതുകളും ഞങ്ങളുടെ വൃത്തത്തിൽ തമാശ ഇനമായി പിന്നെയും തുടർന്നു കുറേക്കാലം.

ദേശാഭിമാനിയുടെ ലേഖകനായി ഡൽഹിയിലേക്ക് മാറിയിട്ടും ഞങ്ങളുടെ സൗഹൃദം ദൃഢമായി തുടർന്നു . ഡൽഹിയിലേക്ക് പുറപ്പെടും മുൻപ് തണുപ്പിനെ നേരിടാൻ കണ്ണൂരിലെ പ്രശസ്തമായിരുന്ന കർസൻദാസിൽ നിന്ന് കമ്പിളിക്കുപ്പായം വാങ്ങിയതും ഡൽഹിയിലേക്ക് ട്രെയിൻ കയറ്റി വിട്ടതുമെല്ലാം ഓർമ്മകളാണ് . ഡൽഹിയിൽ നിന്ന് ബ്രിട്ടാസ് അയച്ചിരുന്ന കത്തുകളിലൂടെ ഞാനാ നാടിനെയും അവിടുത്തെ ജീവിതത്തെയും പഠിക്കുകയായിരുന്നു . ബ്രിട്ടാസിന്റെ് കുടുംബത്തോടും ഏറെ അടുപ്പമുണ്ടായിരുന്നു . അദ്ദേഹത്തിന്റെ ജീവിതസഖിയായ ഷീബേച്ചി എനിക്ക് സഹോദരിതുല്യയാണ് .

സഖാവ് എം.എ.ബേബിയോടൊപ്പമാണ് ഞാൻ ആദ്യമായി ഡൽഹിയിൽ പോവുന്നത് ബ്രിട്ടാസിന്റെ വസതിയിലായിരുന്നു അന്ന് താമസിച്ചത് . പ്രമുഖ പത്രപ്രവർത്തകനായ എൻ.പി.ഉല്ലേഖിന്റെ കുടുംബവുമായും എനിക്കുള്ളത് പോലെ ബ്രിട്ടാസിനും ആഴമേറിയ അടുപ്പമാണുണ്ടായിരുന്നത് . ഉല്ലേഖിന്റെ അമ്മ മൃദുല ടീച്ചറും,സഹോദരങ്ങളായ മുഗ്ദയും, പുഷ്യരാഗുമൊക്കെ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.

മൃദുല ടീച്ചറിനും ജോൺ ബ്രിട്ടാസിനുമൊപ്പം

എനിക്കേറെ അടുപ്പമുണ്ടായിരുന്ന ടി പത്മനാഭനും ബ്രിട്ടാസിനോട് ഏറെ വാൽസല്യമുണ്ടായിരുന്നു. പപ്പേട്ടനുമായുള്ള കൂടിക്കാഴ്ച്ചകളിലും ഫോൺ സംസാരങ്ങളിലുമെല്ലാം ബ്രിട്ടാസ് എപ്പോഴും കടന്നു വരുമായിരുന്നു. വിമർശന കലയുടെ ഉന്നത ശിരസ്സായിരുന്ന കെ.പി.അപ്പൻ സാറിനും ബ്രിട്ടാസ് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അപ്പൻ സാറിന് ചില പുസ്തകങ്ങൾ ബ്രിട്ടാസ് കൈമാറിയത് ഞാൻ ഓർക്കുന്നു. അദ്ദേഹം ആർസിസിയിൽ അർബുദ ചികിൽസയിലായിരുന്ന സമയത്തുടനീളം ബ്രിട്ടാസ്, സാറിനെ തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടേയിരുന്നു . അപ്പൻ സാറിനെ കൈരളിയിൽ ഇന്റർവ്യൂ ചെയ്യണമെന്ന ആഗ്രഹം നടക്കാതെ പോയത് ബ്രിട്ടാസിന്റെ വലിയ നിരാശ ആയിരുന്നു . ഉന്നത വ്യക്തികളുമായുള്ള ബന്ധത്തെക്കുറിച്ച് ബ്രിട്ടാസ് ഒരിക്കലും പറയാറില്ല. ഉദാഹരണത്തിന് കമലഹാസന് ബ്രിട്ടാസിനെ വലിയ ഇഷ്ടമാണ്. ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുമ്പോ‍ഴൊക്കെ ബ്രിട്ടാസിനെക്കുറിച്ച് ചോദിക്കാറുണ്ട്.

ദേശാഭിമാനി ഡൽഹി ബ്യൂറോയിൽ ഒട്ടേറെ പ്രഗത്ഭർ ജോലി ചെയ്തിട്ടുണ്ട് -നരീക്കുട്ടി മോഹനനെപ്പോലുള്ളവർ. എന്നാൽ ഏറ്റവും ചെറുപ്പത്തിൽ ഡൽഹി ബ്യൂറോയിൽ എത്തിയ ആൾ ബ്രിട്ടാസാണ്. അതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ അറിയാനും കേൾക്കാനുമുള്ള ഭാഗ്യമുണ്ടായി. കണ്ണൂരിൽ നിന്ന് ആര് ഡൽഹിയിൽ എത്തിയാലും അവരെ കാണാൻ ബ്രിട്ടാസ് പോയിരിക്കും. ആ സവിശേഷമായ ബന്ധം ഇന്നും കാത്ത് സൂക്ഷിക്കുന്നുണ്ട്.

