
കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്. സോണി സെബാസ്റ്റ്യന് എതിരായായ സൈബർ ആക്രമണത്തിന് പിന്നിൽ യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യുവെന്ന് തെളിഞ്ഞു.
ജോൺ ജോസഫ് എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് പി ടി മാത്യു പ്രചരണം നടത്തിയത്. സോണിയുടെ സ്വന്തം ഗ്രൂപ്പുകാരനായ പി ടി മാത്യുവാണ് പിന്നിൽ നിന്ന് കുത്തിയതെന്ന് അറിഞ്ഞ ഞെട്ടലിലാണ് കോൺഗ്രസ്സ് പ്രവർത്തകർ.
കോൺഗ്രസ്സിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്ന സമയത്തായിരുന്നു സോണി സെബാസ്റ്റ്യന് എതിരെ ഫേസ്ബുക്കിൽ വ്യാപകമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.ഐ ഗ്രൂപ്പുകാരാണ് ഇതിന് പിന്നിൽ എന്നായിരുന്നു എ ഗ്രൂപ്പ് നേതാക്കളുടെ പ്രതികരണം.
ജോൺ ജോസഫ് എന്ന പ്രൊഫെലിൽ നിന്നാണ് സോണി സെബാസ്റ്റ്യന് എതിരായ അഴിമതി കേസുകൾ കുത്തിപ്പൊക്കിയുള്ള പ്രചരണം നടന്നത്. ഇത് ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സോണി സെബാസ്റ്റ്യൻ സൈബർ സെല്ലിൽ പരാതി നൽകി. സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ പ്രൊഫൈലിൻ്റെ ഉടമ സോണിയുടെ വലം കൈയായ പിടി മാത്യുവെന്ന് തെളിഞ്ഞത്.
സത്യം മാത്രമാണ് പ്രചരിപ്പിച്ചത് എന്നാണ് പിടി മാത്യു പോലീസിന് നൽകിയ മൊഴി. അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥിയായി വരണോ എന്നായിരുന്നു മാർച്ച് 3 ന് ഇട്ട ഫേസ് ബുക്ക് പോസ്റ്റ്.
സോണി സെബാസ്റ്റ്യൻ പ്രതിയായ കൊപ്ര സംവരണ കേസിൻ്റെ വിശദാംശങ്ങൾ സഹിതമായിരുന്നു പോസ്റ്റ്. ഇരിക്കൂർ സീറ്റ് എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതിന് കാരണം കൊപ്ര കേസിലെ പ്രതിയെ സ്ഥാനാര്ഥിയാക്കണം എന്ന് വാശി പിടിച്ചത് കൊണ്ട് എന്നായിരുന്നു മറ്റൊരു പോസ്റ്റ്.
സോണി സെബാസ്റ്റ്യനായി ഇരിക്കൂർ സീറ്റിന് വേണ്ടി പരസ്യമായി വാദിക്കുകയും രഹസ്യമായി സീറ്റ് ലഭിക്കാതിരിക്കാൻ പ്രചാരണം നടത്തുകയും ചെയ്ത യു ഡി എഫ് ജില്ലാ ചെയർമാനെതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ്സ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here