
കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുമ്പോഴും രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ചു വ്യാജ വാര്‍ത്തളെ പറ്റിയാണ് ഷിംന കുറിച്ചിരിക്കുന്നത്.വാട്ട്‌സ്ആപ്പിലെ ചികിത്സയും സ്വൈര്യക്കേടുകളും നോക്കിയിരുന്ന് സ്വന്തം ജീവൻ അപകടത്തിലാക്കരുത്. വയ്യാണ്ടായാൽ വാട്ട്‌സ്ആപ്പ് നിങ്ങളെ നോക്കൂല, മെസേജയക്കുന്ന കേശവൻ മാമൻമാരെ ആ പരിസരത്ത് പോലും കാണൂല. അവരൊക്കെ ഇപ്പോ വാക്‌സിനെടുക്കാനുള്ള ക്യൂവിലാ…എന്നും ഷിംന

Dr.Shimna Azeez
1) “കോവിഡ് വാക്‌സിനേഷൻ എടുത്താൽ കുറച്ച് ദിവസത്തിന് കോവിഡ് ടെസ്‌റ്റ് പോസിറ്റീവ് കാണിക്കും”- തെറ്റാണ്.
ഇന്ത്യയിൽ പ്രധാനമായും നൽകുന്ന കോവിഷീൽഡ് വാക്‌സിനിൽ കോവിഡ് വൈറസിന്റെ ശരീരത്തിലെ ഒരു ഘടകം മാത്രമാണുള്ളത്. ഫൈസർ വാക്‌സിനിൽ രോഗാണുവിന്റെ ജനിതകവസ്‌തു മാത്രം. കോവാക്‌സിൻ, സൈനോഫാം എന്നിവയിൽ രോഗം ജനിപ്പിക്കാൻ ശേഷിയില്ലാത്ത inactivated കോവിഡ് 19 വൈറസുകൾ. ബാക്കി കമ്പനികളുടെ വാക്‌സിനുകളും സമാനം തന്നെ, എടുത്ത് പറയുന്നില്ലെന്ന് മാത്രം. ഇതൊന്നും തന്നെ രോഗമുണ്ടാക്കാൻ ശേഷിയുള്ള സംഗതികളല്ല. വാക്‌സിനേഷൻ എടുത്ത ശേഷം ടെസ്‌റ്റിൽ പോസിറ്റീവ് കിട്ടിയാൽ അതിനർത്‌ഥം രോഗാണു ശരീരത്തിൽ മറ്റേതോ വഴിയിലൂടെ കടന്നു എന്ന് തന്നെയാണ്. വാക്‌സിൻ കൊണ്ട് രോഗം വരില്ല.
2) ” നോബേൽ സമ്മാനജേതാവായ ജാപ്പനീസ് ശാസ്ത്രജ്ഞൻ താസുകു ഹോൻജോ കൊറോണ വൈറസ് മനുഷ്യനിർമ്മിതമാണെന്നും അതിന് പിന്നിൽ ഇസ്രയേൽ ആണെന്നും വ്യക്‌തമാക്കി”-
ഇത് ഫേക്ക് ന്യൂസ് ആണെന്നും താനങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തന്നെ ഒഫീഷ്യൽ സ്‌റ്റേറ്റ്‌മെന്റ് കൊടുത്തത് ഇന്റർനെറ്റിൽ കിടപ്പുണ്ട്. ഇതൊക്കെ എഴുതി വിടുന്നോർക്ക് എന്ത് സുഖമാണോ കിട്ടുന്നത് !