ജോലി ചെയ്ത സ്ഥലങ്ങളിലൊക്കെ തന്റേതായ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് ബ്രിട്ടാസിന്. വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ബ്രിട്ടാസ് കേരളത്തിൽ എത്തി കൈരളിയുടെ ചുമതല ഏറ്റെടുത്തത്. മമ്മൂട്ടിയുമായി ചർച്ച ചെയ്താണ് ആ തീരുമാനം സഖാവ് പിണറായി വിജയൻ കൈക്കൊണ്ടതെന്ന് എനിക്കറിയാമായിരുന്നു. യാതൊരു മാനേജ്മെന്റ് പരിചയവുമില്ലാത്ത കേവലമൊരു പത്രക്കാരനെ പ്രതിസന്ധിയിലായ സ്ഥാപനത്തെ കരകേറ്റാൻ അതും വളരെ ചെറുപ്രായത്തിൽ അതിന്റെ തലപ്പത്ത് അവരോധിക്കുന്നതിനെക്കുറിച്ച് സഖാവ് പിണറായിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടതില്ല എന്ന് വ്യക്തം.

എൺപതുകളുടെ അന്ത്യത്തിൽ കണ്ണൂരിൽ കണ്ട കൊലുന്നനെയുള്ള ആ പയ്യന് അന്നുതന്നെ പിണറായി മാർക്കിട്ടിരുന്നല്ലോ! കൈരളി എംഡി സ്ഥാനത്ത് നിന്നും മറ്റൊരു സ്ഥാപനത്തിന്റെ ചാനൽ ഹെഡായി മാറിയപ്പോൾ പലർക്കും ആശയകുഴപ്പം ഉണ്ടായിരുന്നു. എന്നാൽ അത് പാർട്ടി അനുമതിയോടെ പോയതാണെന്നും പാർട്ടി ആവശ്യപ്പെടുന്ന മുറയ്ക്ക് മടങ്ങിവരുമെന്നും എനിക്കറിയാമായിരുന്നു. ഈ ഇടവേളയിൽ പോലും പാർട്ടിയുമായുള്ള ബന്ധത്തിൽ യാതൊരു വ്യത്യാസവും അയാൾ വരുത്തിയിരുന്നില്ല. സ്റ്റാർ ഇന്ത്യയിൽ വലിയ പദവികൾ ബ്രിട്ടാസിനെ കാത്തിരിക്കുന്നു എന്ന് അതിന്റെ ചുമതലക്കാർ സഖാവ് പിണറായിയെ അറിയിച്ചിട്ടും പാർട്ടി തീരുമാനം അംഗീകരിക്കുന്നതിൽ യാതൊരു വൈമുഖ്യവും ബ്രിട്ടാസ് പ്രകടിപ്പിച്ചില്ല . അയാൾ കൈരളിയിലേക്ക് മടങ്ങുകയും ചെയ്തു.മാധ്യമപ്രവർത്തനത്തിൽ താണ്ടിയ വഴികളെക്കുറിച്ചും പകർത്തിയ ഏടുകളെ കുറിച്ചും ഒരു പുസ്തകം എഴുതണം എന്ന് പലപ്പോഴും ഞാൻ പറയാറുണ്ട്. ചില സന്ദർഭങ്ങളിൽ ഒറ്റപ്പെട്ട ലേഖനം എഴുതുകയല്ലാതെ അതിൽ വലിയ ഊന്നൽ ഇതുവരെ നൽകി കണ്ടിട്ടില്ല. ഇ.എം.എസ്., ജ്യോതിബസു, സുർജിത് തുടങ്ങി മഹാരഥന്മാരോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട രസകരമായ പല നുറുങ്ങുകളുമുണ്ട്. എം.എ.ബേബിക്കൊപ്പം ഡൽഹിയിൽ പോയപ്പോൾ ഞാൻ സുർജിത്തിനെ കാണാൻ പോയത് ബ്രിട്ടാസിനോടൊപ്പമാണ്. കാലങ്ങളായി പേ‍ഴ്സിൽ സുർജിത്തിന്റെ പടം വെട്ടി സൂക്ഷിച്ചിരുന്നു. കൂടിക്കാഴ്ചയിൽ ബ്രിട്ടാസ് പേ‍ഴ്സ് വാങ്ങി സുർജിത്തിനെ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി.

കാലത്തിനൊപ്പം ചലിക്കുകയും സ്വയം നവീകരിക്കുകയും ചെയ്ത മാധ്യമപ്രവർത്തകനാണ് ബ്രിട്ടാസ്. മാധ്യമപ്രവർത്തനത്തിൽ നിന്നും മറ്റൊരു മേഖലയിലേക്കാണ് അദ്ദേഹമിപ്പോൾ ചുവടുവയ്ക്കുന്നത്. എന്നാൽ രണ്ടിനെയും വിളക്കിച്ചേർക്കുന്ന ഒരുപാട് കണ്ണികളുണ്ട്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പുതിയ ദൗത്യത്തിന് എന്തുകൊണ്ടും ഊർജ്ജം പകരുന്നതാണ് ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ ശക്തമായ പശ്ചാത്തലം. ഇതുവരെയുള്ള  എല്ലാ പടവുകളിലും തിളക്കമാർന്ന സംഭാവന നൽകിയ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. മൂന്നുപതിറ്റാണ്ടിന്റെ ആത്മബന്ധം എന്നിൽ നിക്ഷേപിച്ച ഉറപ്പിൽ നിന്നുള്ള ഗ്യാരന്റിയാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News