3) “കോവിഡ് വന്ന് ആശുപത്രിയിൽ കിടന്ന് രോഗ് മാറി തിരിച്ച് വന്നവർ കരിഞ്ചീരകം കഴിക്കാൻ പറഞ്ഞു, ക്ഷാരഗുണമുള്ള ഭക്ഷണം കഴിപ്പിച്ചു, വെയില് കൊള്ളിച്ചു, മുട്ട തീറ്റിച്ചു…blah blah blah” –
ഇതിനൊന്നും യാതൊരു ശാസ്‌ത്രീയ വശവുമില്ല. ഈ മെസേജിൽ പറഞ്ഞിരിക്കുന്ന പല സാധനങ്ങളുടേയും യഥാർത്‌ഥ pH അമ്ലഗുണമുള്ളതാണ്. pH അമ്ലഗുണം അല്ലെങ്കിൽ ക്ഷാരഗുണത്ത സൂചിപ്പിക്കുന്ന അളവാണ്. അതിന്റെ പരമാവധി 14 ആണെന്നിരിക്കേ, എങ്ങനെയാണ് 22 എന്ന pH നമ്പറൊക്കെ ഉണ്ടാകുന്നത്? ആ മെസേജ് അടിമുടി മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ്. ദയവ് ചെയ്‌ത് ഫോർവേഡ് ചെയ്യരുത്. ഈ മെസേജ് മുൻപൊരിക്കൽ വിശദമായി പൊളിച്ചെഴുതീട്ടുണ്ട്.
4) “ഇറ്റലിയിൽ ലോകാരോഗ്യസംഘടനയുടെ കണ്ണ് വെട്ടിച്ച് കോവിഡ് കാരണം മരണപ്പെട്ട രോഗിയുടെ ശരീരം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർമാർ ഞെട്ടി…കുറേ എന്തൊക്കെയോ കണ്ട് പിടിച്ചു, ഇറ്റലിക്കാർ രോഗം പിടിച്ച് കെട്ടി…”-
വിശദീകരണം മുൻപ് വിശദമായെഴുതുകയും ഈയിടെ റീപോസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഫേക്കാണ്.
5) “കൊറോണ വൈറസില്ല, കോവിഡ് 19 എന്ന രോഗമില്ല, ബിൽ ഗേറ്റ്‌സ് പ്ലാൻ ചെയ്‌ത പരിപാടിയാണ്, സർവ്വത്ര ഗൂഢാലോചനയാണ്, കുഴപ്പമാണ്”- തെറ്റാണ്.
കോവിഡ് 19 രോഗമുണ്ടാക്കുന്ന SARS COV 2 വൈറസിനെ ഇന്ത്യയിലുൾപ്പെടെ ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് വിശദമായി കാണുകയും കൃത്യമായി പഠിക്കുകയും ചെയ്‌തിട്ടുണ്ട്. ലോകത്ത് പതിനാല് കോടിയിലേറെ പേരെ ബാധിച്ച്, അവരിൽ മുപ്പത് ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത രോഗത്തെക്കുറിച്ച് അങ്ങനൊരു സാധനമേ ഇല്ലാന്ന് പറഞ്ഞ് വരുന്നവരെ ഈ ഏരിയയിൽ അടുപ്പിച്ചേക്കരുത്. രോഗത്തോടൊപ്പം ഈ ടൈപ്പ് ആൾക്കാരിൽ നിന്നും കൂടി പ്രതിരോധം നേടാൻ ശ്രദ്ധിക്കുക.
ഇവിടം കൊണ്ടൊന്നും തീർന്നിട്ടല്ല. ബാക്കി കാര്യങ്ങൾ പറഞ്ഞോണ്ട് ഇനീം ഈ വഴി വരാം. അത് വരെ, മാസ്ക് ശരിയായ രീതിയിൽ കൃത്യമായി ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ശാരീരിക അകലം പാലിക്കുക, വാക്‌സിനേഷൻ എടുക്കുക.വാട്ട്‌സ്ആപ്പിലെ ചികിത്സയും സ്വൈര്യക്കേടുകളും നോക്കിയിരുന്ന് സ്വന്തം ജീവൻ അപകടത്തിലാക്കരുത്. വയ്യാണ്ടായാൽ വാട്ട്‌സ്ആപ്പ് നിങ്ങളെ നോക്കൂല, മെസേജയക്കുന്ന കേശവൻ മാമൻമാരെ ആ പരിസരത്ത് പോലും കാണൂല. അവരൊക്കെ ഇപ്പോ വാക്‌സിനെടുക്കാനുള്ള ക്യൂവിലാ…
Dr. Shimna Azeez

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here